Community
എയര്‍ ഇന്ത്യാ നടപടി പ്രതിഷേധാര്‍ഹം: കുവാഖ്
ദോഹ: ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റുകള്‍ അടിക്കടി റദ്ദാക്കിയ എയര്‍ ഇന്ത്യാ നടപടിയില്‍ കുവാഖ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ടിക്കറ്റ് നിരക്ക് നാലിരട്ടിയും അഞ്ചിരട്ടിയുമൊക്കെയായി പ്രവാസികളെ ഇതിനോടകം തന്നെ ചൂഷണം ചെയ്യുന്ന വിമാനകമ്പനി സര്‍വീസുകള്‍ മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കുന്നത് ഇരുട്ടടി സമ്മാനിച്ചിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ മാറി മാറി വന്നാലും പ്രവാസികളെ ഏറ്റവും സാരമായി ബാധിക്കുന്ന യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആരും തന്നെ നടപടിയുമായി മുന്നോട്ട് വരുന്നില്ല എന്നത് വേദനാജനകമാണ്.
ഇതിനോടകം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കണ്ണൂര്‍ വിമാനത്താവളം ഇന്ത്യന്‍ വിമാനകമ്പനികളുടെ സര്‍വീസിനെ മാത്രം ആശ്രയിച്ചു വരുന്നതിനാല്‍ സര്‍വീസ് റദ്ദാക്കല്‍ നടപടി കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്പ്പിനെ തന്നെ സാരമായി ബാധിക്കും എന്ന് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അഭിപ്രായപ്പെട്ടു.
യോഗത്തിന് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അമിത്ത് രാമകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.