Sports
കൊച്ചിയെ ആവേശത്തിലാക്കാന്‍ ഫൈവ്‌സ് മത്സരവുമായി അപ്പോളോ ടയേഴ്സ്

കൊച്ചി: മുന്‍നിര ടയര്‍ നിര്‍മാതാക്കളായ അപ്പോളോ ടയേഴ്സ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ സഹകരണത്തോടെ നടത്തുന്ന ഫൈവ്സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ടു. ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ”റോഡ് റ്റു ഓള്‍ഡ് ട്രാഫോര്‍ഡ്” എന്ന ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള മത്സരം മാര്‍ച്ച് 24ന് കൊച്ചിയിലെ യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കും.


ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാര്‍ക്ക് യു കെയിലെ മാഞ്ചസ്റ്റര്‍ നഗരത്തിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടും അവിടുത്തെ ഐതിഹാസിക ഫുട്‌ബോള്‍ മൈതാനവുമായ ഓള്‍ഡ് ട്രാഫോഡില്‍ പന്തുതട്ടാനുള്ള സ്വപ്നതുല്യമായ ഭാഗ്യവും കാത്തിരിക്കുന്നു. മെയ് 31ന് അവിടെ നടക്കുന്ന മത്സരത്തിലായിരിക്കും ടൂര്‍ണമെന്റിലെ ആഗോളതല ജേതാക്കളെ തീരുമാനിക്കപ്പെടുക.

ഇന്ത്യയിലെ ആറ് നഗരങ്ങളിലാണ് ദേശീയതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഡല്‍ഹി, പുണെ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സജ്ജമായിട്ടുള്ളത്. ഈ നഗരങ്ങളിലെ പ്രാഥമിക മത്സരങ്ങളില്‍ ജയിക്കുന്നവര്‍ ചെന്നൈയില്‍ നടക്കുന്ന ദേശീയ ഫൈനലില്‍ ഏറ്റുമുട്ടും.


ലോകത്തിലെ ഏറ്റവും വിജയകരമായ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അവരുടെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിന് സമ്പന്നമായ ചരിത്രവും അതീവഹൃദ്യമായ ആരാധകരുമാണുള്ളത്. അവിടെ കാല്‍പന്ത് കളിക്കാന്‍ കിട്ടുന്ന അവസരം അഭിമാനകരമാണെന്ന് അപ്പോളോ ടയേഴ്സ് ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളുടെ ചുമതലയുള്ള മാര്‍ക്കറ്റിംഗ് വിഭാഗം ഗ്രൂപ്പ് ഹെഡ് വിക്രം ഗര്‍ഗ്ഗ പറഞ്ഞു. ”റോഡ് റ്റു ഓള്‍ഡ് ട്രാഫോര്‍ഡ്” എന്ന പരമ്പരയിലൂടെ ഇന്ത്യക്കാരുടെ ഫുട്ബാളിനോടുള്ള അഭിനിവേശം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനും രാജ്യത്തിനകത്തെ പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അവരുടെ മികവ് പ്രകടിപ്പിക്കാനുള്ള ഒരവസരം നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരായ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കഴിവുകള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഈ ഉദ്യമം പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
റോഡ് റ്റു ഓള്‍ഡ് ട്രാഫോര്‍ഡിന്റെ 2023ല്‍ നടന്ന മുന്‍ പതിപ്പില്‍ മുംബൈയില്‍ നിന്നുള്ള കലീന റേഞ്ചേഴ്‌സ് ആയിരുന്നു വിജയികള്‍. ദേശീയതലത്തിലും ഒന്നാം സ്ഥാനത്തെത്തിയാണ് അവര്‍ ആഗോളതലത്തിലും കപ്പടിച്ചത്. പകരംവെയ്ക്കാനില്ലാത്ത ഫുട്‌ബോള്‍ മികവാണ് കലീന റേഞ്ചേഴ്‌സ് അന്ന് പുറത്തെടുത്തത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെ ഇതിഹാസ താരങ്ങളായ ദിമിറ്റര്‍ ബെര്‍ബെറ്റോവ്, ട്രെബില്‍ ജേതാക്കളായ വെസ് ബ്രൗണ്‍, ആന്‍ഡി കോള്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റെനഡി സിംഗ്, ജെജെ ലാല്‍പെക്ലുവ, റോബിന്‍ സിങ്, തന്വി ഹാന്‍സ് എന്നിവരായിരുന്നു കലീന റേഞ്ചേഴ്‌സിന്റെ എതിരാളികള്‍.
റോഡ് റ്റു ഓള്‍ഡ് ട്രാഫോര്‍ഡ് പരമ്പരയില്‍ ജയിച്ചതിലും മാഞ്ചസ്റ്ററിലും ഇന്ത്യയിലുമുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിയ്ക്കാന്‍ സാധിച്ചതിലും അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നായിരുന്നു കലീന റേഞ്ചേഴ്‌സ് ടീമിന്റെ മാനേജരും കോച്ചുമായ പ്രിത്വി വിക്ടര്‍ അന്ന് പ്രതികരിച്ചത്. ടീമിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി അവസരമൊരുക്കി സഹായിച്ച അപ്പോളോ ടയേഴ്‌സിനോടുള്ള നന്ദിയും അവര്‍ അറിയിച്ചു.
ഇക്കൊല്ലത്തെ റോഡ് റ്റു ഓള്‍ഡ് ട്രാഫോര്‍ഡ് പരമ്പരയ്ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. താല്പര്യമുള്ള ടീമുകള്‍ക്ക് https://www.apollotyres.com/en-in/stories/campaigns/sports/road-to-old-trafford/rtot-consumer-contest/ എന്ന വെബ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.


