Special
ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍; നേരത്തെ തിരിച്ചറിയാം!

കുട്ടികളില്‍ കാണപ്പെടുന്ന വിവിധതരം ശാരീരിക, മാനസിക വളര്‍ച്ച തകരാറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ എസ് ഡി). സാമൂഹ്യ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മുതല്‍ പെരുമാറ്റ വൈകല്യങ്ങള്‍ വരെ നീളുന്ന നിരവധി ലക്ഷണങ്ങളാണ് എ എസ് ഡിക്കുള്ളത്. ഇതുമൂലം വ്യക്തികളിലും അവരുടെ കുടുംബങ്ങളിലും നിരവധിയായ വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ ലേഖനത്തിലൂടെ എ എസ് ഡിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മനസിലാക്കാം.


# എന്താണ് എ എസ് ഡി

നേരത്തെ പറഞ്ഞത് പോലെ കുട്ടികളില്‍ കാണപ്പെടുന്ന ശാരീരികവും മാനസികവുമായ വളര്‍ച്ച തകരാറുകളാണ് എ എസ് ഡി. സാമൂഹ്യ ഇടപെടലില്‍ ഉണ്ടാവുന്ന വെല്ലുവിളികള്‍, ആശയ വിനിമയം, പെരുമാറ്റം എന്നിവയിലുണ്ടാവുന്ന വൈകല്യങ്ങള്‍ എന്നിവയെല്ലാം എ എസ് ഡിയുടെ ഭാഗമായി ഉണ്ടാകാം. അതേസമയം ലക്ഷണങ്ങളുടെ വൈവിധ്യവും അവയുടെ തീവ്രതയിലുള്ള വ്യത്യാസവും ഉള്ളതു കൊണ്ടാണ് ഓട്ടിസത്തെ നിര്‍വചിക്കാന്‍ വിശാലമായ അര്‍ഥം വരുന്ന സ്‌പെക്ട്രം എന്ന പദം ഉപയോഗിക്കുന്നത്. കുട്ടികളില്‍ മൂന്നു വയസ്സിനുള്ളില്‍ കണ്ടെത്തുന്ന ഇത്തരം ലക്ഷണങ്ങള്‍ വ്യക്തിയുടെ ജീവിതകാലം മുഴുവന്‍ തുടരുകയാണ് ചെയ്യുന്നത്.


# ലക്ഷണങ്ങള്‍ തിരിച്ചറിയാം
ഭാഷ വികാസം വൈകുക, എക്കോലാലിയ (വാക്കുകള്‍ ആവര്‍ത്തിക്കുക) എന്നിവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങള്‍. കൈകള്‍ വട്ടം കറക്കുക, കൈകള്‍ തിരിക്കുകയും മറിക്കുകയും ചെയ്യുക പോലുള്ള കാര്യങ്ങള്‍ ഈ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ ആവര്‍ത്തിച്ചു ചെയ്യുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. എ എസ് ഡി ലക്ഷണങ്ങള്‍ ഉള്ള കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റീവിറ്റിയും ഹൈപ്പോസെന്‍സിറ്റിവിറ്റിയും കണ്ടുവരുന്നുണ്ട്. ഇന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ തലച്ചോറില്‍ കൃത്യമായ പ്രതികരണം സൃഷ്ടിക്കാത്തതിനാല്‍ ഇവരില്‍ പ്രതികരണം കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ സ്പര്‍ശനം, വെളിച്ചം, ശബ്ദം എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ പ്രത്യേക വിഷയങ്ങളോടോ വസ്തുക്കളോടോ അമിതമായ താത്പര്യവും കാണാറുണ്ട്. ആശയ വിനിമയത്തില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് മറ്റൊരു പ്രധാന ലക്ഷണം. വാക്കുകളോ ആംഗ്യങ്ങളോ മനസിലാക്കാനും ഇവര്‍ക്ക് ബുദ്ധിമുട്ടുന്നു. ഇതു കൊണ്ട് തന്നെ ഇവര്‍ക്ക് കൂട്ടുകൂടാനുള്ള കഴിവും കുറവാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് യഥാവിധത്തിലുള്ള വൈദ്യസഹായ ഉറപ്പിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമാണ്.
# കാരണങ്ങള്‍ എന്തൊക്കെ?
ഓട്ടിസത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ ജനിതക കാരണങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, ജനന സമയത്തെ കുറഞ്ഞ ഭാരം, ഗര്‍ഭകാലത്ത് അമ്മയിലുണ്ടാവുന്ന പ്രമേഹം എന്നിവ ഓട്ടിസത്തിന് കാരണമാവുന്നുണ്ട് എന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മാതാപിതാക്കളുടെ പ്രായക്കൂടുതല്‍ കുട്ടികളില്‍ ഓട്ടിസം സാധ്യത വര്‍ധിപ്പിക്കുന്നുണ്ടൈന്നും ശാസ്ത്രജ്ഞരുടെ നിഗമനം. കൃത്യമായ ആശയവിനിമയമില്ലാതെ, കൂടുതല്‍ സമയം ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സമയം ചെലവഴിക്കുന്ന വളരുന്ന കുട്ടികളില്‍ കണ്ടുവരുന്ന വിര്‍ച്വല്‍ ഓട്ടിസം എന്ന അവസ്ഥയിലും എ എസ് ഡിയുടെ വിവിധ ലക്ഷണങ്ങള്‍ കണ്ടേക്കാം. നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
# യഥാസമയത്തെ രോഗനിര്‍ണയം നടത്താം
ഇന്ദ്രിയ പ്രവര്‍ത്തനങ്ങളിലെ വ്യതിയാനങ്ങള്‍, ഉദ്ധീപനങ്ങളില്‍ ഉണ്ടാവുന്ന വൈമുഖ്യം, ആശയ വിനിമയത്തിനുള്ള ബുദ്ധിമുട്ട്, സാമൂഹ്യമായി ഇടപഴകാന്‍ സാധിക്കാതെ വരിക, ചലന പ്രശ്‌നങ്ങള്‍, അസാധാരണ പ്രതികരണങ്ങള്‍ എന്നിവയാണ് പ്രധാനമായ പ്രാഥമിക ലക്ഷണങ്ങള്‍. പേര് വിളിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുക, പ്രത്യേക ശബ്ദങ്ങളോടോ കാര്യങ്ങളോടോ ഉള്ള ശക്തമായ പ്രതികരണം എന്നിവയും കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ കുട്ടികള്‍ പ്രകടിപ്പിച്ചാല്‍ ഫിസിഷ്യനെയോ പീടിയാട്രിഷ്യനെയോ യഥാസമയം ബന്ധപ്പെടണം. കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ യഥാസമയം കണ്ടെത്തുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വലുതാണ്.
# മാതാപിതാക്കളുടെ കടമ
ഓട്ടിസം ബാധിതരായ കുട്ടികളുടെ തെറാപ്പി സെഷനുകളില്‍ മാതാപിതാക്കളുടെ സാന്നിധ്യം ഉണ്ടാകുന്നത് രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഏറെ ഗുണം ചെയ്യും. തെറാപ്പിയിലൂടെ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് പൂര്‍ണത ലഭിക്കാന്‍ അവര്‍ക്കിഷ്ടപ്പെടുന്ന വിധത്തിലുള്ള ക്രമീകരണങ്ങള്‍ വീടുകളിലും ഒരുക്കേണ്ടതുണ്ട്. ഇതുവഴി കുട്ടികളിലെ വളര്‍ച്ച പോരായ്മകളെ ലഘൂകരിക്കാന്‍ സാധിക്കും.
# ഭേദപ്പെടുത്താന്‍ സാധിക്കുമോ?
ഓട്ടിസത്തില്‍ നിന്ന് പൂര്‍ണ മുക്തി ഉറപ്പു നല്‍കുന്ന ചികിത്സ രീതികളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ രോഗ ലക്ഷണങ്ങളുടെ തീവ്രത കുറക്കുന്നതിനായി വിവിധ തെറാപ്പികള്‍ നിലവിലുണ്ട്. ഡെവലപ്പ്‌മെന്റല്‍ പീഡിയാട്രിഷന്റെയോ ക്ലിനിക്കല്‍ സൈജിക്കോളജിസ്റ്റിന്റെയോ സഹായത്തോടെ കുട്ടിയുടെ ലക്ഷണങ്ങള്‍ക്ക് അനുസൃതമായുള്ള ചികിത്സ വിധി തയ്യാറാക്കാന്‍ സാധിക്കും. സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, അപ്ലൈഡ് ബിഹേവിയറല്‍ അനാലിസിസ് (എ ബി എ) തുടങ്ങിയ വിവിധ തെറാപ്പികളും ഓട്ടിസം ബാധിതരായ കുട്ടികളുടെ പുനരധിവാസത്തില്‍ വലിയ തോതില്‍ ഗുണം ചെയ്യും. ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് എ ബി എ. കുട്ടികളില്‍ ചെറിയ ചെറിയ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നല്‍കുന്ന പരിശീലനം നല്‍കുന്നു.
ആശയവിനിമയ രീതികള്‍, സാമൂഹ്യമായ ഇടപെടലുകള്‍ എന്നിവയെല്ലാം വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കാണ് എ ബി എക്കുള്ളത്. കുട്ടികളിലെ സംസാര വൈകല്യങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ പ്രാധാന്യമാണ് സ്പീച്ച് തെറാപ്പിക്കുള്ളത്. ഓട്ടിസം കുട്ടികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് ദൈനംദിന കാര്യങ്ങള്‍ ഉള്‍പ്പെടെ സ്വന്തമായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം. ഒക്യുപ്പേഷണല്‍ തെറാപ്പിയിലൂടെ ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയും.
ഓട്ടിസം ബാധിതരായ കുട്ടികള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കാനും അതില്‍ മികവ് നേടാനും ആവശ്യമായ പ്രോത്സാഹനവും ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. ഓട്ടിസം എന്ന അവസ്ഥയുടെ വ്യാപ്തിയും വൈവിധ്യവും മനസിലാക്കി യഥാസമയം രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക, മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പിക്കുക, ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നത് പ്രധാനമാണ്. ബോധവത്കരണം വഴിയും സമൂഹത്തില്‍ അവരുടെ ഇടം ഉറപ്പിക്കുക വഴിയും ഓട്ടിസം ബാധിതര്‍ക്ക് അവരുടേതായ രീതിയില്‍ വളരാനും സാമൂഹ്യമായി വികസിക്കാനും സഹായകമായ ഒരു സമൂഹത്തെ നാം തയ്യാറാക്കേണ്ടതുണ്ട്.
ദിവ്യ കൃഷ്ണ, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് ആന്‍ഡ് ബിഹേവിയര്‍ അനലിസ്റ്റ്, പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ്, കൊച്ചി


