Connect with us

NEWS

ഓട്ടോറിക്ഷ തൊഴിലാളിയെ വെട്ടി ക്കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയില്‍

Published

on


കോഴിക്കോട്: നഗരത്തില്‍ പണിക്കര്‍ റോഡില്‍ ഓട്ടോറിക്ഷ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സിറ്റി പൊലീസ് കമ്മീഷണര്‍ ഡി ഐ ജി രാജ്പാല്‍മീണയുടെ നിര്‍ദേശപ്രകാരം ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ഹരീഷ് എയും ഡി സി പി അനൂജ് പലിവാളിന് കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പിടി കൂടിയത്.

വെള്ളയില്‍ സ്വദേശി കാന്തന്‍ എന്ന ശ്രീകാന്ത് ആണ് 28-ാം തിയ്യതി രാവിലെ 5:45 മണിയോടെ പണിക്കര്‍ റോഡ്- ഗാന്ധി റോഡില്‍ കണ്ണന്‍കടവ് വെച്ച് കൊല്ലപ്പെട്ടത്. തലേന്ന് പുലര്‍ച്ചെ പന്ത്രണ്ടരമണിയോടെ കേരളാ സോപ്‌സിന്റെ പിറക് വശം ഗെയിറ്റിന് സമീപം പാര്‍ക്ക് ചെയ്ത ശ്രീകാന്തിന്റെ വെള്ള സാന്‍ട്രോ കാര്‍ പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. അതിന് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെ പിറ്റേന്ന് അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ശ്രീകാന്ത് കൊല്ലപ്പെടുന്നതും. റോഡിന്റെ എതിര്‍വശത്തായിരുന്നു ബോഡി കാണപ്പെട്ടത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു.

രാപ്പകലില്ലാതെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് മുപ്പത്താറ് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാനായത്. ഇരു സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ പ്രതികളായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിരവിധി സി സി ടി വി ക്യാമറകളും മറ്റുശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്കെത്തിയത്.

കൊല്ലപ്പെട്ട ശ്രീകാന്ത്, പ്രഭുരാജ് വധക്കേസുള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ പ്രതിയായിരുന്നു. അത്തരം കേസുകളുമായി ബന്ധപ്പെട്ട ആരെങ്കിലുമായിരിക്കുമോ കൃത്യത്തിന് പിന്നിലെന്ന് സംശയിച്ചെങ്കിലും അന്വേഷണത്തില്‍ അല്ലെന്ന് ബോധ്യമാവുകയും പിന്നീട് ശ്രീകാന്തുമായി ശത്രുതയുള്ളവരെ കുറിച്ച് അന്വേഷിച്ചു വരവെ സി സി ടി വി ദൃശ്യങ്ങളില്‍ അവിനിസ് സ്‌കൂട്ടറിന്റെ സാന്നിധ്യം മനസ്സിലാവുകയും പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.

കൂടുതല്‍ അന്വേഷണത്തില്‍ പ്രതിയുടെ മാതാവിനോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതും മറ്റും പൊലീസിന് വിവരം ലഭിച്ചു. 27ന് പുലര്‍ച്ചെ കാര്‍ കത്തിച്ചിട്ടും പക തീരാത്ത ധനേഷ് രാത്രി ഹാര്‍ബറില്‍ വെച്ച് മദ്യപിക്കുകയായിരുന്ന ശ്രീകാന്തിനെയും കൊല്ലപ്പെട്ട സമയത്ത് ഓട്ടോയില്‍ ഉണ്ടായിരുന്ന ജിതിനെയും കാണുകയുണ്ടായി. പിന്നീട് മൂന്നു മണിയോടെ വീട്ടില്‍പോയ ധനേഷ് ശ്രീകാന്തിനെ വകവരുത്താന്‍ തയ്യാറായി തിരികെ ഹാര്‍ബറിലേക്ക് വന്നെങ്കിലും ശ്രീകാന്തിന്റെ സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ അവസരത്തിനായി കാത്തുനിന്നു. അഞ്ചരയോടെ ഓട്ടോയില്‍ ശ്രീകാന്ത് പുറത്തേക്ക് പോകുന്നത് കണ്ട് പിന്നാലെ പോയി ഓട്ടോ നിര്‍ത്തി വിശ്രമിക്കുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മല്‍പ്പിടുത്തത്തിനിടെ റോഡിന്റെ എതിര്‍വശത്ത് ഫുട്പാത്തില്‍ വീണ ശ്രീകാന്തിന്റെ മരണം ഉറപ്പ് വരുത്തിയതിന് ശേഷം വാഹനം സമീപത്തുള്ള ഇടവഴിലൂടെ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ബന്ധുവാണ് കൊല്ലപ്പെട്ട ശ്രീകാന്ത്.

പിടികൂടുമ്പോള്‍ കുറ്റം നിഷേധിച്ച പ്രതിയെ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ഷാഫി പറമ്പത്ത്ത്ത്, പ്രശാന്ത്കുമാര്‍ എ, ഷാലു എം, സുജിത്ത്, വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ ഭാവിഷ് ബി എസ്, എ എസ് ഐ ദീപു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി ദീപു, സൈബര്‍ സെല്ലിലെ രൂപേഷ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


error: Content is protected !!