Connect with us

Sports

പൊരുതിവീണ് ബ്ലാസ്റ്റേഴ്സ്

Published

on


കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഐ ലീഗ് ക്ലബ്ബായ ശ്രീനിധി ഡെക്കാനോട് രണ്ട് ഗോളിന് പൊരുതിവീണു. ആദ്യപകുതിയില്‍ റില്‍വാന്‍ ഹസനും ഡേവിഡ് കസ്റ്റാനെഡ മുനോസുമാണ് ശ്രീനിധിക്കായി ലക്ഷ്യം കണ്ടത്. തോല്‍വിയോടെ എ ഗ്രൂപ്പില്‍ ഒരു ജയവും തോല്‍വിയും ഉള്‍പ്പെടെ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏപ്രില്‍ 16ന് ബെംഗളൂരു എഫ്. സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.

റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരായി അണിനിരന്ന നിരയില്‍നിന്നും വലിയ മാറ്റം വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. നാല് പേരേ മാത്രം നിലനിര്‍ത്തി. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷും പ്രതിരോധത്തില്‍ നിഷുകുമാറും മധ്യനിരയില്‍ ആയുഷ് അധികാരിയും മുന്നേറ്റക്കാരനും ക്യാപ്റ്റനുമായ ദിമിത്രിയോസ് ഡയമന്റാകോസും മാത്രമാണ് അവസാന കളിയിലുളള ടീമില്‍ നിന്നും ഉള്‍പ്പെട്ടത്. പ്രതിരോധത്തില്‍ മാര്‍ക് ലെസ്‌കോവിച്ച്, ആര്‍ വി ഹോര്‍മിപാം എന്നിവരെത്തി. മധ്യനിരയില്‍ ആയുഷിനൊപ്പം ഉക്രയ്ന്‍കാരന്‍ ഇവാന്‍ കലിയുഷ്നി, ജീക്സണ്‍ സിങ്, ബ്രൈസ് മിറാണ്ട, കെ പി രാഹുല്‍ എന്നിവര്‍. മുന്നേറ്റത്തില്‍ ഡയമന്റാകോസിനോപ്പം ഇന്ത്യന്‍ യുവതാരം ബിദ്യാസാഗര്‍ സിങ്ങിനെയും താല്‍ക്കാലിക പരിശീലകന്‍ ഫ്രാങ്ക് ഡൗവെന്‍ ചുമതലപ്പെടുത്തിയത്. ശ്രീനിധിക്കായി ഗോള്‍വലയ്ക്ക് കീഴില്‍ ആര്യന്‍ നീരജ് ലാംബയാണ് എത്തിയത്. പ്രതിരോധക്കാരായി സോരയ്ഷാം ദിനേഷ്സിങ്ങും അര്‍ജിത് ബാഗിയും ബിജയ് ഛേത്രിയും. മധ്യനിരയില്‍ ഫലുങ്കി സിങ്, ഫൈസല്‍ ഷ്യേഷ്ട്, മുത്തു മായകണ്ണന്‍, റൊസെന്‍ബര്‍ഗ് ഗബ്രിയേല്‍ ദുവ അങ്കിറോയും കളത്തിലെത്തി. ഗോളടിക്കാന്‍ നൈജീരിയയുടെ റില്‍വാന്‍ ഹസനും ഡേവിഡ് കസ്റ്റാനെഡ മുനോസും.

കളിയുടെ തുടക്കത്തിലേ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. എന്നാല്‍ പ്രത്യാക്രമണത്തിലൂടെ ശ്രീനിധി ലീഡെടുത്തു. 17-ാം മിനിറ്റില്‍ ഹസന്‍ ഗോളടിച്ചു. പിന്നാലെ ഒപ്പമെത്താന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞുശ്രമിച്ചു. 23-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്നിയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതിയില്‍ അഞ്ച് ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് പായിച്ചത്. ഒന്നും ലക്ഷ്യത്തിലേക്കായിരുന്നില്ല. രാഹുലിന്റെയും ഹോര്‍മിപാമിന്റെയും ബിദ്യാസഗറിന്റെയും ശ്രമങ്ങള്‍ പക്ഷേ പൂര്‍ണതയില്‍ എത്തിയില്ല. 43-ാം മിനിറ്റിലാണ് ക്യാപ്റ്റന്‍ കസ്റ്റാനെഡ ഐ ലീഗ് ക്ലബ്ബിന്റെ രണ്ടാം ഗോള്‍ നേടിയത്.

ഇടവേളക്കുശേഷം രണ്ട് മാറ്റങ്ങള്‍ വരുത്തി ബ്ലാസ്റ്റേഴ്സ്. ലെസ്‌കോവിച്ചിന് പകരം പ്രതിരോധത്തില്‍ വിക്ടര്‍ മൊംഗില്‍ ഇടംപിടിച്ചു. മുന്നേറ്റത്തില്‍ ബിദ്യാസഗറിനെ പിന്‍വലിച്ച് അപോസ്തലോസ് ജിയാനുവിനെയും എത്തിച്ചു. മുന്നേറ്റത്തില്‍ ജിയാനു എത്തിയത് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 51-ാം മിനിറ്റില്‍ വലതുവശത്തുനിന്നും ആയുഷ് നല്‍കിയ ക്രോസ് ഗോള്‍മുഖത്തുള്ള ജിയാനുവിന് കണക്ട് ചെയ്യാനായില്ല. 58-ാം മിനിറ്റില്‍ ഡയമന്റാകോസിന്റെ വലതുപാര്‍ശ്വത്തുനിന്നുള്ള ഇടംകാലടി ശ്രീനിധി ഗോളി ആര്യന്റെ കൈയിലായി. പിന്നാലെ രാഹുലിന്റെ ഒറ്റയാന്‍ മുന്നേറ്റവും പ്രതിരോധത്തില്‍ തട്ടിവീണു. 61-ാം മിനിറ്റില്‍ ബ്രൈയ്സിനെ പിന്‍വലിച്ച് സഹല്‍ അബ്ദുല്‍ സമദും കളത്തിലെത്തി. ഇതിനിടെ കസ്റ്റാനെഡയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന്‍ ഉജ്വലമായി തട്ടിയകറ്റി.

തിരിച്ചടിക്കാനുള്ള ഊര്‍ജിത ശ്രമം ബ്ലാസ്റ്റേഴ്സ് നടത്തി. നിരന്തരമായി എതിര്‍മുഖത്തേക്ക് കുതിച്ചു. എഴുപതാം മിനിറ്റില്‍ ജിയാനുവിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. ലെസ്‌കോവിച്ച് നല്‍കിയ ക്രോസില്‍ ജിയാനു തലവയ്ക്കുകയായിരുന്നു. 72-ാം മിനിറ്റില്‍ ആയുഷിന് പകരം മുഹമ്മദ് സഹീഫിനെ ഇറക്കി ബ്ലാസ്റ്റേഴ്സ്. 73-ാം മിനിറ്റില്‍ കലിയുഷ്നിയുടെ ഷോട്ട് ആര്യന്‍ തടഞ്ഞു. പിന്നാലെ ഹോര്‍മിപാമിന്റെ ഷോട്ടും ശ്രീനിധി ഗോളി രക്ഷപ്പെടുത്തി.


error: Content is protected !!