Readers Post
നൂറിന്റെ നിറവില്‍ സമസ്ത
സി എച്ച് ഇബ്രാഹിം മദനി (അസിസ്റ്റന്റ് ഖത്തീബ്- രാമന്തളി)



1926ല്‍ രൂപീകരിക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ ജൈത്രയാത്ര നൂറാം ആണ്ടിലേക്ക് കുതിക്കുന്നു. അസുലഭ മുഹൂര്‍ത്തതിലാണ് കൊച്ചു കേരളം.

സമൂഹത്തിനു ശരിയായ ദിശാബോധം നല്‍കിയും അരുതായ്മകളുടെ വേലിക്കെട്ടുകള്‍ വരച്ചു കാണിച്ചും നന്മയുടെ അതിരറ്റ ഇടങ്ങളിലേക്ക് കൈപിടിച്ച് നടത്തിയും സഹസ്ര കണക്കിന് മത ഭൗതിക പാഠശാലകളും ഇരുവിദ്യകളുടെയും സമന്വയ കേന്ദ്രങ്ങളും സംസ്ഥാനത്തും പുറത്തുമായും നിര്‍മ്മിച്ചും അശരണര്‍ക്കും അഗതി- അനാഥകള്‍ക്കും കൈ താങ്ങുമായി ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു.


ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഈ രാജ്യത്തിന്റെ മോചനം ലക്ഷ്യമിട്ടുകൊണ്ട് ദേശീയവും പ്രാദേശികവുമായ സായുധ നിരായുധ സംഘട്ടനങ്ങളും സമരങ്ങളും നിരവധി നാട്ടില്‍ നടന്നൊരു കാലത്ത് 1921ലെ വിപ്ലവത്തില്‍ ഇരുപതിനായിരത്തിലേറെ പേരാണ് വീരമൃത്യു വരിച്ചത്. അത്രയും ആളുകള്‍ അന്തമാനിലേക്കും മറ്റും നാടുകടത്തപ്പെട്ടു. തത്തുല്യം വരുന്നവര്‍ ജീവച്ഛവങ്ങളായി അവശേഷിച്ചു. ഇവരുടെയെല്ലാം സ്ത്രീകള്‍ വിധവകളും നിരാലംബരുമായ മക്കളും സന്താന നഷ്ടത്താല്‍ നിരാശരായ മാതാപിതാക്കളും വേറെയും എത്രയോ സമൂഹത്തിനു മുന്‍പില്‍ ചോദ്യചിഹ്നങ്ങളായി അവശേഷിച്ചു.
ഉദ്ബുദ്ധരും കൂര്‍മ ചിന്താശീലരുമായ മുസ്‌ലിം പണ്ഡിതര്‍ ഈ വസ്തുതകള്‍ എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് കര്‍മ്മപഥത്തില്‍ ഇറങ്ങിയതിന്റെ പരിണിതിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭയുടെ ജന്മം.



