Connect with us

Featured

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; യാത്ര ചെയ്യാനെത്തിയ കുടുംബം പിടിയില്‍

Published

on


കൊച്ചി: വിമാനത്തില്‍ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നല്‍കി അതേ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യാത്രക്കാരനും കുടുംബവും പിടിയില്‍. കൊച്ചി അ്ന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കുടുംബത്തെ പിടികൂടിയത്.

മലപ്പുറം സ്വദേശിയായ സുഹൈബിനെയാണ് സി ഐ എസ് എഫ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കൊച്ചിയില്‍ നിന്നും ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് പറക്കേണ്ട എ ഐ 149 വിമാനത്തിനാണ് ഇന്ന് പുലര്‍ച്ചെ മുംബൈയിലെ എയര്‍ ഇന്ത്യ കോള്‍ സെന്ററില്‍ ബോംബ് ഭീഷണി ലഭിച്ചത്. ഫോണ്‍ ഭീഷണി ലഭിച്ചതിന് പിന്നാലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും കൊച്ചി എയര്‍ ഇന്ത്യയേയും അറിയിക്കുകയായിരുന്നു.

ഭീഷണി വിവരം അറിഞ്ഞയുടന്‍ പ്രോട്ടോകോള്‍ പ്രകാരം ബോംബ് ത്രെട്ട് അസസ്‌മെന്റ് കമ്മിറ്റി സിയാലില്‍ വിളിച്ചു കൂട്ടുകയും ഭീഷണി വിലയിരുത്തുകയും ചെയ്തതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗ്രൂപ്പ്, എയര്‍ലൈന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിംഗ് സംവിധാനങ്ങള്‍ എന്നി മേഖലകളില്‍ സമഗ്രമായ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. പിന്നാലെ മുംബൈ കോള്‍ സെന്ററില്‍ ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് ആരാണെന്ന് തിരിച്ചറിയാനുള്ള നടപടികളും തുടങ്ങിയിരുന്നു.

എഐ 149 വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബ് (29) ആണ് ഫോണ്‍ വിളിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പോകാനായി കൊച്ചി അ്ന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സുഹൈബിനേയും കുടുംബത്തേയും കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ എ എസ് ജി ചെക്ക് ഇന്‍ സമയത്ത് അന്താരാഷ്ട്ര പുറപ്പെടല്‍ ടെര്‍മിനലില്‍ നിന്നാണ് പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനും നിയമ നടപടികള്‍ക്കുമായി ഇയാളെ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്നാണ് വിവരം.

ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചിന്‍ എയര്‍പോര്‍ട്ട് ബിടിഎസിയില്‍ നിന്നുള്ള ശിപാര്‍ശകള്‍ പ്രകാരം വിമാനം ഒറ്റപ്പെട്ട എയര്‍ക്രാഫ്റ്റ് പാര്‍്ക്കിംഗ് പോയിന്റിലേക്ക് മാറ്റുകയും സമഗ്രമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിമാനം വിശദമായി പരിശോധിച്ചതിന് ശേഷം പറക്കാനുള്ള അനുമതി നല്‍കുകയായിരുന്നു.

എഐ 149ന്റെ ചെക്ക് ഇന്‍ പ്രക്രിയകള്‍ രാവിലെ 10.30ഓടെ പൂര്‍ത്തിയാക്കി. 215 യാത്രക്കാര്‍ക്കുള്ള ബോര്‍ഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ഷെഡ്യൂള്‍ പ്രകാരം 11.50ന് വിമാനം പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.


error: Content is protected !!