Community
ഒമാനില്‍ മിന്നല്‍ പ്രളയം; മലയാളിയും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 12 മരണം
മസ്‌ക്കത്ത്: വാദി സമദ് അല്‍ ഷാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 12 പേര്‍ മരിച്ചതായി ഒമാന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു. രണ്ട് ഒമാനികള്‍, ഒന്‍പത് വിദ്യാര്‍ഥികള്‍, ഒരു മലയാളി എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ വാഹനങ്ങള്‍ പ്രളയത്തിലകപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കാണാതായ അഞ്ചു പേര്‍ക്കായി വിലായത്ത് അല്‍ മുദൈബിയില്‍ തിരച്ചില്‍ തുടരുകയാണ്.
കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് മരിച്ച മലയാളി. കെട്ടിടം ഇടിഞ്ഞുവീണാണ് സുനില്‍ കുമാര്‍ അപകടത്തില്‍പ്പെട്ടത്.
നേരത്തെ സമദ് അല്‍ ഷാനിലെ വാദിയില്‍ ഒഴുക്കില്‍പ്പെട് വാഹനത്തില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇബ്രയിലെ വിലായത്ത് വാദിയില്‍ കുടുങ്ങിപ്പോയ സ്‌കൂള്‍ ബസ്സിലെ 27 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ പല ഗവര്‍ണറേറ്റുകളിലുമുണ്ടായ ശക്തമായ മഴയാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്.
അല്‍ മുദൈബിയയിലെ റൗദ സ്‌കൂള്‍ കെട്ടിടം മഴവെള്ളത്തില്‍ മുങ്ങി. പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒഴുകിപ്പോയി.
നിരവധി കുടുംബങ്ങള്‍ പലയിടത്തായി കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് ഏപ്രില്‍ 15 തിങ്കളാഴ്ച ഒമാനിലെ സ്‌കൂളുകളും കോളേജുകളും ഓണ്‍ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.