Connect with us

Featured

ഗ്രൂപ്പ് യുദ്ധം ജയിച്ച് ജി20

Published

on


ആഗോള പ്രശ്നങ്ങള്‍ക്ക് ആഗോള പരിഹാരത്തിന് സാധ്യതയുള്ള ഏക സംവിധാനം ജി20 ആണെന്ന് അടിവരയിടുന്നതായിരുന്നു കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ജി7, ബ്രിക്സ് തുടങ്ങിയ സമാന്തര സംവിധാനങ്ങള്‍ക്ക് വലിയ സാധ്യതയില്ല എന്നും ഉച്ചകോടി ബോധ്യപ്പെടുത്തി.

ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന ബ്രിക്സ് കൂട്ടായ്മ പുതുതായി ആറു രാജ്യങ്ങളെക്കൂടി സംഘത്തിലേക്ക് ഉള്‍പ്പെടുത്താമെന്ന് തീരുമാനിച്ചിരുന്നു. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു കെ എന്നീ രാജ്യങ്ങളടങ്ങിയ ജി7 കൂട്ടായ്മയും നിലവിലുണ്ട്. ഇവയ്ക്കൊന്നും തന്നെ ലോകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കരുത്തോ വിശ്വസ്തതയോ ഇല്ലെന്ന് ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട്. അവിടെയാണ് ആഗോള പ്രശ്നങ്ങള്‍ക്ക് ആഗോള പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള, ലോകത്തെ ഏറ്റവും വലിയ 19 സാമ്പത്തിക ശക്തികളും യൂറോപ്യന്‍ യൂണിയനും അടങ്ങുന്ന ജി20 പ്രസക്തമാകുന്നത്.

കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 സംയുക്ത പ്രഖ്യാപനം ഇക്കാര്യം അടിവരയിടുന്നു. ഓരോ രാജ്യവും ഏതു തരത്തില്‍ പ്രവര്‍ത്തിക്കും എന്നൊക്കെയുള്ള വ്യത്യസ്തതകള്‍ നിലനില്‍ക്കെ തന്നെ ഒട്ടനവധി വിഷയങ്ങളില്‍ ജി-20 അംഗരാഷ്ട്രങ്ങള്‍ യോജിപ്പില്‍ എത്തുകയുണ്ടായി എന്നതു ശ്രദ്ധേയമാണ്. അഭിപ്രായ ഭിന്നതകള്‍ കാരണം പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ട കഴിഞ്ഞകാലം വിട്ട് ഇപ്പോഴവര്‍ തങ്ങളുടെ പ്രസക്തി ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുകയാണ്.

അന്തിമ പ്രഖ്യാപനം മിനുക്കിയെടുക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ, പ്രത്യേകിച്ച് ഇന്ത്യയെയും അമേരിക്കയെയും നമ്മള്‍ അഭിനന്ദിക്കുക തന്നെ വേണം. കാലാവസ്ഥാ വ്യതിയാനം, ലോകബാങ്ക് പുന:ക്രമീകരണം, പകര്‍ച്ചവ്യാധി നിയന്ത്രണം, സാമ്പത്തിക സുസ്ഥിരത, യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ നിരവധി ആഗോള വിഷയങ്ങളില്‍ കരുത്തും മികവുമുള്ള ഒരു നിലപാടാണ് ജി-20 രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസഡന്റ് വ്ളാദിമിര്‍ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെയും അസാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍ എങ്കിലും അവരുടെ അനുമതി ഇല്ലാതെ അവരുടെ പ്രതിനിധികള്‍ ഈ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുമായിരുന്നില്ല.

തങ്ങള്‍ കാലങ്ങളായി എതിരാളിയായി കരുതുന്ന ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവഗണിക്കുന്നതിനു വേണ്ടിയാണ് ഷി ജിന്‍പിങ് ഉച്ചകോടിയില്‍ നിന്നു വിട്ടുനിന്നതെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. അതെന്തു കാരണത്താലായാലും ഈയിടെ സമാപിച്ച, ചൈനയുടെ വിജയമായി വിലയിരുത്തപ്പെട്ട ബ്രിക്സ് ഉച്ചകോടിയുടെ പ്രാധാന്യം ദുര്‍ബലപ്പെടുത്തുന്നതായിരുന്നു.

നേരത്തെ ഞാന്‍ ഉന്നയിച്ചപോലെ, ഇന്ത്യ- ചൈന അനൈക്യം പുതിയ ബ്രിക്സിന് ഏറ്റവും വലിയ പ്രതിബന്ധമാണെന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ ജി-20 ഉച്ചകോടിയില്‍ നിന്നുള്ള ഷീയുടെ വിട്ടുനില്‍ക്കല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകള്‍ കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂ. അതല്ലെന്നു തങ്ങളെ ബോധ്യപ്പെടുത്തണമെങ്കില്‍ ഷീ നരേന്ദ്ര മോഡിയുമായി കാണേണ്ടതായിരുന്നു. അതുകൊണ്ടുതന്നെ ജി-20യുടെ വിജയം ഈ ഉച്ചകോടിയില്‍, മോഡിയുടെ കൃത്യമായ വിജയമായി പരിണമിച്ചിരിക്കുന്നു. അതുവഴി നരേന്ദ്ര മോഡി ഷീയെക്കാള്‍ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞനാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

അതോടൊപ്പം ജി-20 ദുര്‍ഗ്രഹമായ മറ്റൊരു പ്രതിബന്ധം കൂടി തരണം ചെയ്തിരിക്കുന്നുവെന്നു പറയാം. ആഫ്രിക്കന്‍ യൂനിയനെ കൂടി ഉള്‍പ്പെടുത്തി ജി-21 ആയി വികസിപ്പിക്കാനെടുത്ത തീരുമാനം തീര്‍ച്ചയായും കൂട്ടായ്മയുടെ പദവി ഉയര്‍ത്തും. ഇതും നരേന്ദ്ര മോഡിക്ക് വ്യക്തമായ നയതന്ത്ര വിജയമാണ് നേടിക്കൊടുക്കുന്നത്. ആഗോളതലത്തില്‍ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇതു സഹായകമാകും. സുപ്രധാന ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ കൂടാതെ ഈജിപ്തിനെയും എത്യോപ്യയെയും ഉള്‍പ്പെടുത്തി ബ്രിക്സ് വികസിപ്പിക്കാനുള്ള നീക്കത്തിലെ അസ്വാഭാവികതയെയും ഇത് അടിവരയിട്ടു കാണിക്കുന്നു. ആഫ്രിക്കന്‍ യൂനിയന് സ്ഥിരാംഗത്വം നല്‍കി ഈ ഗ്രൂപ്പിനെ കൂടുതല്‍ ഫലപ്രദമായ സംവിധാനമാക്കുമോ എന്നതാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ ഉയരുന്ന സുപ്രധാന ചോദ്യം.

ജി-20യുമായി താരതമ്യം ചെയ്യുമ്പോള്‍ ജി7 ഫലപ്രദമായ സംഘടനയാണെന്ന് വിശ്വസിക്കുന്ന ആളുകളോട് ബ്രിക്സ് യോഗം മുതല്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. റഷ്യയുടെ യുക്രെയ്ന്‍ യുദ്ധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതു പോലുള്ള കാര്യങ്ങള്‍ ഉദാഹരിച്ചുകൊണ്ടാണവരീ നിലപാട് എടുത്തത്. എന്നാല്‍, എനിക്കിതിനോടു യോജിപ്പില്ല. യുക്രെയ്ന്‍ നേതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും യുദ്ധം സംബന്ധിച്ച ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനം അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ ലംഘിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള കൃത്യമായ സന്ദേശമായിരുന്നു. ബ്രിക്സ് സുഹൃത്തുക്കളെന്നു കരുതപ്പെടുന്നവരില്‍ നിന്ന് ഉപരിപ്ലവമായ പിന്തുണ പോലും പ്രതീക്ഷിക്കേണ്ടതില്ലെന്നും അത് പുടിനെ ഓര്‍മപ്പെടുത്തുന്നുണ്ട്. ജി-20 പ്രഖ്യാപനം ഒരു തരത്തിലും യുദ്ധത്തെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതില്‍ നിന്ന് പശ്ചാത്യ രാജ്യങ്ങളെയോ നേതാക്കളെയോ തടയുന്നുമില്ല.

യുക്രെയ്ന്‍ വിഷയത്തില്‍ ജി7 അല്ല നാറ്റോയാണ് നിര്‍ണായക ശബ്ദമാകുന്നത്. ആഗോള സമ്പദ് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, പൊതു ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ ജി-20 ആണ് ഫലപ്രദമായ കൂട്ടായ്മയുടെ നേര്‍ ശബ്മദാകുന്നത്. ആഗോള വിഷയങ്ങളില്‍ തങ്ങള്‍ നിര്‍ണായക സ്വാധീന ശക്തിയാണെന്ന് ജി7 നേതാക്കള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം മറിച്ചാണ്. ഉയര്‍ന്നുവരുന്ന പ്രമുഖ ശക്തികളെ ഉള്‍പ്പെടുത്താത്ത പക്ഷം വലിയ രാജ്യാന്തര വെല്ലുവിളികളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു സാധ്യമല്ലെന്നാണ് ന്യൂഡല്‍ഹി ഉച്ചകോടി ഉയര്‍ത്തിക്കാട്ടിയ ഏറ്റവും വലിയ നേട്ടം.

ജി-20 കൂട്ടായ്മ വലുതും ഫലപ്രദമല്ലത്തതുമാണെന്നു വിമര്‍ശകര്‍ എതിര്‍ക്കുമ്പോഴും 2001ല്‍ ബ്രിക്സ് രൂപം കൊണ്ടപ്പോള്‍ എഴുതിയത് ഞാന്‍ ആവര്‍ത്തിക്കും. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ സംയുക്ത പ്രൊജക്ടുകള്‍ ശാശ്വതമായി നിലനില്‍ക്കണമെന്ന് ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍, അത്തരമൊരു വിശ്വാസം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ജി-20 പോലുള്ള അന്താരാഷ്ട്ര കൂട്ടായമയിലേക്ക് ഒരു പ്രതിനിധിയെ എങ്കിലും അയക്കണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ അത് ആ ഗ്രൂപ്പിനെ പ്രവിശാലമാക്കുകയും കരുത്തുറ്റ മാതൃകയായി മാറ്റുകയും ചെയ്യുമായിരുന്നു. ബ്രിക്സ് ഉള്‍പ്പെടെയുള്ള മറ്റു ഗ്രൂപ്പുകളും ഇതു ചെയ്താല്‍, ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അനുയോജ്യമായ ആഗോള ഭരണ സംഘടനയായി മാറുമെന്നതാകും ഫലം.

ജിം ഓനിയെല്‍

(പാന്‍- യൂറോപ്യന്‍ കമ്മീഷന്‍ ഓണ്‍ ഹെല്‍ത്ത് ആ്ന്റ് സസ്റ്റയിനബ്ള്‍ ഡെവലപ്‌മെന്റ് അംഗമാണ് മുന്‍ യു കെ ധനകാര്യ മന്ത്രി കൂടിയായ ലേഖകന്‍)


error: Content is protected !!