Connect with us

Community

മെസ്സിയും അര്‍ജന്റീനയും കേരളത്തില്‍ കളിച്ചാല്‍ കായിക ലോകത്തിന് ഗുണം ചെയ്യും: കമാല്‍ വരദൂര്‍

Published

on


ദോഹ: ലയണല്‍ മെസ്സി ഇന്ത്യയിലോ കേരളത്തിലോ വരികയാണെങ്കില്‍ ഇന്ത്യന്‍ ഫുട്ബാളിനും കായിക ലോകത്തിനും കായിക- കായികേതര വിപണികള്‍ക്കും യുവാക്കള്‍ക്കും വലിയ ഗുണം ചെയ്യുമെന്ന് മലയാളത്തിലെ പ്രഗത്ഭനായ കളിയെഴുത്തുകാരനും ചന്ദ്രിക പത്രാധിപരുമായ കമാല്‍ വരദൂര്‍. എ എഫ് സി ഏഷ്യന്‍ കപ്പ് 2023 റിപ്പോര്‍ട്ട് ചെയ്യാന്‍ ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

ലോകത്തിലെ ഒന്നാം നമ്പര്‍ ഫുട്ബാളറാണ് ലയണല്‍ മെസ്സി. അദ്ദേഹത്തിന്റെ ഏറ്റവും നല്ല വിപണികളിലൊന്നാണ് ഇന്ത്യ.

2022 ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ മെസ്സിയുടേയും അര്‍ജന്റീനയുടെ താരമൂല്യം വളരെയധികം ഉയര്‍ന്നു. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന വിജയം നേടിയതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അര്‍ജന്റീനന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ അവരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലോകകപ്പ് നേടിയതിന് ശേഷം കേരളത്തിന് നന്ദി പറഞ്ഞത്. കേരളത്തിനുള്ള മെസ്സി താത്പര്യവും സ്‌നേഹവും അത്രത്തോളമുണ്ടെന്ന് ചുരുക്കം.

പല ടീമുകളും മറ്റു രാജ്യങ്ങളില്‍ പരിശീലന പര്യടനം നടത്താറുള്ളത് ഓഫ് സീസണുകളിലാണ്. അത്തരത്തിലാണ് അര്‍ജന്റീനന്‍ ടീം ഇന്ത്യയിലേക്ക് വരാനായി നാല്‍പ്പത് കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. അതില്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ താത്പര്യം കാണിക്കാതിരിക്കുകയും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്തു.

അര്‍ജന്റീനന്‍ ഫുട്ബാള്‍ ടീമിനോട് നിഷേധാത്മകമായി പെരുമാറിയതിനെതിരെ ഞാനുള്‍പ്പെടെ ശക്തമായി വിമര്‍ശിച്ചിരുന്നു. അര്‍ജന്റീന ടീം വരികയാണെങ്കില്‍ നാല്‍പ്പത് കോടി രൂപ കേരളത്തില്‍ നിന്നു മാത്രം ഉണ്ടാക്കാനാവുമെന്നാണ് എന്റെ അഭിപ്രായം. കേരളത്തില്‍ നിന്നല്ല, മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം സംഘടിപ്പിക്കാനാകും. മെസ്സിക്കും അര്‍ജന്റീനയ്ക്കും വേണ്ടി അത്രയും ചെയ്യാന്‍ എത്രയോ പേര്‍ ഇവിടെയുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും കോര്‍പറേറ്റുകളുമൊക്കെ അതിന് തയ്യാറായിരിക്കും.

മെസ്സിയോട് കളിക്കാന്‍ വരാനുള്ള ആവശ്യം കേരളത്തിന് ഉന്നയിക്കാനാവില്ല. ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷനാണ് അത് ചെയ്യേണ്ടത്. അവര്‍ ക്ഷണിച്ച് കേരളത്തില്‍ ഒരു മികച്ച വേദിയൊരുക്കി കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി മത്സരം സംഘടിപ്പിക്കേണ്ടതുണ്ട്.

കേരളത്തില്‍ അര്‍ജന്റീനയെ പോലൊരു ടീം വരുമ്പോഴുള്ള പ്രധാന പ്രശ്‌നം അവര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിലവാരത്തിലുള്ള ഫുട്ബാള്‍ മൈതാനം കേരളത്തിലില്ലെന്നതാണ്. ഇന്ത്യയില്‍ പോലും അത്തരം സൗകര്യത്തിലൊരു മൈതാനം വളരെ കുറവായിരിക്കും.

നിലവാരം കുറഞ്ഞ മൈതാനങ്ങളിലൊന്നും അര്‍ജന്റീനന്‍ കളിക്കില്ല. മികച്ച പരിശീലന സൗകര്യം, കളിക്കാന്‍ മികച്ച സ്റ്റേഡിയം, എതിര്‍ ഭാഗത്ത് മികച്ച ടീം എന്നിവയുണ്ടെങ്കില്‍ മാത്രമേ അര്‍ജന്റീനയെ പോലൊരു ടീം കളിക്കുകയുള്ളു. ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനോട് അവര്‍ കളിക്കും. പക്ഷേ, ഏഷ്യാ കപ്പില്‍ പോലും ഇന്ത്യന്‍ പ്രകടനം കണ്ടതാണല്ലോ.

അര്‍ജന്റീനന്‍ ടീം കേരളത്തില്‍ വരികയാണെങ്കില്‍ നമുക്കതിന് മികച്ച ഫലമുണ്ടാക്കാനാവും. വിപണിയെ ഉണര്‍ത്താനും കായിക വികസനം ലക്ഷ്യമാക്കി പ്രൊജക്ട് തയ്യാറാക്കി അര്‍ജന്റീനയെ അതിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വലിയ ഉണര്‍വായിരിക്കും കേരള ഫുട്ബാളിന് ഉണ്ടാവുക. കായിക വിപണിയോടൊപ്പം കായികേതര വിപണിയേയും മെസ്സിയുടേയും അര്‍ജന്റീനയുടേയും സന്ദര്‍ശനം ഉണര്‍ത്തും.

മെസിയെ കൊണ്ടുവരിക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കൊണ്ടുവരാനായാല്‍ അത് നമ്മുടെ ഫുട്ബാളിന് വലിയ മാറ്റമുണ്ടാക്കും. കേവല രാഷ്ട്രീയ പ്രസ്താവനകള്‍ക്ക് പകരം ഔദ്യോഗികമായി അര്‍ജന്റീന ഫുട്ബാള്‍ ഫെഡറേഷനെ ബന്ധപ്പെട്ട് നമ്മുടെ നിലപാട് അറിയിക്കുകയും അവര്‍ പറയുന്ന തുക കൊടുത്ത് വേദി തയ്യാറാക്കി ഒരുക്കങ്ങള്‍ നടത്തുകയും വേണം. അതിനൊക്കെ കുറച്ച് സമയം ആവശ്യമാണ്. ആ രീതിയില്‍ വളരെ കാര്യ ഗൗരവത്തോടെ ക്ഷണിക്കുന്ന പക്ഷം അവര്‍ വരികയാണെങ്കില്‍ കായിക വിപണിക്കും മറ്റു വിപണികള്‍ക്കും കായിക മേഖലയ്ക്കും ഫുട്ബാളിനും യുവാക്കള്‍ക്കുമെല്ലാം വലിയ ഗുണം ചെയ്യും.


error: Content is protected !!