Connect with us

Community

ജനനായകന് യാത്രാമൊഴിയോതി ഇന്‍കാസിന്റെ അനുസ്മരണം

Published

on


ദോഹ: പതിവ് സമ്മേളനത്തിനായിരുന്നില്ല വ്യാഴാഴ്ച വൈകിട്ട് ഐ സി സി അശോകാ ഹാള്‍ സാക്ഷ്യം വഹിച്ചത്. ഹൃദയംകൊണ്ട് സ്‌നേഹിച്ച കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് ഇന്‍കാസ് ഖത്തര്‍ ഐ സി സി അശോകാ ഹാളില്‍ ‘ജനനായകന് യാത്രാമൊഴി’ നടത്തിയപ്പോള്‍ വേദന വിങ്ങുന്ന ഹൃദയവുമായാണ് മലയാളി മനസ്സുകള്‍ ഐ സി സി അശോകാ ഹാളിലെത്തിയത്.

രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുത്ത ചടങ്ങ് അക്ഷരാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതും അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്ക് കൂട്ടുപോകാന്‍ കഴിയാതിരുന്നവരുടെ വേദനയുടെ പങ്കുവെക്കലുമായിരുന്നു.

ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതും അദ്ദേഹത്തെ ഖത്തറിലേക്ക് ക്ഷണിച്ചതും അല്‍ അതിയ്യ ഓര്‍ത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ് കൊച്ചിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവിടെ കഴിഞ്ഞ ദിവസങ്ങള്‍ ഏറെ ആസ്വദിച്ചതായും പറഞ്ഞ അല്‍ അതിയ്യ ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയും മികച്ചതായിരുന്നുവെന്ന് ഓര്‍ത്തെടുത്തു. മാത്രമല്ല, താന്‍ ഉമ്മന്‍ചാണ്ടിയെ ഖത്തറിലേക്ക് ക്ഷണിച്ചതായും ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ പറഞ്ഞു. മികച്ച രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണ് ഉമ്മന്‍ ചാണ്ടിയെന്നും അല്‍ അതിയ്യ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ ദോഹ സ്‌റ്റേഡിയത്തില്‍ നടത്തിയ പരിപാടിയില്‍ താനും പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.

ഡോ. മോഹന്‍ തോമസ് ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. ഡോ. മോഹന്‍ തോമസ് വിങ്ങിപ്പൊട്ടി നടത്തിയ അനുസ്മരണ പ്രഭാഷണം സദസ്സിലുള്ളവരുടെ ഹൃദയങ്ങളിലും ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള നനുത്ത ഓര്‍മകള്‍ കോരിയിടുന്നതായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഗവേഷണ സ്ഥാപനം കേരളത്തില്‍ സ്ഥാപിക്കാന്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്ന് ഡോ. മോഹന്‍ തോമസ് ആവശ്യപ്പെട്ടു. അതിനാവശ്യമായ സഹായങ്ങളും നേതൃത്വവും വഹിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സലീം നാലകത്ത്, ലാലു ഇസ്മാഈല്‍, പി എന്‍ ബാബുരാജന്‍, ജെ കെ മേനോന്‍, സിദ്ദീഖ് പുറായില്‍, നാരായണന്‍, എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ബോബന്‍ വര്‍ക്കി, അഷറഫ് ചിറക്കല്‍, ഇന്‍കാസ് കള്‍ച്ചറല്‍ സെക്രട്ടറി അബ്ദുല്‍ അഹദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


error: Content is protected !!