Featured
വിജയ പ്രതീക്ഷകളുടെ പുതിയ സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ്; നയിക്കാന്‍ ദവീദ് കറ്റാല

കൊച്ചി: ദവീദ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹെഡ് കോച്ച്. ഔദ്യോഗിക പ്രഖ്യാപനത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സി ഇ ഒ അഭിക് ചാറ്റര്‍ജി, സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിങ്കിസ് എന്നിവര്‍ക്കൊപ്പം ദവീദ് കറ്റാലയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.


ദവീദ് തങ്ങള്‍ക്കൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും ടീമിനെ നയിക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്ന ആത്മവിശ്വാസം ക്ലബിനുണ്ടെന്നും ദവീദ് കറ്റാലയെ സ്വാഗതം ചെയ്തുകൊണ്ട് അഭിക് ചാറ്റര്‍ജി പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും വീക്ഷണവും ക്ലബിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ സുതാര്യതയോടെ ആരാധകരുമായും മാധ്യമങ്ങളുമായും പങ്ക് വയ്ക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലബിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെട്ട ദവീദ് കറ്റാല ക്ലബിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും പദ്ധതികളും പങ്കുവച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും വലിയ സാധ്യതകളുള്ള ടീമാണ് ബ്ലാസ്റ്റേഴ്സെന്നും ഒപ്പം ശക്തമായ ആരാധക അടിത്തറയും ക്ലബിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഒരു കോംപാക്ട് ടീമിനെ സജ്ജമാക്കുവാനായിരിക്കും താന്‍ ശ്രമിക്കുന്നത്. അറ്റാക്കിംഗിനും പ്രതിരോധത്തിനും തികഞ്ഞ സന്തുലിത നല്‍കിക്കൊണ്ട് ഓരോ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്ന ടീമിനെ തയ്യാറാക്കുവാനാണ് ലക്ഷ്യമെന്നും കറ്റാല കൂട്ടിച്ചേര്‍ത്തു.
ദവീദ് കറ്റാല ഇപ്പോള്‍ ക്ലബിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്തിരിക്കുന്നതിനാല്‍ അടുത്ത സീസണിലേക്ക് മികച്ച ടീമിനെ തയ്യാറാക്കുവാനുള്ള സമയം അദ്ദേഹത്തിന് ലഭിക്കും. ടീമിനെയും അംഗങ്ങളേയും കൃത്യമായി മനസ്സിലാക്കുവാനും വരും സീസണുകളിലേക്കുള്ള കൃത്യമായ തയ്യാറെടുപ്പും ഇതിലൂടെ സാധ്യമാകും. ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നു’- കരോളിസ് സ്‌കിങ്കിസ് പറഞ്ഞു.


