Openion
നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി

തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ നിന്ന് രാജ്യസമാചാരം പുറത്തിറങ്ങുമ്പോള് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടാന്‍ പിന്നേയും ഒരു നൂറ്റാണ്ട് പിന്നിടേണ്ടതുണ്ടായിരുന്നു. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം തുടങ്ങുന്ന 1847 മുതല്‍ 2022 വരെയുള്ള 175 വര്‍ഷക്കാലത്തിനുള്ളില്‍ എത്രയോ പത്രങ്ങള്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തു. അക്കാലം മുതല്‍ ഇപ്പോള്‍ വരെയുള്ള ഒരു പ്രസിദ്ധീകരണം പോലും നിലവിലില്ല. ആദ്യപത്രത്തിന് ശേഷം 41 വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന മലയാള മനോരമയാണ് കൂട്ടത്തില്‍ ഒരുപക്ഷേ ഏറ്റവും പ്രായത്തോടെ നിലനില്‍ക്കുന്നുണ്ടാവുക. കഴിഞ്ഞ 144 വര്‍ഷങ്ങളായി മലയാള മനോരമ മലയാളിയുടെ വായനാ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഇടക്ക് ഒന്‍പത് വര്‍ഷത്തോളം ബ്രിട്ടീഷുകാരുടെ നിരോധനത്തെ തുടര്‍ന്ന് പ്രസിദ്ധീകരണം നിലച്ചു പോയിട്ടുണ്ടെങ്കിലും മനോരമ തന്നെയാണ് മലയാളത്തിന്റെ പത്രമുത്തശ്ശി.


1888 മാര്‍ച്ച് 14ന് മലയാള മനോരമയെന്ന പേരില്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാപനം 1890 മാര്‍ച്ച് 20നാണ് കോട്ടയത്തു നിന്നും പ്രസിദ്ധീകരണം തുടങ്ങിയത്. മലയാള മനോരമ റജിസ്റ്റര്‍ ചെയ്യുന്നതിനും ഏകദേശം ഒരു വര്‍ഷം മുമ്പ് മുമ്പ് 1887 ഏപ്രില്‍ 15ന് നസ്രാണി ദീപിക ആരംഭിച്ചിട്ടുണ്ടെങ്കിലും അതൊരു പൊതുപത്രമായിരുന്നില്ല. വിവിധ നസ്രാണി വിഭാഗങ്ങള്‍ക്കായുള്ള പ്രസിദ്ധീകരണമായി ആരംഭിച്ച നസ്രാണി ദീപിക 1927 ജനുവരി മുതലാണ് ദിനപത്രമായതും 1939ല്‍ പേരിനു മുമ്പിലെ നസ്രാണി എടുത്തുമാറ്റി വെറും ദീപികയാവുകയും ചെയ്തത്. പ്രതിവാര സാഹിത്യ പ്രധാനിയായി പുറത്തിറങ്ങിയിരുന്ന മലയാള മനോരമ 1928 ജൂലൈ രണ്ടു മുതലാണ് ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

ഇതിനെല്ലാം പിന്നാലെ 1923 മാര്‍ച്ച് 18നാണ് മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം തുടങ്ങിയത്. മാതൃഭൂമിക്കു മുമ്പേ 1905ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനിയും 1911ല്‍ സി വി കുഞ്ഞിരാമന്റെ കേരള കൗമുദിയും ഇതിന് പിന്നാലെ 1934ല്‍ സ്വതന്ത്ര വാരികയായും 1938ല്‍ ദിനപത്രമായും ആദ്യം തലശ്ശേരിയില്‍ നിന്നും പിന്നീട് 1946ല്‍ കോഴിക്കോട് നിന്നും ചന്ദ്രികയും 1942 സെപ്തംബര്‍ ആറിന് ദേശാഭിമാനിയും 1947ല്‍ വാരികയായും പിന്നീട് 1953 നവംബര്‍ 16ന് ദിനപത്രമായും ജനയുഗവും 1975 ഏപ്രിലില്‍ സായാഹ്ന പത്രമായും 1977 നവംബര്‍ 14 മുതല്‍ ദിനപത്രമായും ജന്മഭൂമിയും 1984ല്‍ സിറാജും 1987 ജൂണ്‍ ഒന്നിന് മാധ്യമവും 2003 ഫെബ്രുവരി 16ന് വര്‍ത്തമാനവും 2006 ജനുവരി 26ന് തേജസും 2013ല്‍ സുപ്രഭാതവും ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പ്രസിദ്ധീകരണം തുടങ്ങി. ഇവയില്‍ ചിലതൊക്കെ പാതി വഴിയില്‍ നിന്നുപോവുകയും ബാക്കിയുള്ളവ ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്.
ദീപികയ്ക്കും മലയാള മനോരമയ്ക്കും പിന്നാലെ നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന എന്ന പ്രത്യേകത മാതൃഭൂമിക്കു കൂടി അവകാശപ്പെടാനാവുന്നു എന്നതാണ് മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ എടുത്തുപറയാവുന്ന ഈ വര്‍ഷത്തെ സവിശേഷത. ഒരു നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന മൂന്നു പത്രങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ.


ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മാതൃഭൂമി വഹിച്ച ചെറുതല്ല. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച മാതൃഭൂമിയുടെ ആദ്യ പത്രാധിപര്‍ സ്വാതന്ത്ര്യ സമര സേനാനിയായ കെ പി കേശവമേനേനായിരുന്നു. തുടര്‍ന്ന് കേരള ഗാന്ധി കെ കേളപ്പനും പത്രാധിപസ്ഥാനത്തെത്തി. പത്രാധിപക്കസേരയില്‍ നിന്നും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയ ചരിത്രവും മാതൃഭൂമിക്ക് അവകാശപ്പെട്ടതാണ്.
തുകൊണ്ടുതന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റേയും സ്വാതന്ത്ര്യ സമരത്തിന്റേയും ചരിത്രത്തില്‍ മറ്റൊരു പത്രത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടവും മാതൃഭൂമിക്കുണ്ട്.
ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയില്‍ മാധ്യമ രംഗം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് മാതൃഭൂമി തങ്ങളുടെ നൂറാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ദിനപത്രം മാത്രമായിരുന്നിടത്തു നിന്നും ഏറെ വളര്‍ന്ന് നിരവധി പ്രസിദ്ധീകരണങ്ങളും എഫ് എം റേഡിയോയും ടെലിവിഷന്‍ ചാനലുമെല്ലാമായി മാതൃഭൂമി മാധ്യമ രംഗത്തെ വലിയ മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യവും മാധ്യമങ്ങളും വെല്ലുവിളി നേരിടുന്ന കാലത്ത് മാതൃഭൂമിയുടെ നൂറാം വാര്‍ഷികാഘോഷം മുന്നോട്ടു വെക്കുന്ന ചില ചോദ്യങ്ങളും പ്രതീക്ഷകളും ചിന്തകളുമുണ്ട്. ഏകദേശം ഒരു മാസത്തോളം മുമ്പാണ് മീഡിയാ വണ്‍ ചാനലിനെ ഭരണാധികാരികള്‍ നിരോധിച്ചത്. അതിനെതിരെ ചാനല്‍ നടത്തിയ നിയമ നീക്കങ്ങളില്‍ ആദ്യമൊന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും സുപ്രിം കോടതിയില്‍ താത്ക്കാലിക ജയം മീഡിയ വണിന് ലഭിക്കുകയുണ്ടായി. രാജ്യദ്രോഹത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാവാത്ത രീതിയില്‍ ഏതൊരു മാധ്യമ സ്ഥാപനത്തിനും ഭരണാധികാരികള്‍ക്ക് പൂട്ടിടാമെന്ന സൂചന മീഡിയ വണ്ണിലൂടെ കേന്ദ്രം നല്കുന്നുണ്ട്. ഇതിനെതിരെ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചു നിന്നത് മറക്കാനാവില്ല. പറയാനുള്ള അവകാശത്തിന് കൂച്ചുവിലങ്ങിടാനുള്ള ഭരണാധികാരികളുടെ ധാര്‍ഷ്ട്യമാണ് ഇതിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. മീഡിയാ വണ്‍ മാത്രമല്ല മറ്റു നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാനുണ്ടെന്നും അതൊക്കെ കാണിച്ചു തരാമെന്നും ഭീഷണി മുഴക്കിയത് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ കേരളത്തിലെ ഒരു നേതാവായിരുന്നു. ഇന്ത്യയിലെ ഭരണകൂടം സ്വേഛാധിപത്യത്തിലേക്ക് നീങ്ങുന്നു എന്ന കാഴ്ചയാണ് ഇത്. അതോടൊപ്പം മലയാളത്തിലെ എല്ലാ പത്രങ്ങള്‍ക്കും പരസ്യം നല്കുകയും തങ്ങളുമായുള്ള വളരെ നേരിയ ആദര്‍ശ വ്യതിയാനത്തിന്റെ പേരില്‍ സിറാജ് ദിനപത്രത്തിന് മാത്രം പരസ്യം നല്കാതിരുന്ന ഒരു രാഷ്ട്രീയ സംഘടനക്ക് കീഴിലെ സന്നദ്ധ സംഘടനയുടെ പെരുമാറ്റവും ചര്‍ച്ചയായിരുന്നു. തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ പത്രങ്ങള്‍ക്ക് പോലും പരസ്യം നല്കിയിട്ടും അത്രയൊന്നും എതിര്‍പ്പില്ലാത്ത പത്രസ്ഥാപനത്തിന് പരസ്യം നല്കാതിരുന്നത് വലിയ ചര്‍ച്ചയിലേക്ക് നയിച്ചെങ്കില്‍ അതും ഇത്തരം കാര്യങ്ങളില്‍ അല്‍പമെങ്കിലും ന്യായവും നീതിയും ആഗ്രഹിക്കുന്നവര്‍ ഇപ്പോഴും ബാക്കിയുണ്ടെന്നതിന്റെ തെളിവ് തന്നെയാണ്.
നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമിക്ക് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം പത്രമുത്തശ്ശി എന്ന നിലയില്‍ മാതൃഭൂമി ഒരല്‍പം കൂടി നൈതികയും ധാര്‍മികതയും നീതിയും വാര്‍ത്തകളിലും വാര്‍ത്തകള്‍ക്കിടയിലും പ്രകടിപ്പിക്കണമെന്ന ഏറ്റവും ന്യായമായ ആവശ്യം കൂടി ആഗോളവാര്‍ത്ത മുന്നോട്ടു വെക്കുന്നു.
ഇന്ത്യയും ഇന്ത്യന്‍ ജനാധിപത്യവും ജനാധിപത്യത്തിലെ നാലാം തൂണുകളായ മാധ്യമങ്ങളും നിലനില്‍ക്കുകയും മികവ് പ്രകടിപ്പിക്കുകയും ചെയ്യട്ടെ.
ജയ്ഹിന്ദ്.


