Community
ഉംറ, പ്രവാചകന്റെ മസ്ജിദ് സന്ദര്‍ശിക്കുന്നവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

ദോഹ: ഉംറയ്ക്കോ പ്രവാചകന്റെ മസ്ജിദ് സന്ദര്‍ശിക്കുന്നതിനോ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പുതിയ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു.


ഉംറയ്‌ക്കോ പ്രവാചകന്റെ മസ്ജിദ് സന്ദര്‍ശിക്കുന്നതിനോ പോകുന്ന എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെനിംഗോകോക്കല്‍ (ക്വാഡ്രിവാലന്റ് എസിവൈഡബ്ല്യു-135) വാക്‌സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു വയസ്സും അതില്‍ കൂടുതലും പ്രായമുള്ള എല്ലാവരും വാക്സിന്‍ സ്വീകരിക്കണം. യാത്രയ്ക്ക് 10 ദിവസം മുമ്പെങ്കിലും വാക്സിന്‍ നല്‍കേണ്ടതുണ്ട്. തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്.

ഹജ്ജിനും ഉംറയ്ക്കും ആവശ്യമായ എല്ലാ വാക്‌സിനുകളും പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ (പി എച്ച് സി സി) ലഭ്യമാണെന്ന് മന്ത്രാലയം ഉറപ്പുനല്‍കി. ആരോഗ്യകരമായ ബുദ്ധിമുട്ടുള്ളവര്‍ ഉള്‍പ്പെടെ പൗരന്മാരും താമസക്കാരും രോഗ പ്രതിരോധത്തിന് ശുപാര്‍ശ ചെയ്യുന്ന ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.


കൂടാതെ, തീര്‍ഥാടകര്‍ക്ക് കോവിഡ് 19, സീസണല്‍ ഇന്‍ഫ്ലുവന്‍സ വാക്സിനുകള്‍ നിര്‍ബന്ധമല്ലെങ്കിലും സ്വീകരിക്കാന്‍ സൗദി അധികൃതര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സൗദി നിയമങ്ങള്‍ പ്രകാരം പോളിയോ വൈറസ് അല്ലെങ്കില്‍ വാക്്സിന്‍ ഡെറൈവ്ഡ് പോളിയോവൈറസ് പ്രചരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരും മഞ്ഞപ്പനി ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും അതാത് വാക്സിനുകള്‍ സ്വീകരിച്ചിരിക്കണം.


