NEWS
മുഹമ്മദ് ഹനാന്‍ ദേശീയ ജൂനിയര്‍ അത്ലറ്റിക് ടീം ക്യാമ്പില്‍
തിരുവനന്തപുരം: 110 മീറ്റര്‍ ഹര്‍ഡില്‍സിന്റെ അണ്ടര്‍ 18 വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമനായ തിരൂര്‍ സ്വദേശി മുഹമ്മദ് ഹനാന്‍ ദേശീയ ജൂനിയര്‍ അത്ലറ്റിക് ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി കായികമന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. .
കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്ലറ്റിക് മീറ്റിനുള്ള ടീമിനായാണ് ക്യാമ്പ്. കായികവകുപ്പിന്റെ സമ്മാനമായി ഹനാന് ഒരു ലക്ഷം രൂപയുടെ സ്പോട്സ് കിറ്റ് സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ജൂലായ് 20ന് തിരൂരില്‍ നടക്കുന്ന ചടങ്ങിലാണ് കിറ്റ് സമ്മാനിക്കുക.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ദക്ഷിണമേഖല ജൂനിയര്‍ മീറ്റില്‍ ഒന്നാമതെത്തിയതാണ് ഹനാനെ ലോകറാങ്കില്‍ മുന്‍നിരയില്‍ എത്തിച്ചത്. സഹോദരന്‍ മുഹമ്മദ് ഹര്‍ഷാദിന്റെ പരിശീലനത്തിലാണ് ഹനാന്‍ കുതിക്കുന്നത്. ഹനാന്റെ മുന്നേറ്റം അടുത്തുനിന്ന് കാണാന്‍ കഴിഞ്ഞ വ്യക്തി എന്ന നിലയില്‍ ഏറെ സന്തേഷമുള്ള സന്ദര്‍ഭമാണിതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഭയുള്ള കായികതാരമാണ്. അതുകൊണ്ട് തന്നെയാണ് പരിമിതമായ സാഹചര്യങ്ങളില്‍നിന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞത്.
ഹനാന് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.


