Business
പുതിയ തലമുറ ചുവടുവെയ്ക്കേണ്ടത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്തേക്ക്
ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലായതുകൊണ്ട് ഹാഷിഫ് ഒളകരയ്ക്ക് നാടിനേക്കാള്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വീട്ടുകാരും കൂട്ടുകാരുമൊക്കെ ഉള്ളത് ദോഹയില്‍ തന്നെയാണ്. നാട്ടിലേതിനു സമാനമായി കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്ന അവസരം തന്നെയാണ് ഖത്തറിലും ഈദ്. ഖത്തറിലുള്ളവര്‍ മാത്രമല്ല ചിലപ്പോഴൊക്കെ നാട്ടില്‍ നിന്നും യു എ ഇയില്‍ നിന്നുമൊക്കെയായി ബന്ധുക്കളില്‍ പലരും പെരുന്നാളാഘോഷിക്കാന്‍ ഖത്തറിലെത്താറുമുണ്ട്.
പക്ഷേ, കഴിഞ്ഞ രണ്ടു പെരുന്നാളുകളിലും ഇതൊന്നുമുണ്ടായില്ലെന്ന സങ്കടമുണ്ട് യുവ ബിസിനസുകാരന്. കോവിഡ് വന്നുഭവിച്ചതോടെ എല്ലാവരും അവരവരുടെ കേന്ദ്രങ്ങളില്‍ തന്നെയായി. ചിലരൊക്കെ നാട്ടിലായി, മറ്റു ചിലര്‍ ദുബൈയിലായി, ഖത്തറിലുള്ളവര്‍ അവരവരുടെ താമസ കേന്ദ്രങ്ങളിലുമായി.


എങ്കിലും പള്ളിയില്‍ പോവാനാവാതെയും ആരാധന നിര്വഹിക്കാനാവാതെയുമുണ്ടായിരുന്ന ഒരു നോമ്പിനും പെരുന്നാളിനും ശേഷം ഇതൊക്കെ ചെയ്യാനാവുന്ന നോമ്പും പെരുന്നാളും കൂടി കോവിഡ് കാലത്ത് കിട്ടിയെന്ന സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നു. പള്ളികള്‍ അടച്ചിടേണ്ട വന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായി. മുമ്പൊരിക്കലും ആരും അനുഭവിക്കാത്ത സംഭവങ്ങളും കാഴ്ചകളുമാണ് കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിലുണ്ടായത്. അതുകൊണ്ടുതന്നെ ചിന്തിക്കാനാവുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് സംഭവിച്ചതും.
പക്ഷേ, കോവിഡ് സാഹചര്യങ്ങളെ വലിയ പ്രശ്നങ്ങളായെടുക്കാതെ മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. നെഗറ്റീവുകള്‍ മാത്രം കാണാതെ ജീവിതശൈലിയെ പോസിറ്റീവായെടുക്കുകയാണ് ആദ്യം വേണ്ടത്. പരാതികളെല്ലാം മാറ്റിവെച്ച് ഇനി കുറച്ചുകാലത്തേക്കെങ്കിലും ഇതായിരിക്കും ജീവിതരീതിയെന്ന ബോധ്യമുണ്ടാക്കുന്നതോടെ മുമ്പോട്ടേക്കുള്ള യാത്ര എളുപ്പമാകുമെന്ന് അദ്ദേഹം തന്റെ അനുഭവത്തിലൂടെ വിവരിക്കുന്നു.
കോവിഡ് രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ പലപ്പോഴും ക്വാറന്റൈന് കാലയളവിനെ കുറിച്ച് പറയുമ്പോള്‍ അതൊരു ഭാരിച്ച കാര്യമായാണ് എടുത്തുകാണിക്കാറുള്ളത്. സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പരമാവധി പാലിക്കുകയാണ് ഉത്തമം. രോഗവ്യാപനം തടയാനാണല്ലോ എല്ലാവരും ശ്രമിക്കുന്നത്.
ഇന്ത്യയില്‍ ഗുരുതരമായ അവസ്ഥയില്‍ മാറ്റം വന്ന് താഴേക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ കോവിഡ് വ്യാപനത്തെ ലളിതമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതാണ് രോഗബാധ വര്‍ധിക്കാനുള്ള കാരണമായത്.
വലിയ കെട്ടിടങ്ങളും വലിയ തൊഴിലിടങ്ങളും ആവശ്യമുള്ള സ്ഥാനത്ത് പല ബിസിനസുകളും വര്‍ക്ക് ഫ്രം ഹോമിലേക്കും ഏറ്റവും മികച്ച രീതിയില്‍ ചെയ്യേണ്ടതിലേക്കുമായി മാറി. പുതിയ സാഹചര്യങ്ങളെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിലൂടെ വിജയം നേടാനാവും.
എല്ലാ തരത്തിലുമുള്ള സ്രോതസ്സുകളും കമ്പനികള്‍ക്കുണ്ടെന്നും എല്ലാതരം ജീവനക്കാരേയും സംരക്ഷിക്കാനാവുമെന്നും ചിന്തിച്ചിട്ട് കാര്യമുണ്ടാവില്ല. തുടര്‍ച്ചയായ ഗവേഷണങ്ങളിലൂടേയും പരീക്ഷണങ്ങളിലൂടെയും വികസന പ്രവര്ത്തനങ്ങളുണ്ടാക്കണം. മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളിലും വലിയ മാറ്റമുണ്ടാക്കേണ്ട കാലമാണ് വന്നിരിക്കുന്നത്. കാര്യങ്ങളില്‍ ഭൂരിപക്ഷവും ഡിജിറ്റലിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്.
ഗൂഗ്ള്‍ മീറ്റും സൂം മീറ്റുമൊക്കെ സര്‍വ്വസാധാരണമായി. കൊച്ചുകുട്ടികള്‍ പോലും അവരുടെ പാഠങ്ങളും വിദ്യാഭ്യാസവുമെല്ലാം സൂമിലും ഗൂഗ്ളിലുമൊക്കെയായി. രണ്ടു വര്‍ഷംമുമ്പ് ഒരു ഓണ്‍ലൈന്‍ മീറ്റില്‍ പോലും പങ്കെടുക്കുകയോ അങ്ങനെയൊരു സംഭവമുണ്ടെന്ന് അറിയുകയോ പോലും ചെയ്യാതിരുന്നവര്‍ക്ക് ഇതൊക്കെ സര്‍വസാധാരണമായി.
കാര്യങ്ങള്‍ക്കെല്ലാം മാറ്റം വരികയാണ്. ഇനിയുള്ളത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. അതിനനുസരിച്ചുള്ള പഠനങ്ങളാണ് പുതിയ തലമുറയ്ക്ക് നല്‍കേണ്ടത്. വരും കാലത്ത് പുതിയ തലമുറയ്ക്ക് തൊഴില്‍ രംഗത്ത് പുതിയ സാധ്യതകള്‍ തേടേണ്ടി വരും. ഇപ്പോള്‍ നിലവിലുള്ള പല ജോലികളും റോബോട്ടുകളും കൃത്രിമ ബുദ്ധിയുമൊക്കെയായിരിക്കും കൈകാര്യം ചെയ്യുക. സെക്യൂരിറ്റി, ക്ലീനിംഗ്, ടാക്സി തുടങ്ങി നിരവധി മേഖലകള്‍ അതിലേക്ക് മാറുമെന്ന് ഉറപ്പാണ്. 2030 ആകുമ്പോഴേക്കും ഇവയെല്ലാം നിലവില്‍ വന്നേക്കും.
പുതിയ തലമുറയ്ക്ക് കൂടുതല്‍ ബുദ്ധിയുണ്ടെന്ന കാര്യവും ഹാഷിഫ് ഒളകര അടിവരയിടുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പ്രതിസന്ധികളെയെല്ലാം അവര്‍ക്ക് കടന്നു പോകാനാകും. ഇപ്പോഴുള്ള കോവിഡ് സാഹചര്യത്തിന് മാറ്റം വരുന്നതോടെ പുതിയ പ്രതീക്ഷയുള്ള ലോകത്തേക്കാണ് കാലം ചുവടുവെയ്ക്കുകയെന്നും അദ്ദേഹം ചിന്തിക്കുന്നു.


