Connect with us

Featured

പ്രവാസി വോട്ടവകാശം: വഞ്ചി ഇന്നും തിരുനക്കരെ

Published

on


ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലിമെന്റിലേക്കുള്ള മഹത്തായ പൊതു തെരഞ്ഞെടുപ്പ് മഹോത്സവത്തിന് രാജ്യം ഒരുങ്ങുന്നു.

പതിനെട്ടാം ലോകസഭയിലേക്കുള്ള 543 അംഗങ്ങളെ തെരഞ്ഞെടുക്കുവാന്‍ രാജ്യത്തെ 18 വയസ്സ് പൂര്‍ത്തിയാക്കിയ 82 കോടി ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കുവാനുള്ള ആവേശത്തിലാണ്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും കൂടുതല്‍ കരുത്തുപകരുന്ന
പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള വോട്ടവകാശം ഇന്നും കിട്ടാക്കനിയായി അവശേഷിക്കുന്നു.

ഇന്ത്യക്കാരുടെ പ്രവാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വതന്ത്ര ഭാരതത്തിലെ തെരഞ്ഞെടുപ്പുകളുടെ തുടക്കത്തോളം തന്നെ ഇന്ത്യക്കാരുടെ ആധുനിക പ്രവാസജീവിതത്തിനും പഴക്കമുണ്ട്.

വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കില്‍ മൂന്നുകോടിയോളം പേരാണ് പ്രവാസികളായി ഇന്ത്യയ്ക്ക് പുറത്തുള്ളത്. ഏകദേശം ഇരുപതോളം ലോകസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തിനൊപ്പമാണ് വോട്ടില്ലാത്ത പ്രവാസികളുടെ എണ്ണം.

വര്‍ഷം തോറും ഇരുപത്തി അഞ്ചുലക്ഷം പേര്‍ ഇപ്പോഴും മറ്റു രാജ്യങ്ങളിലേക്ക് ഒഴുകുന്നു.
രാജ്യം സാമ്പത്തികമായും സാങ്കേതികമായും വന്‍ശക്തിയായി കുതിക്കുന്നു എന്നവകാശപ്പെടുമ്പോഴും പതിറ്റാണ്ടുകളായി അന്യനാടുകളില്‍ പണിയെടുത്തു ജീവിക്കുന്ന ഭാരതീയന് മാതൃരാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ അതത് രാജ്യങ്ങളില്‍ നിന്ന് വോട്ടുചെയ്യാന്‍ നിയമമില്ല, സൗകര്യമില്ല, അവകാശവുമില്ല.

പ്രവാസികളെ രാജ്യത്തിന്റെ നട്ടെല്ലെന്നും നാഡിയെന്നും വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും വ്യത്യസ്ത വിഷയങ്ങളില്‍ അവഗണിക്കുന്നതുപോലെ പൗരന്റെ ഭരണഘടനാവകാശമായ വോട്ടവകാശം പ്രവാസികള്‍ക്ക് ഇന്നും നിഷേധിക്കപ്പെടുന്നതില്‍ തുല്യപങ്കാണ് വഹിക്കുന്നത് അല്ലെങ്കില്‍ ക്രീയാത്മകമായ ഒരുനീക്കവും കൈകൊള്ളുന്നില്ല.

പ്രവാസി വോട്ടവകാശം നേടിയെടുക്കുവാന്‍ ഉന്നത നീതിപീഠത്തെ സമീപിച്ച് വ്യവഹാരത്തിന് പോയ പ്രവാസികളും നിരാശയിലാണ്.

പ്രവാസി വോട്ടവകാശത്തോടുള്ള സര്‍ക്കാരിന്റെ നിസ്സംഗത ബോധപൂര്‍വ്വമാണെന്നുള്ളതാണ് പ്രവാസികളുടെ പരക്കെയുള്ള വിശ്വാസം.

പല സുപ്രധാന നിയമ നിര്‍മ്മാണങ്ങളും റദ്ദാക്കലുകളും നടത്തിയ എന്‍ ഡി എ സര്‍ക്കാരിന്റെ വോട്ടവകാശ വിഷയത്തില്‍ പ്രവാസികളോടുള്ള അവഗണന യാദൃശ്ചികമല്ലെന്നാണ് പരക്കെയുള്ള വിശ്വാസം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നിയനിര്‍മ്മാണ സഭാംഗങ്ങളും നേതാക്കളും പ്രവാസ മണ്ണിലെത്തുമ്പോള്‍ പ്രവാസികളെ വാനോളം പുകഴ്ത്തുകയും വാരിപ്പുണരുകയും വാഗ്ദാനങ്ങള്‍ ചൊരിയുന്നതും പ്രവാസ ലോകത്തെ സ്ഥിരം കാഴ്ചകളാണ്.

പ്രവാസികളുടെ വോട്ടവകാശമുള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും ഇന്നും പരിഹരിപ്പെടാതെ അവഗണിക്കപ്പെട്ടു കിടക്കുന്നു.

പ്രവാസികളുടെ പരാതികളും അവകാശങ്ങളും നേടിത്തരുവാന്‍ ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമമില്ല.

നിയനിര്‍മ്മാണ സഭകളിലും ഭരിക്കുന്ന സര്‍ക്കാരുകളിലും പ്രവാസികള്‍ക്കുവേണ്ടി ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമമില്ല.

2013ല്‍ ബഹുമാനപ്പെട്ട സുപ്രിം കോടതിയില്‍ ഒരു പ്രവാസി ഫയല്‍ ചെയ്ത പെറ്റീഷനാണ് വോട്ടവകാശത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്.

Advertisement

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വലിയ വിമാനക്കൂലികൊടുത്ത് നാട്ടില്‍ വന്ന് നേരിട്ട് വോട്ട് ചെയ്യുവാനുള്ള പ്രയാസം മനസ്സിലാക്കിയ ഉന്നത നീതി പീഠം വിദേശ ഇന്ത്യക്കാര്‍ക്ക് അതത് രാജ്യങ്ങളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍
പരിശോധിക്കാന്‍ ഇലക്ഷന്‍ കമ്മീഷനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ട് പെറ്റീഷന്‍ കോടതി തീര്‍പ്പാക്കുകയുണ്ടായി.

1951ലെ ജനപ്രാതിനിധ്യ ഭേദഗതി നിയമത്തിലെ അറുപതാം വകുപ്പ് (വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി വോട്ട് ചെയ്യുന്നത്) ഭേദഗതി ചെയ്യുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നല്കിയ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 2018ല്‍
പ്രോക്‌സി വോട്ടിനായി 20 എ വകുപ്പ് ചുമത്തിയ നിയന്ത്രണം നീക്കാനവതരിപ്പിച്ച ബില്‍ ലോകസഭ പാസ്സാക്കി.

എന്നാല്‍ പ്രസ്തുത ബില്‍ രാജ്യ സഭയില്‍ അവതരിപ്പിക്കാത്തതിനെ തുടര്‍ന്നു അസാധുവാകുകയായിരുന്നു.
വീണ്ടും പ്രവാസികളോടുള്ള അവഗണന.

പ്രവാസികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ മുന്നണികളൊന്നും മുന്നോട്ടുവന്നില്ല. പിന്നീട് ഇലക്ഷന്‍ കമ്മീഷന്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ച പല നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
ജനപ്രാതിനിധ്യനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പുതിയ ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പൗരന്റെ ഭരണഘടനാവകാശമായ വോട്ടവകാശം പ്രവാസി ഭാരതീയനും ഉറപ്പുവരുത്തണം.

ബില്ല് നിയമമാക്കാന്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരും പ്രതിപക്ഷവും മുന്‍കയ്യെടുക്കണം.
ബില്ലുകള്‍ ഇരുസഭകളുടേയും മേശപ്പുറത്തുവച്ച് പാസ്സാക്കാന്‍ ഇരുപക്ഷവും മുന്‍കയ്യെടുക്കണം.

ഡിജിറ്റല്‍ ഗവേര്‍ണനസ്സും പേപ്പര്‍ലെസ്സ് ഗവേര്‍ണനസ്സും ഇ വി എം വോട്ടിംഗ് സംവിധാനവും സാങ്കേതിക മികവോടെ മുന്നേറുന്ന ഈ കാലഘട്ടത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി വിദൂര വോട്ടിംഗ് സംവിധാനം ബാലികേറാ മലയല്ലെന്ന് പ്രവാസ ലോകം വിശ്വസിക്കുന്നു.

ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സംവിധാനങ്ങളുള്‍പ്പെടെ ഡിജിറ്റല്‍ വോട്ടിംഗ് രീതിയും ഇ ടി പി ബി എസ് (ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) രീതിയും പരിഗണിക്കണം.

പ്രവാസി ഇന്ത്യക്കാരന് വിദേശത്ത് നിന്ന് വോട്ട് ചെയ്യുവാന്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവാസികള്‍
നിര്‍ണ്ണായക ശക്തിയായി ഉയര്‍ന്നുവരുമെന്നുള്ള ഭയം ആരെയൊക്കെയൊ അലോസരപ്പെടുത്തുന്നുണ്ട്.
മുപ്പത് തൊട്ട് നാല്പത് മണ്ഡലങ്ങളില്‍ വരെ ജനവിധിയെ സ്വാധീനിക്കാന്‍ പ്രവാസി വോട്ടിന് കഴിയുമെന്നുള്ള കണക്കുകളും ഭയക്കുന്നവരുടെ കയ്യിലുണ്ട്.

ആശങ്കകളും ഭയവും കൈവെടിഞ്ഞ് ജനാധിപത്യത്തെ ശാക്തീകരിക്കുന്നതിലൂടെ പ്രാവാസികളെ കൂടുതല്‍ മികച്ച രീതിയില്‍ ശാക്തീകരിക്കാനുള്ള ഒരവസരം കൂടിയായി സര്‍ക്കാരുകളും മുന്നണികളും വോട്ടവകാശത്തെ കാണണം.

ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ മുന്നണികളുടെ പ്രകടന പത്രികകളില്‍ പ്രവാസി വോട്ടവകാശം റിമോട്ട് വോട്ടിംഗ് രീതിയിലൂടെ സാധ്യമാക്കുമെന്ന വാഗ്ദാനം പ്രതീക്ഷിക്കുന്നു.

പ്രവാസ മണ്ണില്‍ നിന്ന് വോട്ടു ചെയ്യാനുള്ള അവകാശം പ്രവാസിക്കെന്നും കിട്ടാക്കനിയായി തീരരുത്.

നാടിന്റെ നട്ടെല്ലാണ് നാഡിയാണെന്ന് പറഞ്ഞ് പ്രവാസികളെ പുകഴ്ത്തുന്ന പതിവ് വാചകങ്ങള്‍ നിര്‍ത്തി ജനാധിപത്യത്തിന്റെ മഹോത്സവമായ തെരഞ്ഞെടുപ്പില്‍ പങ്കാളിയവാനുള്ള പൗരന്റെ അവകാശത്തെ വിനിയോഗിക്കാന്‍ പ്രവാസി ഭാരതീയനും അവസരമൊരുക്കാനുള്ള നടപടികളാരംഭിച്ച് പ്രവാസികളേയും ജനാധിപത്യത്തേയും ശക്തിപ്പെടുത്തണം.

error: Content is protected !!