Special
അവധി ദിവസങ്ങളില്‍ അവര്‍ മല കയറുന്നു; മഞ്ഞക്കൊന്നയുടെ വേരറുക്കാന്‍
സുല്‍ത്താന്‍ ബത്തേരി: അവധി ദിവസങ്ങളില്‍ ഈ ചെറുപ്പക്കാര്‍ മലകയറുന്നത് അവരുടെ സുഖവാസത്തിനല്ല, മറിച്ച് പ്രകൃതിയുടെയും വന്യമൃഗങ്ങളുടെയും പ്രയാസഹരിതമായ സഞ്ചാരത്തിനാണ്. കോഴിക്കോട് ചിന്മയ മിഷന്‍ സ്‌ക്കൂളിലെ പരിസ്ഥിതി കൂട്ടായ്മയിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമാണ് അവധി ദിവസങ്ങളില്‍ സംഘടിച്ചെത്തുന്നത്. മഞ്ഞക്കൊന്ന എന്ന അധിനിവേശ സസ്യത്തെ വേരോടെ പിഴുതെറിയാന്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂളിലെ പൃഥി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികള്‍ മുത്തങ്ങ സന്ദര്‍ശിച്ചിടത്തുനിന്നാണ് തുടക്കം. അന്ന് സെന്ന സ്പെക്റ്റാബിലിസ് എന്നു പേരുള്ള മഞ്ഞക്കൊന്ന അഥവാ രാക്ഷസക്കൊന്നയുടെ ചെറുനാമ്പുകള്‍ മുത്തങ്ങയില്‍ വേരിട്ടിട്ടുണ്ടായിരുന്നു. വനവത്ക്കരണത്തിനിടെ യാദൃശ്ചികമായി വളര്‍ന്നുവന്നതാണ് എന്നാണ് കരുതുന്നത്. ഇന്നിപ്പോള്‍ മുത്തങ്ങ വനത്തില്‍ 1400 ഹെക്ടറില്‍ മഞ്ഞക്കൊന്ന പടര്‍ന്നിരിക്കുന്നു. ഇതര സസ്യങ്ങള്‍ക്ക് വളരാന്‍ കഴിയില്ല എന്നതാണ് മഞ്ഞക്കൊന്നയുടെ പ്രത്യേകത. അതിനാല്‍ കാട്ടില്‍ പല മൃഗങ്ങള്‍ക്കും തീറ്റ നഷ്ടപ്പെടുകുയും പട്ടിണിയാവുകയും ചെയ്യുന്നു.
പൃഥി ക്ലബ്ബിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന കൂട്ടായ്മയാണ് പൃഥി റൂട്ട്. അവര്‍ മഞ്ഞക്കൊന്നയുടെ വിപാടനത്തിനായി ഒരുമിച്ചിറങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച മുത്തങ്ങയില്‍ എത്തുന്ന ഇവര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൊന്നയുടെ വേരറുക്കുന്നതില്‍ വാപൃതരാവും. വെറും വേരറുക്കല്‍ മാത്രമല്ല പൂര്‍ണമായി ഡിബാര്‍ക്ക് ചെയ്താണ് വിടുക. അതോടെ ആ സസ്യം പിന്നീട് വളരില്ല. ഇത്തരത്തില്‍ 200 ഹെക്ടറിലെ 800ഓളം മരങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞതായി പൃഥി റൂട്ട് സെക്രട്ടറി സുഗമ്യ പി പറഞ്ഞു.
ഏഴാഴ്ചായി ഈ ജോലി തുടങ്ങിയിട്ട്. വയനാട്ടിലെ മറ്റു പല സ്ഥലങ്ങളിലേക്കും മഞ്ഞക്കൊന്ന പടരുന്നതായി പൃഥി റൂട്ട് പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. തങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുന്നത് നന്നാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.