Featured
റഷ്യയിലെ വെടിവെയ്പിനെ ഖത്തര്‍ അപലപിച്ചു

ദോഹ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത വെടിവെയ്പിനെ ഖത്തര്‍ ഭരണകൂടം ശക്തമായി അപലപിച്ചു.


ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമവും തീവ്രവാദവും നിരസിക്കുന്നതിലെ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും റഷ്യന്‍ സര്‍ക്കാറിനോടും ജനങ്ങളോടും ഖത്തര്‍ ഭരണകൂടത്തിന്റെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.


മോസ്‌കോയ്ക്ക് സമീപം സംഗീതാസ്വാദകര്‍ക്ക് നേരെ തോക്കുധാരികള്‍ നടത്തിയ വെടിവെയ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടതായും 145 പേര്‍ക്ക് പരുക്കേറ്റതായും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
സോവിയറ്റ് കാലഘട്ടത്തിലെ റോക്ക് ഗ്രൂപ്പായ ‘പിക്‌നിക്’ മോസ്‌കോയുടെ പടിഞ്ഞാറ് പ്രാന്തപ്രദേശത്തുള്ള തിയേറ്ററായ ക്രോക്കസ് സിറ്റി ഹാളിലാണ് സംഗീത പരിപാടി അവതരിപ്പിക്കാന്‍ തയ്യാറെടുത്തത്. ഓഡിറ്റോറിയത്തില്‍ 6,200 പേര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. പരിപാടിക്ക് തൊട്ടുമുമ്പാണ് തോക്കു ധാരികളെത്തി വെടിവെയ്പ് നടത്തിയത്.
ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളില്‍ ഒരിക്കല്‍ നിയന്ത്രണം തേടിയ തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഗ്രൂപ്പിന്റെ അമാഖ് ഏജന്‍സി ടെലിഗ്രാമില്‍ പറഞ്ഞു.
വെള്ള കാറിലെത്തി ആക്രമണം നടത്തിയവരില്‍ രണ്ട് പേരുടെ ചിത്രം ചില റഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. തോക്കുധാരികള്‍ ഒളിവിലാണെന്ന് ചില റഷ്യന്‍ മാധ്യമങ്ങള്‍ പറഞ്ഞു.
മോസ്‌കോയുടെ പ്രാന്തപ്രദേശത്ത് തങ്ങളുടെ പോരാളികള്‍ ആക്രമണം നടത്തിയതായും നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത് അവര്‍ സുരക്ഷിതമായി താവളങ്ങളിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്ഥലത്തിന് വലിയ നാശം വരുത്തുകയും ചെയ്തുവെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് പ്രസ്താവനയില്‍ പറയുന്നു.
ലോകം മുഴുവന്‍ അപലപിക്കേണ്ട രക്തരൂക്ഷിതമായ ഭീകരാക്രമണമാണിതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.
അമേരിക്കയും യൂറോപ്യന്‍, അറബ് ശക്തികളും പല മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും ഞെട്ടല്‍ പ്രകടിപ്പിക്കുകയും ആക്രമണത്തെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ‘ഭീകരവും ഭീരുത്വവും നിറഞ്ഞ ആക്രമണം’ എന്ന് വിശേഷിപ്പിച്ചു.
വെടിവെയ്പിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലും ഗതാഗത കേന്ദ്രങ്ങളിലും ഉള്‍പ്പെടെ തലസ്ഥാനത്തുടനീളം റഷ്യ സുരക്ഷ കര്‍ശനമാക്കി. രാജ്യത്ത് നടക്കാനിരുന്ന വലിയ തോതിലുള്ള പൊതുപരിപാടികളെല്ലാം റദ്ദാക്കി.


