Featured
ഖത്തര്‍ ഫൈനലില്‍

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഫൈനലില്‍ ജോര്‍ദാനുമായി ഏറ്റുമുട്ടുന്നത് ആതിഥേയരായ ഖത്തര്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറാനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഖത്തര്‍ ഫൈനലിലെത്തിയത്.


ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ 17 വര്‍ഷത്തിന് ശേഷാണ് അറബ് ടീമുകള്‍ ഫൈനലില്‍ മാറ്റുരക്കുന്നത്. 2007ല്‍ സൗദി അറേബ്യയെ തോല്‍പിച്ച് ഇറാഖ് ചാമ്പ്യന്മാരായതായിരുന്നു അറബ് ടീമുകള്‍ തമ്മിലുള്ള ഒടുവിലത്തെ ഫൈനല്‍.

നാലാം മിനിറ്റില്‍ ബൈസികിള്‍ കിക്കിലൂടെ സര്‍ദാര്‍ അസ്മൂന്‍ ആദ്യ ഗോള്‍ നേടി ഇറാന്‍ ഖത്തറിനെ ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രണ്ട് ഗോളോടെ ഖത്തര്‍ ലീഡ് പിടിച്ചു. കളി ഇടവേളയിലെത്തുമ്പോള്‍ ഖത്തര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.


രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി ഇറാന്‍ മുതലെടുത്തെങ്കിലും 82-ാം മിനിറ്റില്‍ അല്‍മുഇസ് അലി ഖത്തറിന്റെ വിജയ ഗോള്‍ നേടി.
മൂന്നു തവണ ചാമ്പ്യന്മാരാകാന്‍ ഇറാന് സാധിച്ചിരുന്നെങ്കിലും 48 വര്‍ഷമായി അവര്‍ ഫൈനലില്‍ എത്തിയിട്ടില്ല. 1976ലാണ് ഇറാന്‍ അവസാനമായി ഏഷ്യന്‍ കപ്പ് നേടിയത്.


