Connect with us

Entertainment

പൊന്നിയിന്‍ സെല്‍വനില്‍ മധുരാന്തക ചോഴനായി റഹ്മാന്‍; സുന്ദര ചോഴനായി പ്രകാശ് രാജും

Published

on


ചെന്നൈ: തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലായ ‘പൊന്നിയിന്‍ സെല്‍വന്‍’ അഞ്ചു ഭാഷകളില്‍ രണ്ടു ഭാഗങ്ങളായി മണിരത്‌നം വെള്ളിത്തിരയിലാക്കുമ്പോള്‍ അതിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രശസ്തരും പ്രഗത്ഭരുമായ അഭിനേതാക്കളാണ്. വിക്രം, കാര്‍ത്തി, ജയം രവി, ശരത്കുമാര്‍, റഹ്മാന്‍, ജയറാം, ബാബു ആന്റണി, ലാല്‍, പ്രകാശ് രാജ്, അശ്വിന്‍ കകുമനു, പ്രഭു, വിക്രം പ്രഭു പാര്‍ഥിപന്‍, റിയാസ് ഖാന്‍, മോഹന്‍ രാമന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ താരനിര തന്നെ പൊന്നിയിന്‍ സെല്‍വനില്‍ അണി നിരക്കുന്നു. ഓരോ ദിവസവും അണിയറക്കാര്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്ന ക്യാരക്ടര്‍ ലുക്ക് പോസ്റ്ററുകള്‍ വലിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്.

മറ്റു താരങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചുളള സസ്‌പെന്‍സ് നിലനില്‍ക്കെ ഏറ്റവും ഒടുവിലായി മലയാളി താരം റഹ്മാന്‍ അവതരിപ്പിക്കുന്ന മധുരാന്തക ഉത്തമ ചോഴന്‍, പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴന്‍, ജയചിത്ര അവതരിപ്പിക്കുന്ന മധുരാന്തകന്റെ മാതാവ് സെമ്പിയന്‍ മാദേവി എന്നീ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാര്‍ . അതും വലിയ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്.

ഇന്ത്യന്‍ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകന്‍ മണിരത്‌നം അണിയിച്ചൊരുക്കിയ മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ മണിരത്‌നത്തിന്റെ മെഡ്രാസ് ടാക്കീസും സുഭാസ്‌ക്കരന്റെ ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗം (പി എസ് 1) സെപ്റ്റംബര്‍ 30ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിന്‍ സെല്‍വന്‍-1 (പി എസ്-1) റീലീസ് ചെയ്യുക. കേരളത്തിലെ വിതരണവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്.

പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സിനിമാ പ്രേമികള്‍ ആകാംഷാഭരിതരാണ്. രവി വര്‍മ്മന്റെ ഛായഗ്രഹണം കാണികള്‍ക്ക് മനോഹര ദൃശ്യവിരുന്നൊരുക്കുമ്പോള്‍ എ ആര്‍ റഹ്മാന്റെ സംഗീതം ആസ്വാദകര്‍ക്ക് ഇമ്പമൊരുക്കുന്നു. റഫീക് അഹമ്മദാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്, ബൃന്ദ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. വാര്‍ത്താ വിതരണം: സി കെ അജയ് കുമാര്‍.

Advertisement

error: Content is protected !!