Connect with us

Business

കൊച്ചിയിലും തിരുവനന്തപുരത്തും വലിയ തോതില്‍ കോവര്‍ക്കിംഗ് സ്പേസ് ഒരുക്കാന്‍ സ്പേസ്‌വണ്‍

Published

on


കൊച്ചി: കോവിഡ് ഭീഷണി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ പുതിയൊരു കൂട്ടം തൊഴില്‍ ദാതാക്കളുടേയും ജീവനക്കാരുടേയും പ്രതീക്ഷകള്‍ നിറവേറ്റിക്കൊണ്ട് രാജ്യത്തെ പ്രമുഖ കോവര്‍ക്കിംഗ് സ്പേസ് ദാതാവായ സ്പേസ്‌വണ്‍ കേരളത്തിലെ ആദ്യ കേന്ദ്രം കൊച്ചി മരടിലെ അബാദ് ന്യൂക്ലിയസ് മാളില്‍ തുറന്നു. 5000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ കേന്ദ്രം അബാദ് ഗ്രൂപ്പ് ചെയര്‍മാന്‍ സക്കറിയ ഉസ്മാനും അബാദ് ഫിഷറീസ് എം ഡി അന്‍വര്‍ ഹാഷിമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അബാദ് ബില്‍ഡേഴ്സ് എം ഡി ഡോ. നജീബ് സക്കറിയ, സ്പേസ്‌വണ്‍ സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജെയിംസ് തോമസ്, പ്രോപ്പര്‍ട്ടി അക്വിസിഷന്‍ ഡയറക്ടര്‍ സിജോ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിക്കു പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും കമ്പനി കോര്‍വര്‍ക്കിംഗ് കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജെയിംസ് തോമസ് പറഞ്ഞു.

1000 കോവര്‍ക്കിംഗ് സീറ്റുകള്‍ക്ക് സൗകര്യമൊരുക്കുന്നതിന് തിരുവനന്തപുരത്തും കൊച്ചിയിലുമായി 70,000 ചതുരശ്ര അടി സ്ഥലം സ്പേസ്‌വണ്‍ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലാരംഭിക്കുന്ന സെന്ററുകളുടെ ആദ്യത്തേതാണ് കൊച്ചിയില്‍ തുറന്നത്. ആഡംബര ചുറ്റുപാടും ലീസ്ഡ് ഇന്റര്‍നെറ്റ്, പവര്‍ ബാക്കപ്പ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ന്യൂക്ലിയസ് മാളില്‍ തുറന്ന സെന്ററില്‍ ലഭ്യമാണ്. ഒരേ സമയത്ത് ആയിരം പേര്‍ക്ക് സൗകര്യമുള്ള രണ്ട് മള്‍ട്ടിപര്‍പ്പസ് ഹാളുകള്‍ ചേര്‍ന്നതാണ് കൊച്ചിയിലെ സെന്റര്‍.

മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, കഫറ്റേരിയ, എന്റര്‍ടെയിന്‍മെന്റ് ഏരിയ എന്നിവ ഉള്‍പ്പെടെ പുതിയ തലമുറ ഉറ്റുനോക്കുന്ന എല്ലാ സംവിധാനങ്ങളും കൊച്ചിയിലെ സെന്ററിലുണ്ട്. 350 കാറുകള്‍ പാര്‍ക്കു ചെയ്യാവുന്ന ന്യൂക്ലിയസ് മാളിലെ പാര്‍ക്കിംഗ് സൗകര്യവും സെന്ററിന്റെ ആകര്‍ഷണമാണ്.

കോവിഡ് ഒഴിഞ്ഞതിനു പിന്നാലെ ബിസിനസ് സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാരെ വീണ്ടും തൊഴിലിടങ്ങളിലേയ്ക്ക് കൊണ്ടുവരികയാണെന്നും മാറിയ സാഹചര്യത്തില്‍ കോവര്‍ക്കിംഗ് സംസ്‌കാരം കൂടുതല്‍ വളര്‍ച്ച നേടുകയാണെന്നും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജെയിംസ് തോമസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ഓഫീസുകളും വര്‍ക്ക് സ്പേസും ഏളുപ്പത്തിലും ബുദ്ധിമുട്ടുകളില്ലാതെയും ആരംഭിക്കാന്‍ കോവര്‍ക്കിംഗ് സ്പേസുകള്‍ സൗകര്യമൊരുക്കുന്നു.

സാധാരണ ഓഫീസുകളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവില്‍ ഗണ്യമായ കുറവു വരുത്താമെന്നതും കോവര്‍ക്കിംഗ് സ്പേസിന്റെ ആകര്‍ഷണമാണെന്നും ജെയിംസ് തോമസ് കൂട്ടിച്ചേര്‍ത്തു. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജോലി ചെയ്യുന്ന ടീമിന്റെ സൈസ് എളുപ്പത്തില്‍ വലുതോ ചെറുതോ ആക്കാമെന്നതുള്‍പ്പെടെയുള്ള വഴക്കവും എടുത്തു പറയേണ്ടതാണ്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സാന്നിധ്യമുള്ള കോവര്‍ക്കിംഗ് സേവനങ്ങളിലൂടെ വലിയ കമ്പനികള്‍ക്കും ചെറിയ പട്ടണങ്ങളിലേയ്ക്കുള്‍പ്പെടെ പെട്ടെന്നു തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്ന സൗകര്യവുമുണ്ട്.

2022-23 വര്‍ഷം വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപയുടെ നിക്ഷേപങ്ങളാണ് സ്പേസ് വണ്‍ സൊലൂഷന്‍സ് നടത്താന്‍ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ സിജോ ജോസ് പറഞ്ഞു. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും സെന്ററുകള്‍ വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!