Community
വ്രതശുദ്ധിയുടെ ആത്മീയ ചൈതന്യം ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കും: സഈദ് അലവി

റിയാദ്: വ്രത ശുദ്ധി സമ്മാനിക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കാന്‍ സഹായിക്കുമെന്ന് ക്ലിക്ക് ഇന്റര്‍നാഷണല്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്റ് സ്ഥാപകനും സി ഇ ഒയുമായ സഈദ് അലവി. നിഷ്‌കളങ്ക സൗഹൃദവും ഊഷ്മള സാഹോദര്യവും സൃഷ്ടിക്കാന്‍ റമദാനിലെ ഒത്തുചേരലുകള്‍ക്കും വിരുന്നുകള്‍ക്കും കഴിയും. ഇത്തരം സൗന്ദര്യ മുഹൂര്‍ത്തങ്ങളാണു ജീവിത വിജയത്തിലേയ്ക്കു നയിക്കുന്ന സൗഭാഗ്യങ്ങളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ക്രൗണ്‍ പ്ലാസയില്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലോകത്തെ ഇരുകൈകളും നീട്ടി സൗദിയിലേയ്ക്കു ക്ഷണിക്കുകയാണ് ഭരണാധികാരികള്‍. ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വളര്‍ച്ചയും വികസനവുമാണ് നടക്കുന്നത്. ട്രേഡിംഗ്, സര്‍വ്വീസ് മേഖലകളില്‍ ഒരു കൊമേഴ്സ്യല്‍ ലൈസന്‍സ് മതി എന്ന തീരുമാനം വന്നതോടെ അവസരങ്ങള്‍ പതിന്‍മടങ്ങ് വര്‍ധിച്ചു. അതുകൊണ്ടുതന്നെ ജി സി സി രാജ്യങ്ങളിലെ ഏറ്റവും മികച്ച നിക്ഷേപ അവസരം കൂടിയാണ് സൗദി അറേബ്യ തുറന്നിട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

നിക്ഷേപ മന്ത്രാലയത്തിലെ അലി മുഹമ്മദ് അല്‍ ഷരീഫ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹസന്‍ അബ്ദുല്ല ദാവൂദ്, ടൂറിസം അതോറിറ്റിയിലെ നജദ് അല്‍ ശമ്മാരി, ഇന്‍ഫ്ളുവന്‍സര്‍ എഞ്ചി. വാഇല്‍ ഹുസൈന്‍ അല്‍ അന്‍സി, അബ്ദുല്ല ആയിദ് സഈദ് അല്‍ ഖഹ്ത്വാനി തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും വ്യവസായികളും വിരുന്നില്‍ പങ്കെടുത്തു. ദുബൈയിലെ പ്രമുഖ പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റ് ഫര്‍ഹാന്‍ അക്തര്‍ അതിഥികളുമായിസംവദിച്ചു.


