എഴുത്തുമുറി
മാസപ്പിറവി

ആകാശത്തിന്റെ ഒത്ത നെറുകയില്‍ അല്പം ചരിഞ്ഞ് നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന ചന്ദ്രനെ കണ്ടു. പിന്നീട് മേഘപാളികള്‍ക്കുള്ളില്‍ മറഞ്ഞു പോയെങ്കിലും തേങ്ങാപൂള് പോലെ അത് സ്വയം ചുരുണ്ടു കൂടി.


പൂനിലാവിന്റെ തരളിതമായ വെളിച്ചത്തില്‍ വീടും നാടും ഉണര്‍ന്നു. പേറ്റു നോവില്ലാതെ പരിശുദ്ധ മാസം പിറന്നു.

റമദാന്‍ മാസപ്പിറവി കണ്ട വിവരം കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ അറിയിക്കാന്‍ മായന്‍കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ ആളുകളെ വിട്ടു.


ഞെക്കി വിളക്കും ചൂട്ടുമായി നടത്തക്കാര്‍ പലവഴികളിലായി പിരിഞ്ഞു. പള്ളികളിലും വീടുകളിലും ലാന്തര്‍ വിളക്കുകള്‍ തെളിഞ്ഞു.
ഇബ്രൂസിന്റെ വീട്ടില്‍ അത്താഴൂട്ടിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. പാനൂസ് വിളക്കിന്റെ തളര്‍ന്ന വെളിച്ചത്തില്‍ വീട്ടുമുറ്റത്ത് വന്നു നില്‍ക്കുന്ന അദ്രയ്മാനെ നോക്കി ഇബ്രൂസ് പറഞ്ഞു.
‘കേറി ഇരിക്ക് ബായീ’
‘ഞാന്‍ ഇരിക്കിണില്ല… ഇയ്യ് വേഗം ഇറങ്ങി വാടാ….. ഇശാ ബാങ്ക് കൊടുക്കാറായി…. നേരം വൈക്യാ തറാവീഹ് കിട്ടൂല..’
‘അയിനെന്താ ഞാനിതാ എപ്പളെ റെഡി’
അത്താഴത്തിന് ഒരുക്കിവെച്ച കുഞ്ഞിപത്തിരിയും ജീരകക്കഞ്ഞിയും കഴിച്ച് ചാരുകസേരയില്‍ ഇരുന്ന് ചക്കര പുകയില വലിക്കുന്ന ഇബ്രൂസിന്റെ വാപ്പയെ നോക്കി അദ്രയ്മാന്‍ മുറ്റത്ത് കൊറ്റിയെ പോലെ നിന്നു.
ഇബ്രൂസിന്റെ വാപ്പ അദ്രയ്മാനെ അടിമുടി ഒന്ന് നോക്കിയിട്ട് ചോദിച്ചു.
‘അദ്രയ്മാനേ… എത്ര റകാഅത്താ നിരത്തുമ്മലെ പള്ളീല്?’
‘നിരത്തുമ്മലെ പള്ളീല്….ത്രാന്നറീല്ല. ത്രായാലും എന്റുപ്പ എന്നോടെട്ട്‌സ്‌കരിച്ചാ മതീന്നാ പറഞ്ഞേ’.
‘ഇന്റെ ഉപ്പാന്റെ കണക്കല്ല ഇബിടെ ചോയിച്ചേ….. എന്നാ അയിനെന്റെ മോന്‍ ഇബ്രൂസിനെ കിട്ടൂലാന്ന് ന്റുപ്പാനോട് പോയിറ്റ് പറ’.
എരിയുന്ന ചുരുട്ടില്‍ നിന്നും അവസാനമായി രണ്ട് പുക കൂടി വലിച്ചെടുത്ത് ഇബ്രൂസിന്റെ വാപ്പ ചുരുട്ട് കുറ്റി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഇറ വെള്ളത്തില്‍ വീണ് ‘ശൂ’ എന്ന് കെട്ട്‌പോയ അതിന്റെ കുറ്റിയില്‍ നിന്നും ചക്കര പുകയിലയുടെ മണം അദ്രയ്മാന്റെ മൂക്കിലേക്ക് കയറി.
ഇബ്രൂസിന്റെ വാപ്പയുടെ ലഹനക്കേടുള്ള വര്‍ത്തമാനം കേട്ട് അദ്രയ്മാന്‍ ഇബ്രൂസിനെ കാത്തു നില്‍കാതെ ഇരുട്ടിന്റെ മറവിലൂടെ ഇറങ്ങിപ്പോയി.
കണ്ണാടിയില്‍ നോക്കി മുടി ചീകി കുപ്പായത്തിന്റെ കുടുക്കിടുന്നതിനിടയില്‍ ഇബ്രൂസ് വാപ്പയെ നോക്കി. എന്തിനാണ് വാപ്പ ഇങ്ങനെ ഒരു വേര്‍തിരിവും തര്‍ക്കവും ഉണ്ടാക്കുന്നെ? ഇരുപതും എട്ടും തമ്മില്‍ പന്ത്രണ്ട് റകാഅത്തിന്റെ വ്യത്യാസം മാത്രല്ലേ ഉള്ളൂ. അതിന് പന്ത്രണ്ട് മണിക്കൂറും അടിയുടെ വല്ല ആവശ്യവും ഉണ്ടോ?
വാപ്പയോട് ചോദിക്കാനുള്ള ഇത്രയും ചോദ്യങ്ങള്‍ ഇബ്രൂസ് ഉള്ളില്‍ ഒതുക്കി.
ഇറങ്ങുന്നതിനു മുമ്പേ വാപ്പ ഇബ്രൂസിനോട് പറഞ്ഞു.
‘ഇബ്രൂസേ ഇയ്യ്…. ഒരു കാര്യം മനസിലാക്കണം…. ഒഫ്ലത്തില്‍ പെട്ടുപോകര്‍ത്‌ട്ടോ… ജുമാപള്ളിയില്‍ പോയി ഇരുപതും നിസ്‌കരിച്ചിങ്ങ് പോരി. എട്ടും നിസ്‌കരിച്ച് ബാക്കി സമയം പാതിരാക്കു റോട്ടുമ്മന്നു കളിച്ചിട്ട് മാണം ശൈത്താന്റൊപ്പം കുടീക്ക് കേറി ബരാന്‍ അയിന് ഞാന്‍ ബിടൂല ട്ടോ’.
എന്തൊരു ശൗര്യം വാപ്പാക്ക്… അപ്പോള്‍ വാപ്പാന്റെ പ്രശ്‌നം അതാണ്. റമളാന്‍ മാസത്തിലും ഒരു സ്വാതന്ത്ര്യം തരൂലാന്ന് വച്ചാല്‍….
തുറന്ന തടവറകള്‍ പോലെ വീടുകള്‍… വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അനുവദിച്ചു കിട്ടുന്ന ആത്മീയ സ്വാതന്ത്ര്യം ഊര് ചുറ്റാന്‍ വേണ്ടി ദുരുപയോഗം ചെയ്യുന്നവര്‍ ഇല്ലെന്ന് പറയുന്നില്ല.
താന്‍ വാപ്പാന്റെ വരുതിയില്‍ നിന്നും വഴുതി പോകുന്നുണ്ടോ എന്ന പേടിയാണ് വാപ്പാക്ക്. വല്ല കറക്ക് കമ്പനിയിലും എങ്ങാനും പെട്ടു പോയാലോ എന്ന തോന്നല്‍….
നിലാവുണ്ടെങ്കിലും അതിന്റെ അശക്തമായ പ്രകാശം ഭൂമിയെ തൊടാന്‍ ഇനിയും ദിവസങ്ങള്‍ പിടിക്കും. കൂരിരുള്‍ മുറ്റിയ വഴികള്‍ പ്രകാശപൂരിതമാക്കാന്‍ ഉമ്മ കെട്ടിവെച്ച കരിച്ചോല ചൂട്ടില്‍ നിന്നും ഇബ്രൂസ് ഒരെണ്ണം എടുത്തു കത്തിച്ചു. ഒരു ദിനം ഒരു ചൂട്ട് എന്ന കണക്കില്‍ മുപ്പത് ചൂട്ടുകള്‍ റമളാനില്‍ ഉമ്മാന്റെ സംഭാവനയാണ്.
കത്തിച്ച ചൂട്ട് ഇബ്രൂസ് പ്രകൃതിയിലേക്ക് വീശി നോക്കി. അതിന്റെ യഥാര്‍ഥ വെളിച്ചത്തില്‍ ഇബ്രൂസിന്റെ നിഴല്‍ വളര്‍ന്നു വലുതായി. അത് ആകാശത്തോളം ഉയര്‍ന്നു പൊങ്ങി. അപരിചിതമായ ഇരുട്ടിന്റെ രഹസ്യങ്ങള്‍ കണ്ണുകള്‍ക്ക് ദൃശ്യഗോചരമായി. പള്ളിയിലേക്കുള്ള ഒറ്റക്കുള്ള യാത്ര കുറച്ച് കട്ടിയാണ്. ചെകുത്താനെ കെട്ടിയിട്ടിരിക്കുന്ന ചെമ്പക കുന്നിന്റെ താഴ് ഭാഗത്ത് കൂടി വേണം നിരത്തുമ്മലെ പള്ളിയിലേക്ക് പോകാന്‍.
ചെയ്തു പോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുക്കപ്പെടാന്‍ തുണക്കണേ നാഥാ എന്ന പ്രാര്‍ഥനയോടെ ഇബ്രൂസ് മനസ്സിനെ പാകപ്പെടുത്തി. തെറ്റ് കുറ്റങ്ങളുടെ കനത്ത ഭാരമുള്ള മുഷിഞ്ഞ ഭാണ്ഡകെട്ടുകള്‍ അഴിക്കാന്‍ സന്മനസ്സ് ഉണ്ടാകണേ. പാപമോചനത്തിന്റെ വാതിലുകള്‍ മലര്‍ക്കേ തുറന്നു കിടക്കുന്ന മാസത്തെ വെറും കയ്യോടെ തിരിച്ചയക്കരുത്.
ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കാനും അതിന്റെ മികവ് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാനും തത്രപ്പാട് കാട്ടുന്ന ഒരു കൂട്ടര്‍ ചുറ്റിലും….
പണ്ടൊക്കെ പകല്‍ അന്നപാനീയങ്ങള്‍ കഴിക്കാതെ ഇങ്ങനെ പട്ടിണി കിടന്ന് രാത്രി കാലങ്ങളില്‍ വീടുകള്‍ തീറ്റപ്പുരയാക്കി മാറ്റിയിരുന്നില്ല.
നിരത്തുമ്മല്‍ മുക്കിലെ പലവ്യഞ്ജന കടകളിലും ചിക്കന്‍ സ്റ്റാളുകളിലും നാട്ടുകാര്‍ കൂടി നില്‍ക്കുന്നു. റമളാനെ വരവേല്‍ക്കാന്‍ ചില്ല്വാനവും മസാല കൂട്ടുകളും വാങ്ങി നേരത്തേ വീടണയാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍.
ഇബ്രൂസിന്റെ ചൂട്ടിന്റെ കെട്ടഴിഞ്ഞപ്പോള്‍ തീ ആകാശത്തേക്ക് ഉയര്‍ന്നു പന്തം പോലെ ആളിക്കത്താന്‍ തുടങ്ങി. നിരത്തുമ്മലെ പള്ളിയുടെ മുന്നില്‍ ഉയര്‍ത്തി കെട്ടിയ കലുങ്കിന്റെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇബ്രൂസ് ചൂട്ട് കുത്തി കെടുത്തി.
പള്ളിയില്‍ കയറി വുളു എടുത്തതിനു ശേഷം ഇബ്രൂസ് മടിയില്‍ കുത്തി വെച്ച ടവല്‍ ഏലില്‍ മടക്കി നെറ്റിയോട് ചേര്‍ത്തു വെച്ച് തലയില്‍ വലിച്ചു കെട്ടി. അല്‍ഹംദുലില്ലാഹ്… യാ… റബ്ബ് യാ… കരീം യാ… മാന്നാന്‍. പരിശുദ്ധമായ വചനങ്ങള്‍ കാതുകള്‍ക്ക് ചേതോഹരമായി.
പള്ളിയില്‍ ഇബ്രൂസിന്റെ മുന്നില്‍ ഇരിക്കുന്ന അദ്രയ്മാനോട് അവന്‍ പറഞ്ഞു.
‘സാരയ്ല്ലടാ… ന്റെ വാപ്പാന്റെ സ്വഭാവം ഇന്‍ക്ക് അറിയില്ലേ… അത് ഇയ്യെന്ന വ്യക്തിയോടല്ല…. ഇനിക്ക് ഇഷ്ടള്ളത് നിസ്‌കരിച്ചോ. എത്ര നിസ്‌കരിച്ചാലും എല്ലാം കാണാനും കേള്‍ക്കാനും മേലെ ഒരാളില്ലേ’.
അദ്രയ്മാന്‍ എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി.
വിധാതാവിന്റെ ഭവനത്തില്‍ എല്ലാം ആശ്വാസത്തിന്റെ മന്ത്രങ്ങള്‍ മാത്രം. എല്ലാവരുടെയും മനസ്സ് മലര്‍ക്കെ തുറന്ന ഒരു പുസ്തകം പോലെ വ്യക്തമാണ്. പുറം ലോകത്തെ അപേക്ഷിച്ച് പള്ളിയുടെ അകത്ത് ശാന്തിയും സമാധാനവും കുടി കൊള്ളുന്നു.
സാധാരണയായി പള്ളിയില്‍ വരാത്തവരില്‍ ചിലര്‍ നേരത്തെ തന്നെ പള്ളിയുടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചപ്പോള്‍ പീടിക തിണ്ണകള്‍ ശൂന്യമായി. ഓത്തും പ്രാര്‍ഥനയുമായി പള്ളി നിറയെ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം മാത്രം.
എട്ട് റകാഅത്ത് തറാവീഹും വിത്‌റും നിസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ നേരം പതിനൊന്ന് മണി കഴിഞ്ഞു.
തെരുവില്‍ ജനത്തിരക്ക് കുറഞ്ഞു വന്നു. നറുനിലാവിന്റെ ഇളം വെളിച്ചത്തില്‍ ഇബ്രൂസ് തന്റെ വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലേക്ക് തിരിഞ്ഞു.
ഇബ്രൂസിന്റെ വീട്ടിലേക്ക് ഇനിയും രണ്ട് നാഴികയോളം തിരിച്ചു നടക്കാനുണ്ട്. ചെമ്പക കുന്നിലെ ഇടവഴിയില്‍ എത്തിയപ്പോള്‍ അകലെ കാലന്‍ കോഴി കൂവുന്നത് കേട്ടു. കാര്‍മേഘം മൂടിയതിനാല്‍ നിലാവിന്റെ വെളിച്ചം വല്ലാതെ അരണ്ടു പോയി.
പിറകില്‍ നിന്നും ആരോ വരുന്നത് പോലെ എന്തോ ഒരു ടപ്പ് ടപ്പ് ശബ്ദം കേള്‍ക്കുന്നുണ്ട്. പരിശുദ്ധ റമളാനിലാണ് ശൈത്താന്‍മാരെ ചങ്ങലയില്‍ കെട്ടി കുടുക്കിയിരിക്കുന്നത്. അത് ഈ ചെമ്പക കുന്നിന്റെ താഴ്‌വാരത്താണെന്ന് മേത്തലെ പറമ്പില്‍ അലവി കുട്ടിയാണ് പറഞ്ഞത്. അങ്ങിനെ ഒരു മാസം ആ ഒരു ശല്ല്യം ഒഴിവായി…. ഹാവൂ.
എന്നാല്‍ ജിന്നിന്റെ കാര്യം എന്താണാവോ. ഓര്‍ത്തപ്പോള്‍ ഇബ്രുസിന്റെ ഉള്ളം നടുങ്ങി. മനസ്സില്‍ കൂടുതല്‍ ഭീതി ഉളവാക്കുന്ന വിചാരങ്ങള്‍ ഇബ്രൂസിനെ വല്ലാതെ അലട്ടി. എല്ലാം കരുണാവാരിധിയായ റബ്ബിന്റെ സമക്ഷത്തില്‍ സമര്‍പ്പിച്ചു കൊണ്ട് അയാള്‍ ആഞ്ഞു വലിഞ്ഞ് നടന്നു. നടത്തത്തിന്റെ വേഗതയും വീട്ടിലേക്കുള്ള ദൂരത്തിന്റെ അളവും കൂടി വന്നു.
വീട്ടില്‍ എത്താറായപ്പോള്‍ ശത്രുക്കള്‍ പിന്തുടരുന്നു എന്ന തോന്നല്‍ അയാളെ വല്ലാതെ അലട്ടി. ആടുമാടുകള്‍ നടന്നു പോകുന്നത് പോലെ പട പടാ ശബ്ദം…. പിന്നെ മുട്ടനാട്ടിന്റെ ചൂരും വിയര്‍പ്പും വാസനിക്കുന്നതായി അയാള്‍ക്ക് തോന്നി. ചെകുത്താന്റെ വിയര്‍പ്പിനും ആട്ടിന്റെത് പോലെ വാസനയാണെന്ന് തെക്കേലെ നബീസ ബീവി പറയാറുണ്ട്.
ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും വിളക്കണച്ചു വാതില്‍ അടച്ചു വീട്ടുകാര്‍ ഉറങ്ങി.
ഭയചകിതനായി ഇബ്രൂസ് തന്റെ വീട്ടിന്റെ നടവരമ്പിലേക്ക് ഓടി കയറി. ആരോ ഒരാള്‍ ഉമ്മറത്തെ ചാരു കസേരയില്‍ ഇരിക്കുന്നുണ്ട്. ആകാശത്തിന്റെ അധിപനെ മാത്രം പേടിച്ചു കൊണ്ട് ആ സമയത്ത് വരാന്തയില്‍ അങ്ങിനെ ഇരിക്കാന്‍ ഇബ്രൂസിന്റെ വാപ്പ അല്ലാതെ ആരാണ് ധൈര്യപ്പെടുക. റാന്തല്‍ വെളിച്ചത്തിന്റെ നേരിയ വെട്ടത്തില്‍ ഇരിക്കുന്ന ഇബ്രൂസിന്റെ വാപ്പയുടെ എല്ലാ കണക്കു കൂട്ടലുകളും ഉറച്ചതാണ്. ഒരു മടക്ക യാത്ര വരെ കാത്തുനില്‍ക്കാനുള്ള അയാളുടെ ആര്‍ജവം ഒന്ന് വേറെ തന്നെ. ക്ഷുഭിതയൗവ്വനത്തില്‍ നഷ്ടപ്പെടാത്ത വാപ്പയുടെ കരുത്തുറ്റ ആ ധൈര്യത്തെ കടം വാങ്ങാന്‍ പോലും കഴിയുന്നില്ലല്ലോ പടച്ചോനേ.
‘അസ്സലാമു അലൈകും. വാപ്പച്ചീ… വാപ്പച്ചി ഉറങ്ങാതെ ഈ സമയത്ത് ഉമ്മറത്ത് തനിച്ചിങ്ങനെ ഇരിക്കുന്നെതെ ന്ത്യെ..?’.
കോപാകുലനായിരുന്ന വാപ്പയുടെ ഉള്ളിലെ തീ നേരത്തെ കെട്ട്‌പോയതിനാല്‍ അയാള്‍ ഒന്നും മിണ്ടിയില്ല.
ഒരു നിമിഷം വാപ്പയെ നോക്കിയിട്ട് ഇബ്രൂസ് വിഷമത്തോടെ ഓര്‍ത്തു. വാപ്പ എന്നും വാപ്പ തന്നെ.
ഹാവൂ… രാത്രി നമസ്‌കാരം കഴിഞ്ഞ് തനിച്ചുള്ള ഈ യാത്രയില്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയ ഈ നിമിഷം എത്ര ആനന്ദകരം.
സ്വന്തം മുറിയുടെ ജാലകം പുറത്തേക്ക് തുറന്നു വെച്ചിട്ട് ഇബ്രൂസ് നിലാവെളിച്ചത്തിലേക്ക് നോക്കി. അപ്പോള്‍ അകലെ ചെകുത്താനെ കെട്ടിയിട്ട ചങ്ങലയുടെ കിലുക്കം അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.
പരിശുദ്ധ രാവുകളില്‍ ശരീരത്തിലെന്നപോലെ മനസ്സിലെ അഴുക്കുകളും കഴുകി കളയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു… എന്ന പ്രാര്‍ഥനയില്‍ അയാള്‍ മുഴുകി.


