Readers Post
സിഗ്നലിന് പിന്നാലെ പരതി നടന്ന് മോഷ്ടിക്കപ്പെട്ട ഫോണ്‍ തിരികെ കണ്ടത്തിയ കഥ

കണ്ണൂര്‍ സ്‌ക്വാഡ് സിനിമ കണ്ട ആവേശത്തില്‍ ആലുവയില്‍ രാത്രി 10 മണിക്ക് നില്‍ക്കുമ്പോഴാണ് എന്നെ കാണാന്‍ വന്നു തിരികെ ട്രെയിനില്‍ യാത്രയാക്കിയ പ്രിയപ്പെട്ട സുഹൃത്ത് മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെമീര്‍ പാണ്ടിക്കാട് (കുഞ്ഞു)ന്റെ ഫോണ്‍ വരുന്നത്. തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് വിദ്യാര്‍ഥി നവീനിന്റെ ഫോണ്‍ ട്രെയിനില്‍ വച്ചു മോഷ്ടിക്കപ്പെട്ടു എന്ന്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് നഷ്ടപ്പെട്ടതെന്നും ഫോണ്‍ സിഗ്നല്‍ കാണിക്കുന്നത് ആലുവ മാര്‍ക്കറ്റ് പരിസരത്ത് ആണെന്നും പറഞ്ഞു.


അപ്പോള്‍ തന്നെ എന്നോടൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കെ എസ് മുഹമ്മദ് ഷെഫീക്കും എം എ കെ നജീബും കൂടി ഫോണ്‍ തേടി ആലുവ മാര്‍ക്കറ്റ് പരിസരത്തേക്ക് എത്തി.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നവീനും കുഞ്ഞുവും ലാപ്‌ടോപ്പില്‍ ഫോണ്‍ ലൊക്കേറ്റ് ചെയ്ത് അപ്‌ഡേറ്റ് നല്‍കിക്കൊണ്ടിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ നിരവധി താമസിക്കുന്ന മാര്‍ക്കറ്റ് പരിസരം അരിച്ചു പെറുക്കിയ പരിശോധന മണിക്കൂറുകള്‍ നടത്തിയിട്ടും യാതൊരു തുമ്പും കിട്ടിയില്ല. കൂടാതെ കനത്ത മഴയും.


സമയം രാത്രി 2മണി കഴിഞ്ഞു. ഫോണ്‍ തിരികെ കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി. പക്ഷെ നവീനിന്റ് സങ്കടം നിറഞ്ഞ വാക്കുകള്‍ ഞങ്ങളെ പിന്മാറാന്‍ അനുവദിച്ചില്ല. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ നവീനിന്റെ നിരവധി വിവരങ്ങള്‍ അടങ്ങിയ വില കൂടിയ ഫോണായിരുന്നു അത്.
മോഷ്ടാവാണെങ്കില്‍ മിനിറ്റ് വച്ച് ലൊക്കേഷന്‍ മാറിക്കൊണ്ടിരിക്കുന്നു.
പിന്നീട് ലൊക്കേഷന്‍ സിഗ്നലും കിട്ടാതായി.
അവസാനഘട്ട തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു ഞങ്ങള്‍. മാര്‍ക്കറ്റില്‍ നിന്നും ഫയര്‍ സ്റ്റേഷനിലേക്ക് പോകുന്ന റോഡ് പരിസരം പരിശോധന നടത്തിയപ്പോള്‍ ഒഴിഞ്ഞ കെട്ടിടത്തിന്റെ സമീപം ഉള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.
മണിക്കൂറുകളായി ഞങ്ങള്‍ നടത്തുന്ന പരിശോധന മോഷ്ടാവ് കാണുന്നുണ്ടായിരിക്കണം. ഒടുവില്‍ പിടിക്കുമെന്നായപ്പോള്‍ ഫോണ്‍ ഉപേക്ഷിച്ചു മോഷ്ടാവ് മുങ്ങുകയായിരുന്നു. ഫോണ്‍ തിരിച്ചു കിട്ടി എന്നറിഞ്ഞപ്പോള്‍ നവീനിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒപ്പം ഷെമീറിനും.
ഏറെ മണിക്കൂര്‍ നീണ്ട പരിശ്രമം ഫലം കണ്ടതിന്റെ സംതൃപ്തി യോടെ ഞാനും കെ എസ് മുഹമ്മദ് ഷഫീക്കും എം എ കെ നജീബും.
പിറ്റേ ദിവസം ആലുവ കോണ്‍ഗ്രസ് ഹൗസില്‍ എത്തിയ നവീനിന് ഫോണ്‍ ഏറെ സന്തോഷത്തോടെ കൈമാറി.


