NEWS
നിരവധി കവര്‍ച്ച കേസിലെ പ്രതി അറസ്റ്റില്‍
ആലുവ: നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കരുവേറ്റുംകുഴി ഭാഗത്തു നിന്നും ഇപ്പോള്‍ തൃശൂര്‍ മതിലകം കെട്ടിച്ചിറ ഭാഗത്ത് കോഴിശ്ശേരി വീട്ടില്‍ വിഷ്ണു (36) വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂലയില്‍ ആലുവ ബാങ്ക് ജംഗ്ഷന്‍ ഭാഗത്തുള്ള ബാറില്‍ വച്ച് ആലപ്പുഴ സ്വദേശിയായ യുവാവിനെ ദേഹോപദ്രവം ചെയ്ത് മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തിരുന്നു. കൂടാതെ യുവാവിന്റെ ബന്ധുവിന്റെ പോക്കറ്റില്‍ നിന്നും പണവും ഇയാള്‍ കൈയ്ക്കലാക്കിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ വിഷ്ണു ഒളിവില്‍ പോകുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘം കോട്ടയത്ത് നിന്നാണ് ഇയാളെ പിടി കൂടിയത്. വിഷ്ണുവിനെതിരെ ആലുവ ഈസ്റ്റ്, തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍, കളമശ്ശേരി, എടത്തല, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ച, ആയുധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജുദാസ്, എസ് ഐ എസ് എസ് ശ്രീലാല്‍, സി പി ഒമാരായ മാഹിന്‍ഷാ അബുബക്കര്‍, കെ എം മനോജ്, കെ എ നൗഫല്‍, മുഹമ്മദ് അമീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.