Special
എന്റെ സൃഷ്ടികളില്‍ വരുന്നത് ഞാന്‍ അന്വേഷിക്കുന്ന പ്രശ്‌നങ്ങള്‍: ടി വി സന്തോഷ്

കൊച്ചി: കലയോടുള്ള വിശാലമായ സമീപനം കൊണ്ടാകാം തന്റെ രചനകളില്‍ കേരളവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കടന്നുവരാത്തതെന്ന് പ്രശസ്ത മലയാളി കലാകാരന്‍ ടി വി സന്തോഷ്.


കേരള ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രത്തില്‍ നടക്കുന്ന ‘ഹിസ്റ്ററി ലാബ് ആന്‍ഡ് ദി എലജി ഓഫ് വിസെറല്‍ ഇന്‍കാന്റേഷന്‍സ് ‘ എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി കലാ നിരൂപകന്‍ സി എസ് വെങ്കിടേശ്വരനുമായി സംവദിക്കുകയായിരുന്നു മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്തോഷ്.


”കേരളത്തെ പ്രതിപാദിക്കുന്ന രൂപകങ്ങളോ ചിഹ്നങ്ങളോ പോലുള്ള ഘടകങ്ങള്‍ എന്റെ കൃതികളില്‍ വന്നിട്ടില്ല. മുംബൈയുടെ കാര്യവും അങ്ങനെ തന്നെ. ഞാന്‍ അന്വേഷിക്കുന്ന പ്രശ്‌നങ്ങളാണ് എന്റെ സൃഷ്ടികളിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുന്നത്. പാരമ്പര്യത്തിലേക്ക് നോക്കുക, അല്ലെങ്കില്‍ പാരമ്പര്യത്തെ പുനര്‍നിര്‍വചിക്കുക എന്നത് ഒരു സുപ്രധാന വിപ്ലവ പ്രക്രിയയായിരുന്നു. ഇന്ന് അങ്ങനെയല്ല. വ്യക്തിപരമോ, പ്രാദേശികമോ ദേശീയമോ ആയ വീക്ഷണകോണുകളേക്കാള്‍ വിശാലമായ സമീപനത്തില്‍ നിന്നാണ് എന്റെ സൃഷ്ടികള്‍ രൂപം കൊണ്ടിട്ടുള്ളത്,” സന്തോഷ് പറഞ്ഞു.


എന്‍ എസ് മാധവന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ‘അതിലോലവും സൂക്ഷ്മവുമായ വരകളിലൂടെ അര്‍ഥങ്ങളുടെ പല വിതാനങ്ങളും പിടിച്ചെടുക്കുന്ന സന്തോഷിന്റെ പെയിന്റിങ്ങുകള്‍ എത്ര കണ്ടാലും മതിവരാത്തതാണ്,’ മാധവന്‍ പറഞ്ഞു.
ദര്‍ബാര്‍ ഹാളിലെ രണ്ട് ഗാലറിയിലായി വുഡ്, ഓയില്‍, വാട്ടര്‍കളര്‍ എന്നീ വിവിധ മാധ്യമങ്ങളില്‍ മുപ്പതോളം ചിത്രങ്ങളും ശില്‍പ്പങ്ങളും അവതരിപ്പിക്കുന്ന പ്രദര്‍ശനം തൃശൂര്‍ കയ്പമംഗലം സ്വദേശിയായ സന്തോഷിന്റെ കേരളത്തിലെ ആദ്യ സോളോ പ്രദര്‍ശനമാണ്.
വെനീസ്, പ്രാഗ്, വാന്‍കൂവര്‍, മോസ്‌കോ, കൊളംബോ, ഹവാന, കൊച്ചി ബിനാലെകളിലും സന്തോഷിന്റെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രദര്‍ശനം മെയ് 20 വരെ നീണ്ടു നില്‍ക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് ഗാലറി സമയം.


