Connect with us

Special

തൈറോയ്ഡ് പ്രശ്‌നങ്ങളും സ്ത്രീകളും

Published

on


കഴുത്തിന്റെ മുന്നില്‍ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തില്‍ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോര്‍മോണുകള്‍ ഉത്്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതും അവയവങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ട പിന്തുണ നല്‍കുന്നതും തൈറോയ്ഡ് ആണ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ താളപ്പിഴകള്‍ ഉണ്ടായാല്‍ ഡിപ്രഷന്‍ ഉള്‍പ്പെടെ മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങളും നമുക്കുണ്ടാകും. കഴുത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് പല സ്ത്രീകളും തൈറോയ്ഡ് രോഗം സംശയിച്ച് ആശുപത്രിയിലെത്തുന്നത്. തൈറോയ്ഡ് ഗ്രന്ഥിയില്‍ കാണപ്പെടുന്ന എല്ലാ വീക്കങ്ങളും അപകടകാരിയല്ല.

അമിതമായി തൈറോഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈപ്പര്‍ തൈറോയ്ഡിസം ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. ഏത് പ്രായക്കാരിലും തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പലപ്പോഴും വളരെ നേരത്തെയോ വളരെ വൈകിയോ പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നതിന് കാരണം തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിലെ ഏറ്റക്കുറച്ചിലുകളാണ്. പില്‍ക്കാലത്ത് ആര്‍ത്തവചക്രത്തിലെ താളപ്പിഴകള്‍ക്കും അത് കാരണമാകാറുണ്ട്. ചില സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാത്തതിനും തൈറോയ്ഡ് ഒരു കാരണമായി വരാറുണ്ട്. തൈറോയിഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും അണ്ഡവിസര്‍ജനത്തെ ബാധിക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുകയും ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

കുട്ടികളില്‍ ഹൈപ്പോതൈറോയ്ഡിസം ഉണ്ടായാല്‍ അവരുടെ വളര്‍ച്ച മുരടിക്കുന്നു. മുതിര്‍ന്നവരില്‍ തണുപ്പിനോടുള്ള അസഹിഷ്ണുത, സന്ധികളില്‍ വേദന, പേശീവലിവ്, വിഷാദരോഗം, അമിതവണ്ണം, വരണ്ടചര്‍മ്മം, മുടികൊഴിച്ചില്‍, മലബന്ധം, കൈകാല്‍തരിപ്പ്, പരുക്കന്‍ശബ്ദം, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുക, ആര്‍ത്തവം ക്രമമല്ലാതാവുക തുടങ്ങിയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഹൈപ്പര്‍ തൈറോയ്ഡിസവും ഹൈപ്പോ തൈറോയ്ഡിസവും തൈറോയ്ഡ്ഗ്രന്ഥിയുടെ മാത്രം പ്രശ്നമാവണമെന്നില്ല. പിറ്റിയൂട്ടറിഗ്രന്ഥിയുടെ തകരാറുമൂലവും ഇത് സംഭവിക്കാം.

ഇനി ഗര്‍ഭകാലത്താണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ കുഞ്ഞിനെ അത് ബാധിക്കാനിടയുണ്ട്. പ്രസവശേഷം അമ്മയില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വഷളാകുകയും ചെയ്യാം. ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണുകള്‍ ഇല്ലെങ്കില്‍ ഗര്‍ഭം അലസിപ്പോകാനോ മാസം തികയാതെ പ്രസവിക്കാനോ ഒക്കെ ഇടയായേക്കാം. തൈറോയ്ഡ് അസുഖങ്ങള്‍ ഉള്ള സ്ത്രീകളില്‍ വളരെ നേരത്തെ തന്നെ (നാല്പതുകളിലും മറ്റും) ആര്‍ത്തവവിരാമവും സംഭവിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ആര്‍ത്തവവിരാമം വന്ന പല സ്ത്രീകളിലും തൈറോയ്ഡ് പ്രവര്‍ത്തനം മന്ദീഭവിച്ചതായി കാണാറുണ്ട്. ഇതുമൂലം ആര്‍ത്തവം കൂടിയോ കുറഞ്ഞോ വരാം.

തൈറോയ്ഡ് ഗ്രന്ഥി വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ദീര്‍ഘകാലം ഈ പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെയും അത് ബാധിക്കും. ഇങ്ങനെ ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും തൈറോയ്ഡിന്റെ ആരോഗ്യത്തിന് വലിയ പങ്കാണുള്ളത്. അതിരുകടന്ന ആകാംക്ഷ, ദേഷ്യം, ഭയം, ദു:ഖം എന്നീ മാനസിക പ്രശ്‌നങ്ങളും തൈറോയ്ഡ് കാരണം ഉണ്ടാകാം.

കഴുത്തിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന വീക്കം, ആഹാരം വിഴുങ്ങുമ്പോള്‍ തടസം, ശ്വാസതടസം എന്നിവയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണാടിയില്‍ നോക്കുമ്പോള്‍ തൊണ്ടയില്‍ മുഴയുള്ളതായി മിക്ക സ്ത്രീകള്‍ക്കും തോന്നാറുണ്ട്. എന്നാല്‍ തടിച്ച ശരീരപ്രകൃതിയുള്ളവരില്‍ ഇത് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. രക്തപരിശോധനയിലൂടെയാണ് തൈറോയ്ഡിന്റെ പ്രശ്‌നങ്ങള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ ഏറെക്കുറെ എല്ലാം മരുന്നുകള്‍ കൊണ്ട് കൃത്യമായി നിയന്ത്രിക്കാം എന്ന വസ്തുത വലിയ ആശ്വാസമാണ്. കാര്യമായ പ്രശ്‌നങ്ങളുള്ള ചിലര്‍ക്ക് സ്ഥിരമായി ചില സപ്ലിമെന്റുകള്‍ കഴിക്കേണ്ടി വരാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കമുണ്ടാവുകയോ അര്‍ബുദം ബാധിക്കുകയോ ചെയ്താല്‍ അവസാനമാര്‍ഗമെന്ന നിലയില്‍ ശസ്ത്രക്രിയയിലൂടെ തൈറോയ്ഡ് നീക്കം ചെയ്യാവുന്നതുമാണ്.

പാരമ്പര്യം, അയഡിന്റെ കുറവ്, തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ചിലതരം മുഴകള്‍, തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍, അണുബാധ, റേഡിയേഷന്‍, എക്‌സ്റേ, തലച്ചോറിലെയോ പിറ്റിയൂറ്ററി ഗ്രന്ഥിയിലെയോ തകരാറുകള്‍ എന്നിവയാണ് തൈറോയ്ഡ് രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍.

ഭക്ഷണക്രമം ശരിയാക്കാം

തൈറോയ്ഡ് ഹോര്‍മോണിലെ പ്രധാന ഘടകം അയഡിനാണ്. അതിനാല്‍ ഭക്ഷണത്തില്‍ അയഡിന്റെ അംശം കുറഞ്ഞാല്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും അനുബന്ധ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ പ്രശ്നം ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്. കടല്‍മത്സ്യം, സെഡാര്‍ ചീസ്, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട ഇവയെല്ലാം അയഡിന്‍ സമ്പുഷ്ടമാണ്. അയഡിന്‍ ചേര്‍ന്ന ഉപ്പ് പാചകത്തിന് ഉപയോഗിക്കുന്നതാണ് ഉത്തമം. അതുപോലെ ഭക്ഷണം പാകം ചെയ്യാന്‍ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുക. റിഫൈന്‍ഡ് എണ്ണകള്‍ ഒഴിവാക്കുക. വിറ്റാമിന്‍ സി അടങ്ങിയ പഴച്ചാറുകള്‍ കഴിക്കുന്നത് നല്ലതാണ്.

തൈറോയിഡിന് പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ചില ഭക്ഷണങ്ങള്‍ നമ്മള്‍ ‘നിയന്ത്രിക്കണം’. അതിനര്‍ഥം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല. ഈ വിഷയത്തില്‍ പല തെറ്റിദ്ധാരണകളും നമുക്കിടയിലുണ്ട്. ബുദ്ധിപൂര്‍വം, നിയന്ത്രിതമായ അളവില്‍ ഏത് ഭക്ഷണവും കഴിക്കാം. ഒന്നും അമിതമാകരുതെന്ന് മാത്രം.

സോയാബീന്‍- ആഴ്ചയില്‍ ഒരിക്കല്‍ മിതമായി കഴിക്കുന്നതില്‍ തെറ്റില്ല. അമിതമായാല്‍ തൈറോഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രാസവസ്തുക്കള്‍ സോയാബീനില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ സോയാബീന്‍ കഴിച്ചയുടന്‍ മരുന്ന് കഴിക്കരുത്. കുറഞ്ഞത് 4 മണിക്കൂറെങ്കിലും ഇടവേള നല്‍കണം.

ക്രൂസിഫെറസ് പച്ചക്കറികള്‍ (ബ്രോക്കോളി, ക്യാബേജ്, കോളിഫ്ളവര്‍ തുടങ്ങിയവ)- പോഷകസമൃദ്ധമാണ്. എന്നാല്‍ അമിതമായാല്‍ തൈറോഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ അവ ബാധിക്കുന്നു.

കപ്പ- നന്നായി വേവിക്കാത്ത കപ്പയും കിഴങ്ങും കഴിക്കുന്നത് തൈറോയിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൃത്യമായി വേവിച്ച് കുറഞ്ഞ അളവില്‍ ഇവ കഴിക്കാം.

ഉള്ളി- പൊതുവെ സവാള കറിവെച്ച് കഴിക്കുന്നതില്‍ തെറ്റില്ലെങ്കിലും പച്ചയ്ക്ക് കഴിക്കുന്നത് ഒഴിവാക്കിയാല്‍ തൈറോഡിന് ആശ്വാസമുണ്ടാകും.

ഈ പറഞ്ഞ ഭക്ഷണങ്ങളെല്ലാം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് കൊണ്ട് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. അതുപോലെ തൈറോയിഡിന് അസുഖമുള്ളവര്‍ മൈദയും ഗോതമ്പും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. തൈറോയ്ഡിനൊപ്പം സീലിയാക് രോഗവും ഉള്ളവര്‍ക്കാണ് ഇവ കഴിക്കാന്‍ പാടില്ലാത്തത്. പൊതുവെ മൈദ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെങ്കിലും തൈറോയ്ഡിന്റെ പേരില്‍ വല്ലപ്പോഴും അതാസ്വദിക്കുന്നതില്‍ കുറ്റബോധം തോന്നേണ്ട കാര്യമില്ല. എന്നാലും അമിതമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് പൊതുവായ ആരോഗ്യത്തിന് നല്ലത്. പകരം പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ തെരെഞ്ഞെടുത്ത് കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഭക്ഷണക്രമത്തില്‍ സ്വയം മിതത്വം പാലിക്കാനുള്ള ആത്മശക്തിയാണ് പ്രധാനം. അമിതമായി വാരിവലിച്ചു കഴിക്കുന്ന ശീലം ഒഴിവാക്കണം.

തൈറോയ്ഡ് രോഗത്തിനുള്ള മരുന്ന് കഴിച്ചയുടന്‍ ഭക്ഷണം കഴിക്കരുത്. ആഹാരത്തിന് മുന്‍പ്, വയര്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മരുന്ന് കഴിക്കേണ്ടത്. മരുന്ന് കഴിച്ചയുടന്‍ ചായ, കോഫീ, ജ്യൂസ് എന്നിവയും ഒഴിവാക്കണം. വെള്ളം മാത്രം കുടിച്ചാണ് മരുന്ന് ഇറക്കേണ്ടത്. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കാം. എല്ലാ ദിവസവും ഒരേസമയത്ത് തന്നെ മരുന്ന് കഴിക്കാനും ശ്രദ്ധിക്കണം. ഇതൊരു ശീലമാക്കിയാല്‍ മാത്രമേ മരുന്നുകളുടെ ഫലം പരമാവധി കിട്ടുകയുള്ളു. തൈറോയ്ഡിനൊപ്പം മറ്റെന്തെങ്കിലും അസുഖങ്ങള്‍ക്ക് കൂടി മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുക.

Advertisement

തൈറോയ്ഡ് രോഗങ്ങള്‍ക്ക് കാരണമാകുന്ന മറ്റൊരു പ്രധാന വില്ലന്‍ സ്ട്രെസ് ആണ്. നമ്മുടെ ശരീരത്തിന്റെ ബാലന്‍സിനെ തന്നെ തെറ്റിച്ചുകളയാന്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ശക്തിയുണ്ട്. ജീവിതത്തില്‍ അനാവശ്യസമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കി സന്തോഷത്തോടെയിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് സ്ത്രീകള്‍. അമിതമായ മാനസികസമ്മര്‍ദ്ദം തൈറോയ്ഡ് രോഗത്തിന് കാരണമായേക്കാമെന്ന് മാത്രമല്ല, നേരത്തെ രോഗമുള്ളവരില്‍ അത് ഗുരുതരമാക്കുകയും ചെയ്‌തേക്കാം. സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവര്‍ തടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? സമ്മര്‍ദ്ദം കാരണം അവരുടെ ദഹനപ്രക്രിയ മന്ദീഭവിക്കുന്നതാണ് ഇതിന്റെ കാരണം. തൈറോയ്ഡ് പോലെയുള്ള നിരവധി രോഗങ്ങള്‍ക്ക് പിന്നില്‍ അധികമാരാലും ചര്‍ച്ച ചെയ്യപ്പെടാതെ ഒളിച്ചിരിക്കുന്ന വില്ലന്‍ മാനസികസമ്മര്‍ദ്ദമാണ്. വീട്ടിലായാലും ജോലി സ്ഥലത്തായാലും എല്ലാവരും പരസ്പരം സഹകരിച്ചെങ്കില്‍ മാത്രമേ മാനസികസമ്മര്‍ദ്ദത്തെ അകറ്റിനിര്‍ത്താന്‍ കഴിയൂ.

ഡോ. വിനോദ് യു, കണ്‍സള്‍ട്ടന്റ്, എന്‍ഡോക്രൈനോളജി, ആസ്റ്റര്‍ മിംസ്, കോഴിക്കോട്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!