Connect with us

Special

ഗര്‍ഭകാല പ്രമേഹം മനസ്സിലാക്കാം

Published

on


ഗര്‍ഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താത്ക്കാലിക അവസ്ഥയാണെങ്കിലും ചിലരില്‍ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്നാണ് പറയുന്നത്.

കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ പ്രമേഹം ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രസവ സമയത്ത് സങ്കീര്‍ണതകള്‍ ഉണ്ടാവുന്നതിന് ഗര്‍ഭകാല പ്രമേഹം കാരണമാകുന്നു.

ഗര്‍ഭകാല പ്രമേഹത്തിന്റെ കാരണങ്ങള്‍

ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഇന്‍സുലിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം. പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം, അമിതവണ്ണം, വൈകിയുള്ള ഗര്‍ഭധാരണം (35 വയസിനു മുകളിലുള്ളവര്‍), പാരമ്പര്യം തുടങ്ങിയവ ഗര്‍ഭകാല പ്രമേഹത്തിന് കാരണമാകും. ഇത് കൂടാതെ സമീകൃതമല്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ജീവിത രീതിയും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

ഗര്‍ഭകാല പ്രമേഹത്തെ കരുതണം, കാരണം ഇത് അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഷുഗര്‍ വര്‍ധിക്കുന്നതിലൂടെ കുഞ്ഞിന്റെ ഭാരം കൂടാനും പ്രസവം സങ്കീര്‍ണമാകാനും സാധ്യത വളരെ കൂടുതലാകുന്നു

അമ്മമാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാകുന്നു. ഗര്‍ഭകാല പ്രമേഹമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാരക്കൂടുതല്‍ ഉണ്ടാകാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ആയതിനാല്‍ സിസേറിയന്‍ ചെയ്യേണ്ടി വന്നേക്കാം. മാസമെത്താതെയുള്ള പ്രസവം, അമ്മയ്ക്കും കുഞ്ഞിനും ഐ സി യു ചികിത്സ എന്നിവയാണ് മറ്റു ചില സങ്കീര്‍ണ്ണതകള്‍.

പരിശോധന വൈകിപ്പിക്കേണ്ട

കൃത്യമായി രോഗ നിര്‍ണയം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹത്തിനുള്ള സ്‌ക്രീനിംഗും രോഗനിര്‍ണയവും സാധാരണയായി ഗര്‍ഭാവസ്ഥയുടെ 24 മുതല്‍ 28 ആഴ്ചകള്‍ക്കിടയിലാണ് നടത്തേണ്ടത്.

ആദ്യ മൂന്ന് മാസത്തിനുള്ളില്‍ നിര്‍ബന്ധമായും രക്തപരിശോധന നടത്തണം. പ്രസവം കഴിഞ്ഞ് ആറ് ആഴ്ച്ചയ്ക്ക് ശേഷവും രക്ത പരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

ഈ കാര്യങ്ങള്‍ സൂക്ഷിക്കാം

അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

കുടുംബത്തില്‍ പ്രമേഹ പാരമ്പര്യമുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പ് തന്നെ ആരോഗ്യ വിദഗ്ധരില്‍ നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് വഴി സങ്കീര്‍ണതകള്‍ കുറയ്ക്കാനും കഴിയും. ആരോഗ്യകരമായ ശരീര ഭാരം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇതുവഴി കഴിയും.

ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ പ്രസവത്തിനു ശേഷമുള്ള പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഭൂരിഭാഗം പേരിലും പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാറാണ് പതിവ്.

ഡോ. ഹസൂരിയ സാദിക്, എച്ച് ഒ ഡി ആന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഒബ്‌സ്റ്റേട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ആസ്റ്റര്‍ മിംസ് കണ്ണൂര്‍


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!