About Us
ഞങ്ങളെ കുറിച്ച്
വലിയ ലോകത്തില്‍ മലയാളത്തിന്റെ ചെറിയൊരു ഇടം സ്വന്തമാക്കാന്‍ ഞങ്ങളും വരികയാണ്- ആഗോളവാര്‍ത്ത. ലോകത്താകമാനമുള്ള വാര്‍ത്തകള്‍ ഞൊടിയിടയില്‍ നിങ്ങളിലേക്കെത്തിക്കും എന്നൊന്നും ഈ പേരിന് അര്‍ഥമാക്കേണ്ടതില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന അനവധി സംഭവങ്ങളില്‍ ഭൂഗോളത്തിന്റെ പല ഭാഗങ്ങളിലായുള്ള മലയാളികള്‍ അറിയേണ്ടതുണ്ടെന്ന് തോന്നിയവ മാത്രമേ ഇതിലുണ്ടാവുകയുള്ളു. വലിയ അവകാശവാദങ്ങളുടെയൊന്നും അകമ്പടിയോടെയല്ല ഞങ്ങള്‍ കടന്നുവരുന്നത് എന്നു സാരം.
ഓരോ സെക്കന്റിലും നൂറുകണക്കിന് സംഭവങ്ങള്‍ നടക്കുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ സംഭവങ്ങളും ഒപ്പിയെടുക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷേ, നിങ്ങളുടെ കംപ്യൂട്ടറിലോ ലാപ്‌ടോപിലോ മൊബൈലിലോ ടാബിലോ ഐപാഡിലോ തുടങ്ങി വ്യത്യസ്ത സാങ്കേതിക സൗകര്യങ്ങളില്‍ എത്തിക്കുന്നവ മൂല്യമുള്ളതായിരിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്ക് തരാനാകും.
ലോകത്തിനും സമൂഹത്തിനും നാശമോ ദ്രോഹമോ ഉണ്ടാക്കുന്ന ഒരു വാക്കുപോലും മനഃപൂര്‍വം ഞങ്ങള്‍ വായനക്കാരിലേക്കെത്തിക്കില്ലെന്ന വാഗ്ദാനം മാത്രമാണ് ഞങ്ങളുടെ കൈകളിലുള്ളത്. വാവിട്ട വാക്കിനെ തിരിച്ചെടുക്കാനാവില്ലല്ലോ. ആധുനിക സാങ്കേതിക ലോകത്ത് കൈവിട്ടുപോയാലും ചില സന്ദര്‍ഭങ്ങളില്‍ വാക്കുകളെ തിരിച്ചെടുക്കാനായേക്കാം. പക്ഷേ, അപ്പോഴേക്കും അതിന്റെ ആയിരക്കണക്കിന് പകര്‍പ്പുകള്‍ പല ഭാഗങ്ങളിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തിരിച്ചെടുക്കാനാവാത്ത വാക്കുകള്‍ ഞങ്ങളില്‍ നിന്നും പുറപ്പെടല്ലേ എന്നാണ് പ്രാര്‍ഥന.
വായിക്കാന്‍ മാത്രമല്ല കേള്‍ക്കാനും കാണാനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ആഗോളവാര്‍ത്തയുടെ വെബ്‌സൈറ്റ് നിങ്ങളുടെ മുമ്പിലേക്കെത്തുന്നത്. വായനക്കാര്‍ക്ക് പറയാനും അറിയിക്കാനുമുള്ള സൗകര്യങ്ങളും ഞങ്ങളൊരുക്കുന്നുണ്ട്.
അക്ഷരം എന്നാല്‍ നശിക്കാത്തത് എന്നാണല്ലോ അര്‍ഥം. ലോകത്തുള്ള സംസ്‌ക്കാരങ്ങളെല്ലാം വായനയും എഴുത്തും അക്ഷരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുണ്ട്. തീ കണ്ടുപിടിച്ചതോടെ മനുഷ്യ ചരിത്രത്തിലുണ്ടായ അതേ കുതിച്ചുചാട്ടം തന്നെയാണ് അക്ഷരങ്ങളിലൂടെയും മനുഷ്യവര്‍ഗ്ഗം സ്വായത്തമാക്കിയത്. ‘വായിക്കുക, പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച അത്യുദാരനായ നിന്റെ നാഥന്റെ നാമത്തില്‍’ എന്നാവശ്യപ്പെട്ടു കൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്.
മലയാളത്തിന്റെ വാര്‍ത്താ ലോകത്തും വായനാ ലോകത്തും ചെറുതെങ്കിലും അടയാളപ്പെടുത്താനാവുന്ന ഒരു സ്ഥാനം ആഗോളവാര്‍ത്തയ്ക്ക് ഉണ്ടാകണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ വെബ്‌സൈറ്റിനോടൊപ്പം ചിലപ്പോഴെങ്കിലും കലയും സാഹിത്യവും സംസ്‌ക്കാരവും വാര്‍ത്തകളും വിശേഷങ്ങളും നിരീക്ഷണങ്ങളുമെല്ലാമുള്ള പ്രത്യേക പതിപ്പുകളും പുറത്തിറക്കണമെന്ന ലക്ഷ്യവുമുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആഗ്രഹവും കൂട്ടായ്മയും മാത്രമല്ല, ഞങ്ങളുടെ ഉത്പന്നം കൈകളിലെത്തുന്നവരുടെ പിന്തുണയും പ്രാര്‍ഥനയും സഹകരണം കൂടിയുണ്ടെങ്കില്‍ മാത്രമാണ് ഇവ വിജയിപ്പിക്കാനാവുക. ഞങ്ങളിലേക്കെത്തുകയും പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന എല്ലാവരോടും ആദ്യമേ നന്ദി അറിയിക്കട്ടെ. ഒപ്പം ആഗോളവാര്‍ത്തയിലേക്ക് ഹൃദ്യമായി സ്വാഗതവുമോതുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയാക്കാനുമാണ് എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്യം ഓര്‍മപ്പെടുത്തുന്നു.