
കൊച്ചി: പ്രശസ്ത ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ അശോക് സദന്റെ പുതിയ പുസ്തകമായ ‘സദന്റെ സന്ദേശങ്ങള്‍’ പ്രകാശനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യ- സാംസ്കാരിക- സാമൂഹിക- സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

എറണാകുളത്തിന്റെ സ്വന്തം എഴുത്തുകാരനായ നോവലിസ്റ്റ് ജോര്‍ജ്ജ് ജോസഫ്, പ്രണയകുലം ആശ്രമത്തിലെ സ്വാമി ശൂന്യത്തിന് പുസ്തകത്തിന്റെ ആദ്യ പ്രതി നല്കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പുസ്തകത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളും അശോക് സദന്റെ സാഹിത്യ- കലാജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും പ്രഭാഷകര്‍ പങ്കുവെച്ചു.
ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അശോക് സദന് പങ്കുവെച്ച ശ്രദ്ധേയമായ കുറിപ്പുകളുടെ സമാഹാരമാണ് ‘സദന്റെ സന്ദേശങ്ങള്‍’. ജീവിതാനുഭവങ്ങളും ചിന്തകളും സാമൂഹിക നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം വായനക്കാര്‍ക്ക് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പ്രസാധകരായ വണ്‍സ് അപ്പോണ്‍ എ ടൈം ബുക്ക് ഷോപ്പിന്റെ പ്രതിനിധി മഞ്ജു അഡിനൂരു പ്രസാധക സന്ദേശം അവതരിപ്പിച്ചു. എഴുത്തുകാരനും ചിന്തകനുമായ നിക്സണ് ഗോപാല്‍ പുസ്തകം പരിചയപ്പെടുത്തി. തുടര്‍ന്ന് രചയിതാവ് അശോക് സദന് മറുപടി പ്രസംഗം നടത്തി.
പു ക സ എറണാകുളം സോണ്‍ പ്രസിഡന്റ് കെ രാധാകൃഷ്ണന്, എഴുത്തുകാരന് ജയരാജ് സത്യരാജന്‍, ചലച്ചിത്ര പ്രവര്ത്തകന് അസിം കോട്ടൂര്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
മൈത്രേയന്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രമേഷ് ആര്, ഐ എം എ വൈസ് പ്രസിഡന്റ് ഡോ. അനിത, അപ്പന് തമ്പുരാന് റിസര്‍ച്ച് സൊസൈറ്റി സന്തോഷ്, നടന് ഷാനവാസ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള സാഹിത്യപ്രേമികളും സുഹൃത്തുക്കളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.
അശോക് സദന്റെ കലാ- സാഹിത്യ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്പായി മാറിയ ‘സദന്റെ സന്ദേശങ്ങള്‍’ പ്രകാശനച്ചടങ്ങ്, സൗഹൃദത്തിന്റെയും ചിന്തകളുടെയും ഓര്‍മ്മകളുടെയും സാംസ്കാരിക സംഗമമായി ശ്രദ്ധേയമായി.
പുസ്തകം ആമസോണില്‍ ലഭ്യമാണ്.
https://amzn.in/d/0g5eo444

