പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയും അവതരിപ്പിച്ച് സാപിന്‍സ്; അടുത്ത വര്‍ഷം 100 കോടി വിറ്റുവരവ് ലക്ഷ്യം

Web Desk
2 Min Read

സാപ്പിന്‍സ് പുതുതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സാപിന്‍സ് ഫാം പ്രൊഡക്റ്റസ് എം ഡി ജിജി തോമസിനു നല്‍കി ബ്രാന്‍ഡ് അംബാസഡര്‍ അനു സിതാര നിര്‍വഹിക്കുന്നു

കൊച്ചി: പ്രമുഖ ഡെയറി ഉല്‍പ്പന്ന നിര്‍മാതാവായ സാപിന്‍സിന്റെ പുതിയ ലോഗോയുടേയും ഉല്‍പ്പന്നങ്ങളുടേയും പാക്കേജിംഗുകളുടേയും പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് അംബാസഡര്‍ അനു സിതാര നിര്‍വഹിച്ചു. റീസൈക്ക്ള്‍ ചെയ്യാവുന്ന സ്ഫടിക കുപ്പിയില്‍ ഫ്രഷ് മില്‍ക്ക്, ടബ്ബുകളില്‍ സെറ്റ് കേഡ് (തൈര്), സാള്‍ട്ടഡ്, അണ്‍സാള്‍ട്ടഡ് ബട്ടര്‍, ഫ്രഷ് മലായ് പനീര്‍, 125 ഗ്രാം പാക്കില്‍ പാലട പ്രഥമന്‍, ദാനേദാര്‍ പശുവിന്റെ നെയ്യ് എന്നിവയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍.

city exchange

വിപണിയുടെ മാറി വരുന്ന ഡിമാന്‍ഡുകള്‍ കണക്കിലെടുത്താണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതെന്ന് സാപിന്‍സ് ഫാം പ്രൊഡക്റ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ജിജി തോമസ് പറഞ്ഞു. ‘സ്ഫടികക്കുപ്പിയില്‍ പാല്‍ എത്തിക്കുന്നത് പരിസ്ഥിതിയോടുള്ള കരുതല്‍ കണക്കിലെടുത്താണെങ്കില്‍ പുതിയ തലമുറയുടെ പ്രിയം പരിഗണിച്ചാണ് സെറ്റ് കേഡ് അവതരിപ്പിച്ചത്. അതേസമയം പ്രീമിയം വിഭാഗത്തില്‍ ഏറെ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്ന ഉല്‍പ്പന്നമാണ് കൂടുതല്‍ സ്വാദും സുഗന്ധവും തരിതരിപ്പുമുള്ള ദാനേദാര്‍ നെയ്യ്. ഈ ചുവടുപിടിച്ച് ഈ വര്‍ഷം തന്നെ ഡെയറി പാനീയങ്ങളും ഐസ്‌ക്രീമും വിപണിയിലിറക്കും,’ ജിജി തോമസ് പറഞ്ഞു. പുതിയ ഉല്‍പ്പന്നങ്ങള്‍ എത്തുന്നതോടെ 2022-23 വര്‍ഷം 100 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും ജിജി തോമസ് പറഞ്ഞു.

പുതിയ ലോഗോയ്ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമൊപ്പം സാമൂഹ്യ, പരിസ്ഥിതി മേഖലകളിലും കമ്പനി പുതിയ ചുവടുവെയ്പ്പുകള്‍ നടത്തിയിട്ടുണ്ട്. ‘എല്ലാ തലങ്ങളിലും സ്ത്രീപ്രാതിനിധ്യം ഗണ്യമായി വര്‍ധിപ്പിക്കുന്നതാണ് ഇവയില്‍ പ്രധാനം. ജീവനക്കാരുടെ എണ്ണം നേരത്തേ തന്നെ സ്ത്രീകള്‍ താരതമ്യേന കൂടുതലുള്ള വിധം 60:40 ആയിരുന്നു. ഇത് പ്ലാന്റ്, സെയില്‍സ്, കസ്റ്റമര്‍ കെയര്‍, അഡ്മിന്‍, എച്ച് ആര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഈയിടെ നടത്തിയ നിയമനങ്ങളോടെ 70:30 ആയി. വിതരണരംഗത്ത് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചതാണ് മറ്റൊരു നേട്ടം. 2022 അവസാനത്തോടെ വിതരണരംഗത്തെ ഭൂരിപക്ഷം വാഹനങ്ങളും ഇലക്ട്രിക് ആക്കും,’ സാപിന്‍സ് ഡയറക്ടര്‍ സിബി വര്‍ഗീസ് പറഞ്ഞു.

- Advertisement -
Ad image

കോവിഡ് സമയത്തും മികച്ച വളര്‍ച്ച കാണിച്ച് കഴിഞ്ഞ വര്‍ഷവും സാപിന്‍സ് വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. ഹോട്ടലുകള്‍, കമ്പനികള്‍ തുടങ്ങിയ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി റീടെയിലില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചാണ് കോവിഡിനെ വിജയകരമായി നേരിട്ടത്. പാലും പാലുല്‍പ്പന്നങ്ങളും അവശ്യസാധനങ്ങളായതുകൊണ്ട് കോവിഡ് ഒതുങ്ങുമ്പോള്‍ രണ്ട് വിഭാഗത്തിലും മികച്ച വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ജിജി തോമസ് പറഞ്ഞു.

കിഴക്കമ്പലത്ത് കമ്പനിക്കുള്ള പ്ലാന്റിന് പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ പ്രോസസ് ചെയ്യാനുള്ള ശേഷിയുണ്ട്. ടോണ്‍ഡ്, ഫുള്‍ ക്രീം തുടങ്ങി നാല് വകഭേദങ്ങളിലുള്ള പാലിനു പുറമെ തൈര് (പ്രതിദിനം 10,000 ലിറ്റര്‍), നെയ്യ് (1500 ലിറ്റര്‍), പനീര്‍, ബട്ടര്‍ (പ്രതിദിനം 2-3 ടണ്‍) എന്നിങ്ങനെയാണ് കമ്പനിയുടെ ശേഷികള്‍. കിഴക്കമ്പലത്ത് സ്വന്തമായുള്ള ഫാമിനു പുറമെ ക്ഷീരകര്‍ഷകരില്‍ നിന്ന് ട്വന്റി20 വഴിയും കമ്പനി പാല്‍ വാങ്ങുന്നുണ്ട്.

നിലവില്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നേരിട്ടുള്ള റീടെയില്‍ വിപണനം. റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി സംസ്ഥാനത്തുടനീളവും സാപിന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. റിലയന്‍സിന്റെ ജിയോമാര്‍ട് ആപ്പില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കേരളീയ ബ്രാന്‍ഡ് സാപിന്‍സ് ആണെന്നും ജിജി തോമസ് പറഞ്ഞു. ബിഗ്ബാസ്‌ക്കറ്റിലും ബ്രാന്‍ഡ് ഈയിടെ ലിസ്റ്റു ചെയ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!