

സംവിധായകനും തിരക്കഥാകൃത്തും നടനും നാടക പ്രവര്‍ത്തകനുമായ ചാലിയാര്‍ രഘുവിന്റെ രണ്ടാമത്തെ ചലച്ചിത്രം- ജി ഗോള- പ്രദര്‍ശനത്തിനെത്തുകയാണ്.
വേശ്യ എന്നു കേള്‍ക്കുമ്പോള്‍ സ്ത്രീകളെക്കുറിച്ചാണ് ആദ്യം നമുക്ക് മുന്നിലേക്ക് വരുന്നത്. എന്നാല്‍ ഫ്രാന്‍സില്‍ തുടക്കമിട്ട് പശ്ചാത്യനാടുകളില്‍ വ്യാപകമായ പുരുഷ വേശ്യകള്‍ അഥവാ ജിഗോളകള് നമ്മുടെ നാടുകളിലും അതീവ രഹസ്യമായി വന്നുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചാലിയാര്‍ രഘുവിന്റെ പുതിയ സിനിമ.

സിനിമയെക്കുറിച്ചും മറ്റും രഘു മനസ്സ് തുറക്കുന്നു.

എങ്ങനെയാണ് ഇത്തരമൊരു പ്രമേയത്തില്‍ എത്തിയത്?
കുറെക്കാലമായി മനസ്സിലുള്ള ഒരു സബ്ജക്ടാണ്, വളരെ ബോള്‍ഡായ കണ്ടന്റായതു കൊണ്ട്, ഒരു സിനിമ കഴിഞ്ഞിട്ട് ചെയ്യാം എന്നു കരുതിയതാ. ലൈംഗിക തൊഴിലാളി എന്ന് പറയുമ്പോള്‍ സ്ത്രീ എന്നതാണല്ലൊ പരമ്പരാഗത സങ്കല്‍പ്പം. അതാണല്ലൊ നമുക്ക് പരിചയമുള്ള ജെന്‍ഡര്‍. എന്നാല്‍ ലൈംഗിക സംതൃപ്തി കിട്ടാത്ത സ്ത്രീകളും കുറച്ചൊക്കെ നിംഫൊമാനിയാക് ആയ ആളുകളും ഹൈ പ്രൊഫൈല്‍ ലേഡീസും പുരുഷന്മാരെ പണം നല്കി ഉപയോഗിക്കുന്നുണ്ട്. ഹൈടെക് സിറ്റികളില്‍ മാത്രം കണ്ടു വരുന്ന ഈ പ്രവണത നാട്ടിന് പുറത്തേക്കും വ്യാപിച്ചിരിക്കുന്നു, അതറിഞ്ഞപ്പൊള് ഞെട്ടിപ്പോയി. ഒപ്പം എഴുതാന്‍ നല്ലൊരു വിഷയം കിട്ടിയ സന്തോഷവും. അതിന്റെ പിറകെ കുറച്ച് അലഞ്ഞു. ഈ കഥയിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത് ഈ ജോലിയുടെ കംഫര്‍ട്ട് ഏരിയയെക്കുറിച്ചല്ല, അപകടത്തെക്കുറിച്ചാണ്. പുരുഷ ശരീരത്തിന്റെ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു ദിവസം ഒരുപാട് തവണ സെക്സ് ചെയ്യാന്‍ സാധിക്കില്ല, നിര്‍ബന്ധപൂര്‍വ്വം അങ്ങനെ ശരീരത്തെ മാറ്റി എടുക്കേണ്ടി വരും ഒരു ജി ഗോളക്ക്. സിനിമ എല്ലാം വ്യക്തമായി പറയുന്നുണ്ട്.
ആദ്യ സിനിമ സോറോ, ജിഗോള പിന്നെ മാപ്പിള ഖലാസി മാരെക്കുറിച്ചാലോചിക്കുന്നു. പൊതുവെ തീര്‍ത്തും വ്യത്യസ്തമായ പ്രമേയങ്ങളിലാണോ താല്പര്യം?
അങ്ങനെ വേണ്ടേ? കാലങ്ങളായി പലരും ചെയ്ത് കൊണ്ടിരിക്കുന്ന രീതി എല്ലാം തന്നെ ഫോളോ ചെയ്യുന്നതില്‍ ത്രില്ലില്ല. കുറച്ച് കാലം കഷ്ടപ്പെടാനുള്ള മനസ്സുണ്ടെല്‍ ആര്‍ക്കും ഡയറക്ടറാകാം. വല്യ സംഭവമൊന്നുമല്ല അത്, പക്ഷേ ഒരു ക്രിയേറ്റര്‍ ആവുക എന്നത് എളുപ്പമല്ല, നമ്മുടേതായി എന്തേലും കണ്ടെത്തണം ചെയ്യണം, ഞാനൊരു ക്രിയേറ്റര്‍ ആവാന്‍ ആഗ്രഹിക്കുന്നു. സെന്റിമെന്റ്സ് രംഗങ്ങളില്‍ ക്ലോസപ്പ്ഷോട്ട് ഉപയോഗിക്കുക എന്നത് ഡേവിഡ് ഗ്രിഫിത്ത് അവലംബിച്ച രീതിയായിരുന്നു, അതിപ്പൊഴും അങ്ങനെ തന്നെ തുടരുന്നു. അദ്ദേഹം ക്രിയേറ്റീവായി ചിന്തിച്ചോണ്ട് സംഭവിച്ച കാര്യമാണത്, ആ കണ്ടെത്തല്‍ നടന്നതും.
ജിഗോളക്കും സോറോക്കും മുന്‍പെ എഴുതിയതാണ് ഖലാസി. മലബാര്‍ ഖലാസികളുടെ കൂടെ ജോലി ചെയ്താണ് അത് പൂര്‍ത്തിയാക്കിയത്. ലോക സിനിമയില്‍ പോലും ഒരത്ഭുതമാവും ഖലാസി സിനിമ ആയാല്‍, ആരും പറയാത്ത കഥകള്‍ എഴുതി സിനിമയാക്കി ഓസ്ക്കാറിന് അയയ്ക്കാന്‍ ശ്രമിക്കണം എന്നതാണ് എന്റെ ആഗ്രഹം, ആഗ്രഹത്തിനെന്ത് അതിര്.

പുതിയ ആശയങ്ങളുമായുള്ള ധാരാളം പേര് രംഗത്തു വരുന്നുണ്ടെങ്കിലും ഇപ്പോഴും അവര്‍ക്ക് വേണ്ടത്ര പിന്തുണ സിനിമാ ലോകത്ത് നിന്നും കിട്ടുന്നില്ലെന്ന ആക്ഷേപമുണ്ടല്ലോ?
താങ്കളുടെ ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരമുണ്ട്, സിനിമാ ലോകം എന്ന് താങ്കള്‍ പറഞ്ഞില്ലെ? അതെ ഇതൊരു പ്രത്യേക ലോകം തന്നെയാണ്, കാലാകാലങ്ങളായി രാജാവും കുറച്ച് പ്രജകളും അധികാരികളും ഒരല്‍പ്പം അടിയാന്മാരുമൊക്കെയായി വിരാജിക്കുന്ന ഒരു പ്രത്യേക ലോകം. അവിടെക്ക് വേറാരും വരരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.
പക്ഷെ കാലം മാറി ഒപ്പം സിനിമയും. ഐഫോണില്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വിഷ്വല്‍ എഫക്ടും നല്കി നവ മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിക്കുന്ന ന്യൂജന്‍ പിള്ളേരുണ്ടിവിടെ. ഇനിയും മാറാത്ത മലയാള സിനിമയില്‍ നിന്നല്ല അവര്‍ പഠിക്കുന്നത്, ലോകോത്തര സിനിമകള്‍ കണ്ടും കേട്ടുമാണ്. കഴിവുള്ളവനെ എത്രകാലം തടഞ്ഞുവെക്കാന്‍ പറ്റും, അവഗണിക്കാന്‍ പറ്റും.സാധാരണക്കാരന്റെ ലോകത്താണ് പിന്തുണ വേണ്ടത് എനിക്ക് പ്രേക്ഷകരോട് അഭ്യര്‍ഥിക്കാനുള്ളത്, ഞങ്ങളെപ്പോലുള്ള പുതിയ കലാകാരന്മാരുടെ സൃഷ്ടികള്‍ കാണുക എന്നാണ്.
ജി ഗോളയിലൂടെ പറയുവാനുദ്ദേശിക്കുന്നതെന്താണ്?
കാമം കലയാണ് കച്ചവടമല്ല, ബാക്കിയെല്ലാം സിനിമ പറയും.
തീയേറ്ററിലോ ഒ ടി ടിയിലോ റിലീസിംഗ് ഉദ്ദേശിക്കുന്നത്?
തീരുമാനിച്ചിട്ടില്ല, പ്രൊഡ്യൂസര്‍മാരുമായി കൂടിയാലോചിക്കും. ആര് സി ഗ്രൂപ്പാണ് ജിഗോള നിര്‍മ്മിച്ചിരിക്കുന്നത്. നിജാസ്, ജാസിക് അലി, അരുണ്‍ തുടങ്ങിയവരാണ് പ്രൊഡ്യൂസേഴ്സ്. ജാസിക് അലിയും ഞാനും ചേര്‍ന്നാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ജി ഗോള ഒരു ഫാമിലി ഓഡിയന്‍സ് സിനിമയായിരിക്കുമോ?
അല്ല, അഡള്‍ട്ട് കണ്ടന്റ് ഉണ്ട്. ഫാമിലി ഓറിയന്റ് അല്ല ഈ സിനിമ .
മിക്കവാറും അഭിനേതാക്കളെല്ലാം പുതുമുഖങ്ങള്‍ ആയിരിക്കെ, കൂടുതല്‍ ആളുകള്‍ക്കിടയിലേക്ക് സിനിമ എത്തുന്നത് അതായത് റീച്ച് കുറയില്ലേ?
ഇന്നത്തെ താരങ്ങളെല്ലാം പുതുമുഖങ്ങളായി കയറി വന്നവര്‍ തന്നെയാണ്. ജിഗോള എന്ന പേരില്‍ തന്നെയുണ്ട് വ്യത്യസ്തത. ക്യാച്ചബിള് നേം ആണത്. ഈ കാലഘട്ടത്തിലെ പ്രേക്ഷകന് എന്താണോ ആവശ്യപ്പെടുന്നത് അതെല്ലാം വേണ്ട അളവില്‍ സിനിമയിലുണ്ട്. സെക്സിനു വേണ്ടി എടുത്ത സിനിമയല്ല ഇത്. സിനിമക്ക് വേണ്ടിയുള്ള സെക്സും ഉണ്ട്. ജനങ്ങളാണ് താരം അവര്‍ ഏറ്റെടുത്തോളും.
സോറോ സിനിമ ഇടയ്ക്ക് കോടതിയിലെത്തിയെന്ന വാര്‍ത്ത കണ്ടിരുന്നു?
ചതിയുടെ വലിയ ലോകമല്ലെ സിനിമ. എന്റെ ആദ്യത്തെ അനുഭവമല്ല, കോടതിയിലുള്ള വിഷയമായതുകൊണ്ട് കൂടുതല്‍ പ്രതികരിക്കുന്നില്ല.
സംവിധാനത്തോടൊപ്പം പലപ്പോഴും അഭിനയവും ഒരു പാഷാനായി കൊണ്ടു നടക്കുന്ന ആളാണല്ലോ, രഘു?
ഞാന്‍ ബേസിക്കലി നടനാണ്. അമേച്ചര്‍ നാടകങ്ങള്‍ കുറെ ചെയ്തിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുറെ സിനിമയിലുണ്ട്. നൂറോളം ഓഡിഷനിലും പങ്കെടുത്തിട്ടുണ്ട്. ആ അനുഭവങ്ങള്‍ ഒക്കെയാണ് റൈറ്ററും സംവിധായകനും ഒക്കെ ആക്കി മാറ്റിയത്. സോറോയില് മെയിന്‍ വില്ലന്‍ വേഷം ഞാനാണ് ചെയ്തത്. തലൈവാസല്‍ വിജയ് എന്ന നടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരനുഭവമാണ്. ജി ഗോളയില്‍ സത്യചന്ദ്രന് എന്ന കഥാപാത്രം ചെയ്യുന്നു. പാഷന് ഇപ്പൊ പ്രൊഫഷനാണ് കഞ്ഞി കുടിക്കണ്ടെ?.
പുതിയ സിനിമാ പദ്ധതികള്‍ എന്തെല്ലാമാണ്?
ലോ ബജറ്റില്‍ സിനിമ ചെയ്തു കൊടുക്കുന്നത് കൊണ്ട്, ഒരു പാട് പേര് ആഗ്രഹം പ്രകടിപ്പിച്ചു വരുന്നുണ്ട്. വ്യത്യസ്തമായ ഒരു ത്രെഡ് കിട്ടിയാലെ ആരോടെങ്കിലും ഓക്കെ പറയൂ, ഇപ്പൊള്‍ കുറച്ച് ദിവസമായി മനസ്സിലൊരു ആശയം കിടക്കുന്നു. ഉടനെ എഴുതി പൂര്‍ത്തീകരിക്കണം. രണ്ട് മാസത്തിനുള്ളില്‍ അടുത്ത പടം അനൗണ്‍സ് ചെയ്യും. അതിനിടയില്‍ ഖലാസി വലിയൊരു കാന്‍വാസില്‍ സിനിമയാകാന്‍ ഉള്ള ചര്‍ച്ചയും നടക്കുന്നുണ്ട്.
പഴയ സിനിമക്കാര്‍, ന്യൂ ജെന്‍ സിനിമക്കാര്‍ തുടങ്ങിയ ഒരു വേര്‍തിരിവ് സിനിമയിലുണ്ടൊ?
ഉണ്ടോ? ആ എനിക്കറിയില്ല. പുതിയ ജനറേഷന് പൊളിയാണ്. ഒരു പാട് കാര്യങ്ങള്‍, ടെക്നിക്കലായിട്ട് വേഗം ഗ്രാസ്പ് ചെയ്തെടുക്കും അവര്‍. അറിയാത്തത് അവരോട് ചോദിച്ച് പഠിക്കാനാണ് എനിക്കിഷ്ടം. പണ്ട് ആനപ്പുറത്ത് ഇരുന്ന തഴമ്പ് ഇപ്പൊ കാണിച്ച് അഹങ്കരിക്കുന്നവര്‍ വീട്ടിലിരിക്കത്തെ ഉള്ളൂ. ന്യൂജെന്‍ പിള്ളേര് എനര്‍ജറ്റിക് ആയിരിക്കും, ലോ ബജറ്റ് മൂവിക്ക് അവരുടെ ടീമാണ് നല്ലത്.
ലാഭകരമാക്കി മാറ്റാവുന്നതാണോ ലോ ബഡ്ജറ്റ് സിനിമകള്‍?
പഠിച്ചിട്ട് ചെയ്താല്‍ തീര്‍ച്ചയായും ചെറിയ ബജറ്റ് പടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. മലയാളത്തില്‍ വലിയ ബ്ജറ്റ് പടങ്ങള്‍ എടുക്കരുതെന്നാണ് ഒരു പുതിയ പ്രൊഡ്യൂസര്‍ വന്നാല്‍ എനിക്ക് പറയാനുള്ളത്. ലോ ബ്ജറ്റ് എടുക്കുക. ഒരുപാട് ഒ ടി ടികള്‍ ഉണ്ട്. അവര്‍ അതെടുക്കും. ലൈഫ് ലോങ് ഇന്‍കം ജനറേറ്റ് ചെയ്യും. അക്കൗണ്ടിലേക്ക് കാശ് നേരിട്ട് കയറും, ഭാവിയില്‍ മുടക്കിയ തുക തിരിച്ചു കിട്ടും. അതിപ്പൊള്‍ അടുത്ത കാലത്ത് സംഭവിക്കുന്നതാണ്. വലിയ സാധ്യത ചെറിയ സിനിമകള്‍ക്കുമുണ്ട്.
പുതിയതായി ഈ മേഖലയില്‍ കടന്നു വരുന്നവരോട്, എന്താണ് താങ്കളുടെ അനുഭവത്തില്‍ പറയുവാനുള്ളത് ?
ആരെങ്കിലും വന്ന് നമ്മളെ സിനിമക്കാരാക്കും എന്ന് കരുതി ഇരുന്നാല്‍ മൂട്ടില് ചിതലരിക്കത്തെ ഉള്ളൂ. കൂട്ടായ്മ ഉണ്ടാക്കി കയ്യില്‍ നിന്നും കാശിറക്കി സിനിമ ചെയ്യുക. ആഗ്രഹം നിറവേറും. അല്ലാതെ വേറെ മാജിക് ഒന്നും ഇതിലില്ല, ചാരമാവുന്നതിന് മുന്‍പ് നമ്മളെ സ്വയം അടയാളപ്പെടുത്തുക എന്നുള്ള ബോധ്യമുള്ളവന് റിസ്കെടുക്കും, അല്ലാത്തവരോട് ഒന്നും പറയാനില്ല.

