

കൊച്ചി: അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച അയാളുടെ ബൈക്കുമായി മുങ്ങിയ പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ തമ്മനം എ കെ ജി നഗറില്‍ വിഷ്ണു രാജേഷ് (25) ആണ് പിടിയിലായത്.

ജൂണ്‍ 24നാണ് കേസിന് ആസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നു മണിക്ക് കൂട്ടുകാരന്റെ ബൈക്കുമായി എറണാകുളം ഭാഗത്തേക്ക് വരുന്നതിനിടെ തമ്മനത്തുവെച്ച് അപകടത്തില്‍പെടുകയും ബൈക്കില്‍ കാലില്‍ വീഴുകയും ചെയ്തയാളെ അതുവഴി വന്ന വിഷ്ണു രാജേഷ് സഹായിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ പരുക്കേറ്റയാള്‍ ഡോക്ടറെ കാണുന്നതിനിടയില്‍ ഇയാളുടെ ബൈക്കുമായി വിഷ്ണു രാജേഷ് കടന്നുകളയുകയായിരുന്നു.

എറണാകുളം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്തിലുളള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ അഖില്‍ കെ പി, സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി, ഹാരിസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിജേഷ്, ഷിഹാബ്, ഉണ്ണികൃഷ്ണന് എന്നിവരും ഉണ്ടായിരുന്നു.

