
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ തിയേറ്ററുകളില്‍ റിലീസിനെത്താന്‍ തയ്യാറെടുക്കുന്നു. ഈ വര്‍ഷത്തെ വമ്പന്‍ വിഷു റിലീസായി ഏപ്രില്‍ 15ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

പീരീയിഡ് ഡ്രാമ ത്രില്ലര്‍

ഒരു പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ 1950- 60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ടോവിനോ തോമസ് നായകനാകുമ്പോള്‍ ചിത്രം പ്രേക്ഷകര്‍ക്ക് കൂടുതല്‍ എക്സൈറ്റിങ് ആണ് നല്‍കുന്നത്. 1957, 58 കാലത്തെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമായി എത്തുന്ന പള്ളിച്ചട്ടമ്പിക്ക് അനൗണ്‍സ്മെന്റ് മുതല്‍ വന്‍ ഹൈപ്പുള്ളത് കൊണ്ട് തന്നെ ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രവും കഥാപാത്രമായുള്ള ടോവിനോയുടെ പെര്‍ഫോര്‍മന്‍സും എങ്ങനെയാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ടൊവിനോയുടെ മാസ് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് സിനിമയെന്ന പ്രതീക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. എ ആര് എം സിനിമയിലെ മണിയന് എന്ന കഥാപാത്രത്തിന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുന്ന പ്രകടനമായിരിക്കും പള്ളിച്ചട്ടമ്പിയില്‍ ടോവിനോ കാഴ്ച്ച വെച്ചിരിക്കുക എന്നതാണ് ഇതിനോടകം കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ആകര്‍ഷകമായ ട്രെയിലര്‍
ചിത്രത്തിലെ ഏറെ ആകര്‍ഷകമായ ഘടകം ട്രെയിലര്‍ ആണ്. കല്ല് കരട് കാഞ്ഞിരക്കുറ്റി- മുള്ള്, മുരട്, മൂര്‍ഖന്‍ പാമ്പ്, കുന്നും പുറത്തിന്റെ ചരിവുകളും തിട്ടകളും കാടും മേടും നമുക്ക് മനകണക്കാ, തെക്കന്‍ കാറ്റും തുലാ പെയ്ത്തും ഒരുമിച്ച് വന്നാലും ഇവിടുത്തെ മരക്കൂട്ടങ്ങള്‍ക്ക് ഉയിര് കൊണ്ട് കാവല്‍ നിക്കുന്നത് മനുഷ്യരാ, അവരെ നേരിടാന്‍ നമ്മുടെ ആയുധം ഈ മണ്ണാണ് എന്നിങ്ങനെയുള്ള മാസ് ഡയലോഗുകള്‍ വഴി ടോവിനോ തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്. അതും ഏതാനും മിനിട്ടുകള്‍ മാത്രമുള്ള ട്രെയിലറിലൂടെ. അതിനാല്‍ ചിത്രം ഒരു മാസ് ഐറ്റം ആകുമെന്ന പ്രതീക്ഷ ട്രെയിലറും ട്രെയിലറിലെ ടോവിനോയുടെ പെര്‍ഫോമന്‍സും പ്രേക്ഷകര്‍ക്ക് ഒരുപോലെ നല്‍കുന്നുണ്ട്
ടോവിനോ തോമസ്- കയാദു ലോഹര്‍
ടോവിനോ തോമസ് എന്ന നടന്റെ ആക്ഷന്‍ പരിവേഷത്തിന്റെ പുതിയ തലമായിരിക്കും പള്ളിച്ചട്ടമ്പി എന്നാണ് ചിത്രത്തിന്റെ ട്രെയ്ലര് നല്കുന്ന സൂചന. കൂടാതെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ കയാദു ലോഹര്‍ വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ആദ്യമായി അരങ്ങേറ്റം കുറിക്കുകയും തുടര്‍ന്ന് ഒരു ജാതി ജാതകം സിനിമയില്‍ അഭിനയിക്കുകയും ചെയ്തെങ്കിലും മലയാളത്തില്‍ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമായാണ്. ടോവിനോ- കയാദു കോമ്പോ ചിത്രത്തിലും സോഷ്യല്‍ മീഡിയയിലും ഇതിനോടകം തന്നെ ശ്രദ്ധേയമാണ്. സിനിമയില്‍ ഇരുവരും എത്രത്തോളം മനോഹരമായി അഭിനയിച്ചു എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.
ഡിജോ ജോസ് ആന്റണി- ജേക്ക്സ് ബിജോയ്
ക്വീന്‍, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ജനപ്രിയ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകന് ജേക്ക്സ് ബിജോയും വീണ്ടും ഒന്നിക്കുന്ന മറ്റൊരു ചിത്രമാണ് പള്ളിച്ചട്ടമ്പി എന്നതും ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ജേക്ക്സ് ബിജോയ് സംഗീതത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലാണ്. ‘കാട്ടുചെമ്പകം’ എന്ന ഗാനം മികച്ച ജനപ്രീതി നേടിയിരിക്കുകയാണ്. അതോടൊപ്പം ചിത്രത്തിലെ ‘മാവീര’ എന്ന ഗാനവും മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. തിയേറ്ററില്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന ഗാനമുണ്ടാക്കുന്ന ഓളം അറിയാന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷാഭരിതമാണ്.
ദൃശ്യമികവ്
ചിത്രത്തിന്റെ ചായാഗ്രഹണം ചെയ്തിരിക്കുന്നത് ടിജോ ടോമിയാണ്. ട്രെയിലറും ഗാനങ്ങളും വഴി ഇതിനോടകം തന്നെ സിനിമയുടെ ദൃശ്യ മികവ് ചര്‍ച്ചയായി മാറിയിട്ടുണ്ട്. കാലഘട്ടത്തിന്റെ സംസ്കാരം, ജീവിതശൈലി, രാഷ്ട്രീയം, വസ്ത്രധാരണം എന്നിവ യാഥാര്‍ഥ്യത്തോടെ പുനരാവിഷ്കരിക്കാന്‍ ഇരുവരും ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്. പ്രേക്ഷകരെ ആ കാലഘട്ടത്തിലേക്ക് സിനിമ എത്രത്തോളം കൊണ്ട് പോകുമെന്നും വിഷ്വല്‍സ്, കോസ്റ്റിയൂംസ്, ലൈറ്റിങ് എല്ലാം ചേര്‍ന്ന് ഒരു പഴയ കാലഘട്ടത്തിന്റെ മികവ് എത്രത്തോളം സിനിമയിലുടനീളം ലഭിക്കുമെന്നും അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

