
മുംബൈ: ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയാണ്. ശനിയാഴ്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടത്തുമെന്ന് മകന്‍ ആനന്ദ് ഭോസ്ലെ അറിയിച്ചു.

സംഗീത മേഖലയില്‍ 80 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള ബഹുമുഖ പ്രതിഭയാണ് ആശ ഭോസ്ലേ. വിവിധ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മവിഭൂഷണ്‍, ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.
ഖജ്ര മൊഹബ്ബത്ത് വാല, രംഗീല രേ, ദില്‍ ചീസ് ക്യാസ് ഹേ, പിയ് തു അബ് തോ ആജ തുടങ്ങിയ ഹിറ്റ് ഗാനങ്ങളെല്ലാം ആശയുടെ ശബ്ദത്തില്‍ പിറന്നതാണ്. 1943ല്‍ മറാത്തി ചിത്രമായ മജ്ഹബാലില്‍ ചലാ ചലാ നവ് ബാല എന്ന ഗാനം ആലപിച്ചാണ് ആശ സിനിമാ ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഉമ്രാവോ ജാനിലൂടെ 1981ലാണ് ആദ്യമായി ദേശീയ പുരസ്‌കാരം നേടിയത്. 1988ല്‍ രണ്ടാമതും ദേശീയ പുരസ്‌കാരം തേടിയെത്തി. 2022ല്‍ ജാക്കി ഷറോഫിന്റെ ലൈഫ്‌സ് ഗൂഡിനു വേണ്ടിയാണ് അവസാനമായി പാടിയത്.
പതിനാറാം വയസില്‍ ഗണ്‍പത്‌റാവു ഭോസ്ലെയെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ മൂന്നു മക്കളുണ്ട്. 1960ല്‍ ഇരുവരും പിരിഞ്ഞു. 20 വര്‍ഷത്തിനു ശേഷം സംഗീത സംവിധായകന്‍ രാഹുല്‍ ദേവ് ബര്‍മാനെ വിവാഹം കഴിച്ചു.
ആശയുടെ മകള്‍ വര്‍ഷ 2012ല്‍ ജീവനൊടുക്കിയിരുന്നു. മകന്‍ ഹേമന്ത് 2015ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. ഇളയ മകന്‍ ആനന്ദിനൊപ്പമാണ് ആശ താമസിച്ചിരുന്നത്.

