
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ട മുസ്ലിം ഐക്യസംഘത്തിന്റെ ആശയാദര്‍ശങ്ങള്‍ ഏറ്റെടുത്ത് കേരളത്തിലെ ഇസ്ലാമിക നവോഥാന മുന്നേറ്റത്തിന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന കെ എന്‍ എം മര്‍കസുദ്ദഅ്വയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം രണ്ട് ദിവസങ്ങളിലായി കൊടുങ്ങല്ലൂരില്‍ നടക്കും. സംഘടനയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളും ബജറ്റും ആവിഷ്കരിക്കുന്നതിനായി നടക്കുന്ന പ്രതിനിധി സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കൊടുങ്ങല്ലൂര്‍ നവോഥാന സെന്ററിലാണ് നടക്കുക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പകെടുക്കും.

ശനിയാഴ്ച ഉച്ചക്ക് 2ന് മന്ത്രി ഒ ജെ ജനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിക്കും. കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് നടക്കുന്ന പഠന സെഷന് കെ എന്‍ എം മര്‍കസുദ്ദഅ്വ ജനറല്‍ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. ട്രഷറര്‍ കെ എല്‍ പി യൂസുഫ് പ്രസീഡിയം നിയന്ത്രിക്കും. പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി ഖാലിദ് വിഷയമവതരിപ്പിക്കും.
ഉച്ചക്ക് നടക്കുന്ന സംഘടനാ സെഷനില്‍ പ്രവര്‍ത്തന രൂപരേഖയും ബജറ്റും അവതരിപ്പിക്കും. തുടര്‍ന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
രണ്ടാം ദിവസമായ ഞായറാഴ്ച കെ പി നൗഷാദലി എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും.
പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ സമ്പദ്ഘടനയിലുണ്ടാവുന്ന വെല്ലുവിളികള്‍, രാജ്യത്ത് മുസ്ലിംകള്‍ക്കെതിരില്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ബുള്‍ഡോസര്‍ രാജ്, ജനാധിപത്യ അട്ടിമറി, വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും കാവിവത്കരണവും, കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനുള്ള മതേതര കൂട്ടായ്മ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചക്ക് വരും.
പ്രതിനിധികള്‍ക്ക് താമസത്തിനും ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിനിധികളെ സ്വീകരിക്കാന്‍ നവോഥാന നഗര്‍ ഒരുങ്ങിക്കഴിഞ്ഞതായി സംഘാടക സമിതി ഭാരവാഹികളായ സിറാജ് മദനി, ഇസ്ഹാഖ് ബുസ്താനി, കെ ഐ അബ്ദുസ്സലാം, പി കെ അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് ഹബീബ്, ഇബ്രാഹിം സിദാന് എന്നിവര്‍ അറിയിച്ചു.

