
കൊച്ചി: അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘ഹൈവാന്‍’ ആഗോള റിലീസ് തിയ്യതി പുറത്ത്. 2026 സെപ്റ്റംബര്‍ 11നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദര്‍ശന്‍ തന്നെയാണ്. കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോളിവുഡിലെ വമ്പന്‍ താരങ്ങളായ അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സയ്യാമി ഖേര്‍, ശ്രിയ പില്‍ഗാവോങ്കര്‍ എന്നിവരും ഈ പ്രിയദര്‍ശന്‍ ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ ചിത്രീകരണം ആരംഭിച്ച ‘ഹൈവാന്‍’ കൊച്ചി, വാഗമണ്‍, ഊട്ടി, മുംബൈ എന്നിവിടങ്ങളില്‍ ആയാണ് പൂര്‍ത്തീകരിച്ചത്. വമ്പന്‍ സസ്പെന്‍സും ഡ്രാമയും കോര്‍ത്തിണക്കിയാണ് പ്രിയദര്‍ശന്‍ ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ ബോളിവുഡില്‍ ഒരുക്കിയിട്ടുള്ള പ്രിയദര്‍ശന്‍ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.

സാബു സിറിള്‍ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രിയദര്‍ശന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലിഖാന്‍, സാബു സിറിള്‍ എന്നീ 4 ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒന്നിക്കുന്നു എന്നതും ഹൈവാന്റെ ഹൈലൈറ്റ് ആണ്.
ചിത്രത്തിലെ മറ്റു താരങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. 2026ല്‍ സിനിമാ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന തിയേറ്റര്‍ അനുഭവങ്ങളില്‍ ഒന്ന് കൂടിയാണ് ‘ഹൈവാന്‍’. ഈ വര്‍ഷം പുറത്തു വന്ന മറ്റൊരു പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ ചിത്രമായ ‘ഭൂത് ബംഗ്ലാ’ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. അത് കൊണ്ട് തന്നെ ഇവര്‍ വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കൂടി വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ‘ഹൈവാന്‍’ കാത്തിരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം ‘ബാലന്‍’ നിര്‍മ്മിച്ചതും കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ്. ഇവര്‍ രണ്ടും പേരും ഒരുമിച്ചു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹൈവാന്‍’. തമിഴിലെ വമ്പന്‍ ചിത്രമായ ദളപതി വിജയ്യുടെ ‘ജനനായകന്‍’, ഗീതു മോഹന്‍ദാസ്- യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ ‘ടോക്‌സിക്’ എന്നിവ നിര്‍മ്മിച്ചതും കെ വി എന്‍ പ്രൊഡക്ഷന്‍സ് ആണ്.

