സൂര്യ- ടി ജെ ജ്ഞാനവേല്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്

Web Desk
2 Min Read

ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. ശക്തമായ കഥ പറച്ചിലും ഗംഭീരമായ സിനിമാറ്റിക് വിഷനും വാഗ്ദാനം ചെയ്യുന്ന ഒരു ചിത്രവുമായാണ് ഹോംബാലെ ഫിലിംസ് ബാനറില്‍ വിജയ് കിരഗണ്ടൂര്‍ എത്തുന്നത്.

city exchange

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളില്‍ ഒരാളായ സൂര്യ തന്റെ വൈവിധ്യവും ഗംഭീരമായ പ്രകടനങ്ങളും കൊണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ ആകര്‍ഷിച്ചു മുന്നേറുകയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് അവാര്‍ഡുകളും നേടിയിട്ടുള്ള അദ്ദേഹം ഒരേ സമയം വാണിജ്യ മൂല്യമുള്ള ചിത്രങ്ങളും ആഴമുള്ള നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും ചെയ്ത് സിനിമയോടുള്ള തന്റെ പ്രതിബദ്ധത കാണിച്ചു തന്നിട്ടുമുണ്ട്.

ജയ് ഭീമിലൂടെ ശക്തമായ കഥപറച്ചില്‍, വൈകാരിക ആഴം, സാമൂഹിക പ്രസക്തി എന്നിവയാല്‍ ആഘോഷിക്കപ്പെട്ട ഒരു സിനിമാനുഭവം സമ്മാനിച്ചു കൊണ്ട് ദേശീയ ശ്രദ്ധ നേടിയ സംവിധായകന്‍ ടി ജെ ജ്ഞാനവേലിനൊപ്പം സൂര്യ വീണ്ടും ഒന്നിക്കുകയാണ്.

ശക്തമായ മാനുഷിക വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ആഖ്യാന ശൈലിക്ക് പേരുകേട്ട ടി ജെ ജ്ഞാനവേല്‍, സമകാലിക ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വ്യത്യസ്തരായ ചലച്ചിത്ര സംവിധായകരില്‍ ഒരാളായി സ്ഥാനം നേടിയെടുത്ത പ്രതിഭയാണ്.

- Advertisement -
Ad image

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി കെ ജി എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ പുതിയ ബോക്‌സ് ഓഫീസ് നാഴികക്കല്ലുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഹോംബാലെ ഫിലിംസ് ഇന്ത്യയിലെ മുന്‍നിര സിനിമാ നിര്‍മ്മാണ സ്ഥാപനങ്ങളിലൊന്നായി ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. ദീര്‍ഘവീക്ഷണമുള്ള കഥാകൃത്തുക്കളെ പിന്തുണയ്ക്കുന്നതിനും ഭാഷകളെയും സംസ്‌കാരങ്ങളെയും മറികടക്കുന്ന സിനിമ നല്‍കുന്നതിനും പേരുകേട്ട ഈ നിര്‍മ്മാണ സ്ഥാപനം, പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്ന കഥകളെ പിന്തുണക്കുന്നതില്‍ എന്നും മുന്നിലാണ്.

സിനിമയോട് അഭിനിവേശമുള്ള ആളുകള്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്ക് വെച്ച് കൊണ്ട് ഒത്തുചേരുമ്പോഴാണ് ശക്തമായ സിനിമ ജനിക്കുന്നതെന്നാണ് ഹോംബാലെ ഫിലിംസ് എപ്പോഴും വിശ്വസിക്കുന്നതെന്നും സൂര്യയുമായും ടി ജെ ജ്ഞാനവേലുമായും സഹകരിക്കുന്നത് സത്യസന്ധവും അര്‍ഥവത്തായതും ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ബന്ധപ്പെടുന്നതുമായ കഥ പറയുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് എന്നും ഹോംബാലെ ഫിലിംസ് സ്ഥാപകന്‍ വിജയ് കിരഗണ്ടൂര്‍ പറയുന്നു.

സായ് അഭയങ്കര്‍ സംഗീതം, എസ് ആര്‍ കതിര്‍ ഛായാഗ്രഹണം, കെ കതിര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍, ഫിലോമിന്‍ രാജ് എഡിറ്റിംഗ് എന്നിവ നിര്‍വഹിക്കുന്ന ഈ പ്രോജക്ട് ഒരു മികച്ച സാങ്കേതിക സംഘത്തെ ആണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഈ വമ്പന്‍ സഹകരണം, ഒരു പ്രഗത്ഭനായ നടനെയും ദീര്‍ഘവീക്ഷണമുള്ള ഒരു സംവിധായകനെയും സിനിമാറ്റിക് മികവിന് പേരുകേട്ട ഒരു പ്രൊഡക്ഷന്‍ ഹൗസിനെയും ഒരുമിച്ച് കൊണ്ടുവരുന്നു. ലോകമെമ്പാടുമുള്ള വ്യത്യസ്ത തലമുറകളിലെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന, ആഴമുള്ളതും അര്‍ഥമുള്ളതുമായ ഒരു ചിത്രം നിര്‍മ്മിക്കാനാണ് ഇതിലൂടെ ഈ വമ്പന്‍ ടീം ലക്ഷ്യമിടുന്നത്. പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Share This Article
Leave a Comment
error: Content is protected !!