

കൊച്ചി: ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയായ ഏസ്മണി ഓഫ്‌ലൈന്‍ യു പി ഐ പെയ്‌മെന്റ്, വെയറബിള്‍ എ ടി എം കാര്‍ഡ് എന്നീ സേവനങ്ങള്‍ ആരംഭിച്ചു. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഓഫ്‌ലൈന്‍ യു പി ഐ. എ ടി എം കാര്‍ഡും മൊബൈല്‍ ഫോണുമില്ലാതെ മോതിരമായും കീചെയിനായും ഉപയോഗിക്കാനാവുന്ന തരത്തില്‍ പണമിടപാടുകള്‍ക്കായി രൂപപ്പെടുത്തിയിരിക്കുന്നവയാണ് വെയറബിള്‍ എ ടി എം കാര്‍ഡ്സ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ യു പി ഐ മേധാവി സൗരഭ് തോമര്‍, ഫിനാന്‍സ് വകുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ മുഹമ്മദ് വൈ സഫീറുല്ല എന്നിവര്‍ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ ആദ്യമായി സാധാരണ ജനങ്ങള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കുമായി മലയാളം, തമിഴ് എന്നീ പ്രാദേശിക ഭാഷകളില്‍ ഓഫ്‌ലൈന്‍ യു പി ഐ സേവനങ്ങള്‍ അവതരിപ്പിക്കുന്നത് ഏസ്മണിയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ചില്‍ 123 ഭിംവോയിസ് എന്ന പേരില്‍ ഓഫ്‌ലൈന്‍ യു പി ഐ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ജനസംഖ്യയുടെ പകുതിയിലധികം ജനങ്ങളും ഡിജിറ്റല്‍ സാക്ഷരത നേടാത്ത ഇന്ത്യയില്‍ ഓഫ്‌ലൈന്‍ യു പി ഐ അനിവാര്യമാണെന്നും സാധാരണക്കാരെയും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ക്ക് പ്രാപ്തരാക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്നും ഏസ്മണി സി ഇ ഒ ജിമ്മിന്‍ ജെ കുറിച്ചിയില്‍ പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ പലപ്പോഴും ഇന്റര്‍നെറ്റ് സേവനത്തില്‍ തടസമുണ്ടാകുന്ന സാഹചര്യത്തിലും ഓഫ്‌ലൈന്‍ യു പി ഐ വഴി ഉപഭോക്താവിന് പണമിടപാടുകള്‍ അനായാസമാകും. ഓഫ്ലൈന്‍ യു പി ഐ പേയ്മെന്റിനായി 8147763135 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
സ്മാര്‍ട്ട് ഫോണുകളുമായി കണക്ട് ചെയ്ത ആപ്ലിക്കേഷന്‍ വഴിയാണ് വെയറബിള്‍ എ ടി എം കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഇവ ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സംവിധാനം തികച്ചും സുരക്ഷിതമാണ്. യാത്ര ചെയ്യുമ്പോഴും മറ്റും കൈയില്‍ പണമോ എ ടി എം കാര്‍ഡോ ഫോണോ ഇല്ലെങ്കിലും കൈയില്‍ ധരിച്ചിരിക്കുന്ന മോതിരമോ വാഹനത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന കീ ചെയിനോ മതിയാകും പണമിടപാട് നടത്താന്‍. ഓഗസ്റ്റ് മുതല്‍ വെയറബിള്‍ എ ടി എം കാര്‍ഡ് മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുമെന്ന് ഏസ്മണി എം ഡി നിമിഷ ജെ വടക്കന്‍ പറഞ്ഞു.

