ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

Web Desk
1 Min Read

തൃശ്ശൂര്‍: പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി നിര്യാതനായി. 86 വയസ്സായിരുന്നു.

city exchange

ഞായറാഴ്ച രാത്രി തൃശ്ശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. ഗുരുവായൂര്‍, ചൊവ്വല്ലൂര്‍ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴക പ്രവൃത്തിയുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കുടുംബാംഗമാണ്.

ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, ഹാസസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂര്‍. 1936ല്‍ കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണിവാര്യരുടെയും ചൊവ്വല്ലൂര്‍ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു. ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍ (ഇരുവരും ലണ്ടന്‍). മരുമക്കള്‍: പരേതനായ സുരേഷ് ചെറുശ്ശേരി, ഗീത (ലണ്ടന്‍). സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍.

- Advertisement -
Ad image

‘ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ…’, ‘ഒരുവട്ടം തൊഴുതുമടങ്ങുമ്പോള്‍ തോന്നും…’, ‘ഗുരുവായൂരോമനക്കണ്ണനാമുണ്ണിക്ക്…’ തുടങ്ങിയ ഗുരുവായൂരപ്പഭക്തിഗാനങ്ങളും ‘ഉദിച്ചുയര്‍ന്നൂ മാമലമേലേ…’, ‘ആനയിറങ്ങും മാമലയില്‍…’ തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളും ഉള്‍പ്പെടെ 3500ലേറെ പാട്ടുകളെഴുതി.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ ‘നവജീവന്‍’ ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പിന്നീട് കോഴിക്കോട് ആകാശവാണിയില്‍ ഉറൂബിന്റെ കീഴില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. 1966-ല്‍ മലയാള മനോരമയില്‍ ചേര്‍ന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍, സാഹിത്യ- സംഗീത അക്കാദമികളില്‍ അംഗം, ഗുരുവായൂര്‍ ദേവസ്വം ഭക്തപ്രിയ പത്രാധിപസമിതിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കവിത, നോവല്‍, ചെറുകഥ, വിവര്‍ത്തനം, നര്‍മലേഖനം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി പുരസ്‌കാരം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം, കോഴിക്കോട് തളി രേവതി പട്ടത്താനം പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായി.

മധു സംവിധാനം ചെയ്ത ‘പ്രഭാതസന്ധ്യ’ എന്ന സിനിമയ്ക്കാണ് ആദ്യം തിരക്കഥയെഴുതിയത്. സംവിധായകന്‍ ഹരിഹരന്റെ ‘സര്‍ഗം’ സിനിമയ്ക്ക് സംഭാഷണമെഴുതി. ‘തുലാവര്‍ഷം’ എന്ന സിനിമയ്ക്കുവേണ്ടി സലീല്‍ ചൗധരി ഈണമിട്ട ‘സ്വപ്നാടനം ഞാന്‍ തുടരുന്നു…’ എന്നത് ചൊവ്വല്ലൂരിന്റെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ്.

Share This Article
Leave a Comment
error: Content is protected !!