

കാബൂള്‍: ഹെറാത്ത് നഗരത്തിലെ പ്രധാന ചത്വരത്തില്‍ ക്രെയിനില്‍ മൃതദേഹം കെട്ടിത്തൂക്കി ക്രൂരത. പരസ്യമായ വധശിക്ഷയും കൈവെട്ടലും ഉള്‍പ്പെടെയുള്ള ശിക്ഷാരീതികള്‍ നടപ്പാക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയത്.

ഹെറാത്തിലേക്ക് നാലു മൃതദേഹങ്ങള്‍ കൊണ്ടുവന്നതായും ഒന്നൊഴികെ മൂന്നെണ്ണവും മറ്റിടങ്ങളിലേക്ക് കൊണ്ടുപോയതായും ചത്വരത്തിന് സമീപം മരുന്നുകട നടത്തുന്ന വസീര്‍ അഹമ്മദ് സിദ്ദീഖിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കടുത്ത ശിക്ഷാ രീതികള്‍ തുടരുമെന്ന സൂചനയാണ് താലിബാന്‍ ഇതിലൂടെ നല്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പൊതുവായില്ലെങ്കിലും വീണ്ടും വധശിക്ഷയും കൈകള്‍ മുറിച്ചുമാറ്റലും ശിക്ഷയുടെ രൂപങ്ങളായിരിക്കുമെന്ന് ജയിലുകളുടെ പുതിയ തലവനും താലിബാന്‍ ഗ്രൂപ്പിന്റെ സ്ഥാപകരില്‍ ഒരാളുമായ മുല്ലാ നൂറുദ്ദീന്‍ തുറബി അസോസിയേറ്റഡ് പ്രസ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ശിക്ഷകള്‍ പരസ്യമായി നടപ്പാക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ നയം വികസിപ്പിക്കുമെന്നും തുറബി പറഞ്ഞു.

