

ദോഹ: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷരീഫിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. സംഭവത്തില്‍ നിരവധി പേര്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമത്തേയും തീവ്രവാദത്തേയും നിരാകരിക്കുന്നതാണ് ഖത്തറിന്റെ നയങ്ങളെന്നും എന്തുകാരണത്താലായും പ്രര്‍ഥനാ കേന്ദ്രങ്ങളേയും ജനങ്ങളേയും ലക്ഷ്യമിട്ട് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിശദമാക്കി.

സംഭവത്തിലെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും ഖത്തര്‍ അനുശോചനം അറിയിക്കുകയും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വടക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ മസാര്‍ ഇ ഷരീഫിലെ ശിയാ പള്ളിയിലും കുന്‍ഡൂസിലുമുണ്ടായ സ്‌ഫോടനങ്ങളിലുമായി വ്യാഴാഴ്ച വൈകിട്ട് 16 പേരാണ് മരിച്ചത്. മസാര്‍ ഇ ഷരീഫിലെ മസ്ജിദിലെ സ്‌ഫോടനത്തില്‍ മാത്രം 12 പേര്‍ മരിച്ചു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ 32 പേര്‍ ഉള്‍പ്പെടെ 58 പേര്‍ക്ക് പരുക്കുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഗ്രൂപ്പായ ഐ എസ് ഐ എല്‍ ഏറ്റെടുത്തിരുന്നു.

