
കൊച്ചി: കേരളത്തില്‍ നിന്നുള്ള സി എസ് ആര്‍ ഫണ്ടുകള്‍ കലയും സംസ്‌കാരവും ലക്ഷ്യമാക്കി ചെലവഴിക്കുന്നത് വളരെ കുറവാണെന്ന് കൊച്ചി മുസിരിസ് ബിനാലെ സ്ഥാപക പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി. കൊച്ചിയിലെ ഹോ്ട്ടല്‍ ബ്രണ്‍ടണ്‍ ബോട്ട് യാര്‍ഡില്‍ സംഘടിപ്പിച്ച ടൈ കേരള ലീഡര്‍ഷിപ്പ് ടോക്ക് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി ബിനാലെ സംഘടിപ്പിക്കുന്നതിനിടെ നേരിട്ട വിവിധ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്പോണ്‍സര്‍ഷിപ്പുകളുടെ കുറവ്, പൈതൃക മേഖലയിലെ പ്രധാന വേദികളുടെ ഉടമകളില്‍ നിന്നുള്ള സമ്മര്‍ദ്ദം തുടങ്ങിയ നിരവധി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും കൊച്ചി മുസിരിസ് ബിനാലെ ടീം വര്‍ഷങ്ങളായി മികച്ച പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ മിക്ക വലിയ കോര്‍പ്പറേറ്റുകളുടെയും സി എസ് ആര്‍ ഫണ്ടുകള്‍ കലാ- സാംസ്‌കാരിക സംരംഭങ്ങള്‍ക്കായി സംസ്ഥാനത്ത് വിനിയോഗിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിക്കുള്ള ധനസഹായത്തിന്റെ വലിയൊരു പങ്ക് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നാണെന്ന് സെഷനില്‍ സംസാരിച്ച കൊച്ചി മുസിരിസ് ബിനാലെ സി ഇ ഒ തോമസ് വര്‍ഗീസ് വ്യക്തമാക്കി.
ടൈ കേരളയുടെ മുന്‍ പ്രസിഡന്റും കെ എസ് ഐ ഡി സി ചെയര്‍മാനുമായ ബാലഗോപാല്‍ ചന്ദ്രശേഖര്‍, നഗരത്തിലെ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതില്‍ ബിനാലെയുടെ പ്രധാന പങ്കിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഇതിലൂടെ സംസ്ഥാനത്തിന്റെ സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്കും വികസനത്തിനും വഴിയൊരുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് സെഷന്‍ നിയന്ത്രിച്ചു.
സെഷന് മുമ്പ് ടൈ കേരളയുടെ ചാര്‍ട്ടര്‍ അംഗങ്ങള്‍ ബിനാലെയുടെ പ്രധാന വേദികള്‍ സന്ദര്‍ശിക്കുകയും എല്ലാ പ്രധാന പങ്കാളികളുമായി സംവദിക്കുകയും ചെയ്തു. സംരംഭകത്വം, സംസ്‌കാരം, സൃഷ്ടിപരമായ സംരംഭങ്ങള്‍ എന്നിവയ്ക്കിടയില്‍ സംവാദം വളര്‍ത്താനുള്ള ടൈ കേരളയുടെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഇടപെടല്‍.

