ദുല്‍ഖറിനെ വിലക്കി ഫിയോക്; സല്യൂട്ടും പുഴുവും ഒ ടി ടിയിലേക്ക്

Web Desk
2 Min Read

കൊച്ചി: ധാരണകളും വ്യവസ്ഥകളും ലംഘിച്ചുവെന്നാരോപിച്ച് ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ കമ്പനിയായ വേഫെററിനും വിലക്കേര്‍പ്പെടുത്തിയതായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒ ടി ടിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

city exchange

ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു കരാറുണ്ടായിരുന്നതെങ്കിലും ധാരണ ലംഘിച്ചാണ് സിനിമ ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നതെന്ന് ഫിയോക് ആരോപിച്ചു. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെ പോസ്റ്ററുകള്‍ ഉള്‍പ്പടെ തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സിനിമ ഒ ടി ടിയിലേക്ക് നല്‍കിയതെന്നാണ് ഫിയോക് അംഗങ്ങള്‍ പറയുന്നത്.

ഇതോടെ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കും നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കും തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്താനാവില്ല. ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. ഒരുപാട് നാളുകളായി ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്.

- Advertisement -
Ad image

സല്യൂട്ട് മാര്‍ച്ച് 18ന് സോണി ലിവിലൂടെ സ്ട്രീമിംഗ് ചെയ്യുമെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചത്. ഫേസ്ബുക്കില്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രം തിയേറ്ററിലേക്കില്ലെന്നും ഒ ടി ടിക്ക് നല്‍കുമെന്നും അണിയറപ്രവ്രര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്ലം പുരയിലാണ്.

ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടിന് പിന്നാലെ മമ്മൂട്ടി ചിത്രം പുഴുവും ഒ ടി ടിയിലാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത് സോണിലിവിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

പുഴുവും സല്യൂട്ടും മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ഒരു ഫാമിലി ത്രില്ലറാണ് പുഴു. ചിത്രത്തില്‍ മമ്മൂട്ടി ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചനകള്‍.

പുഴു ഒ ടി ടി റിലീസായിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഡയറക്ട് ഒ ടി ടി റിലീസായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആകാംക്ഷയുണര്‍ത്തുന്ന ബി ജി എമ്മും നിഗൂഢതയുണര്‍ത്തുന്ന മമ്മൂട്ടിയുടെ ക്യാരക്ടറുമാണ് ടീസറിലുള്ളത്. വിധേയനും പാലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തിലെത്തുന്നു എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.

നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴു സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് സഹനിര്‍മാണവും വിതരണവും.

തേനി ഈശ്വറാണ് ചിത്രത്തിന്റെ പുഴുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പാര്‍വതി, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!