

അങ്കമാലി: കുണ്ടന്നൂര്‍ ബൈപാസ് നിര്‍മാണത്തിന് ചരക്ക് സേവന നികുതിയും റോയല്‍റ്റിയും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പി മുഖ്യമന്ത്രിക്ക് കത്തയച്ചു. 44 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ് പ്രവേശന നിയന്ത്രണമുള്ള ബൈപാസ്സായി 2016-ല്‍ നാഷണല്‍ ഹൈവേ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ചരക്ക് സേവന നികുതിയും റോയല്‍റ്റിയും ഒഴിവാക്കി കൊടുക്കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ തീരുമാനം വൈകുന്നതിനാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി പ്രസ്തുത ബൈപാസ് നിര്‍മ്മാണം നീട്ടിവച്ചിരിക്കുകയാണ്.

സ്ഥലമേറ്റെടുപ്പിന് വേണ്ടിവരുന്ന തുകയുടെ 25 ശതമാനം കെട്ടിവയ്ക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കിയിട്ടുള്ളതാണ്. പകരമായി കേരള സര്‍ക്കാര്‍ അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ് പദ്ധതിയ്ക്ക് വരുന്ന ചരക്ക് സേവന നികുതിയും അസംസ്‌കൃത വസ്തുക്കളുടെ റോയല്‍റ്റിയും ഒഴിവാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്.

അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ് യാഥാര്‍ഥ്യമായാല്‍ മാത്രമേ ഏറെ തിരക്കേറിയ ദേശീയ പാത 66-ലെ ഇടപ്പള്ളി- അരൂര്‍ ഭാഗത്തെയും ദേശീയ പാത 544-ലെ ഇടപ്പള്ളി- അങ്കമാലി ഭാഗത്തെയും ഗതാഗതക്കുരുക്കിന് പരിഹാരമാകുകയുള്ളു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ള ചരക്ക് സേവന നികുതി, റോയല്‍റ്റി എന്നിവ ഒഴിവാക്കിയാല്‍ മാത്രമേ സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനം നാഷണല്‍ ഹൈവേ അതോറിറ്റി പുറപ്പെടുവിക്കുകയുള്ളൂ.
ഈ സാഹചര്യത്തില്‍ അങ്കമാലി കുണ്ടന്നൂര്‍ ബൈപ്പാസിന്റെ നിര്‍മ്മാണത്തിനായി ചരക്ക് സേവന നികുതി, അസംസ്‌കൃത വസ്തുക്കളുടെ റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിന് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു.

