Connect with us

Special

ജനുവരി 9 പ്രവാസി ഭാരതീയ ദിനം: 2025ലെ കണ്‍വെന്‍ഷന്‍ ഒഡീഷയിലെ ഭുബനേശ്വറില്‍

Published

on


1915 ജനുവരി 9 രാഷ്ട്രപിതാവ് മഹാത്മഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങി എത്തിയ ദിവസം.

പ്രവാസികളുടെ ആദ്യത്തെ ജനകീയ നേതാവായ ഗാന്ധിജി മാതൃദേശത്ത് തിരിച്ചെത്തിയ ദിവസം പ്രവാസികളുടെ ദിവസമായി അടയാളപ്പെടുത്തിയത് വളരെ അര്‍ഥവത്തായ തീരുമാനമായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ അന്നനുഭവിച്ച യാതനകള്‍ക്കും വിവേചനങ്ങള്‍ക്കും അറുതിവരുത്താനും അവരുടെ ദുരിത ജീവിതത്തിനും കഷ്ടപ്പാടുകള്‍ക്കും പരിഹാരങ്ങള്‍ തുടര്‍ന്ന് രൂപപ്പെട്ടതും ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്.

ദക്ഷിണാഫ്രിക്കയിലെ പ്രവാസികളുടെ കൂട്ടായ്മകള്‍ക്കും സംഘടിതമായ പരിശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഗാന്ധിജിയാണ് ഇന്ത്യക്കാരുടെ സംഘടിത സമൂഹത്തിന്റെ ആദ്യത്തെ ജനകീയ പ്രവാസി നേതാവ്.

2002ല്‍ തുടങ്ങിവച്ച പ്രവാസി ഭാരതീയ ദിവാസ് ആഘോഷങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായ് എല്ലാ രണ്ടുവര്‍ഷത്തിലൊരിക്കലും വലിയ സമ്മേളനമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വച്ച് കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിപ്പോരുന്നു.

2015 വരെ എല്ലാ വര്‍ഷവും നടത്തിവന്നിരുന്ന പി ബി ഡി കണ്‍വെന്‍ഷന്‍ തുടര്‍ന്നിങ്ങോട്ട് രണ്ടു വര്‍ഷത്തിലൊരിക്കലാക്കുകയായിരുന്നു. പി ബി ഡിയുടെ 2025ലെ പതിനെട്ടാമത് എഡിഷന്‍ ഇത്തവണ ജനുവരി എട്ടു മുതല്‍ 10 വരെ ഒഡീഷയിലെ ഭുബനേശ്വറില്‍ നടക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജനുവരി ഒന്‍പതിന് ഔദ്യോഗികമായി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. പ്രവാസി ഭാരതീയര്‍ക്ക് വേണ്ടി പ്രവാസി ഭാരതീയ എക്‌സ്പ്രസ്സ് എന്ന് പേരിട്ട ടൂറിസ്റ്റ് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഒഫ് ചെയ്യും.

ഡല്‍ഹി നിസ്സാമുദ്ദീനില്‍ നിന്നും പുറപ്പെടുന്ന പ്രസ്തുത ട്രെയിന്‍ പ്രവാസികള്‍ക്കായി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്യും. മൂന്നാഴ്ചക്കാലം യാത്ര തുടരുന്ന ഈ ടൂറിസ്റ്റ് ട്രെയിന്‍ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങള്‍ വഴിയും സഞ്ചരിക്കും.

2025ലെ പി ബി ഡി കണ്‍വെന്‍ഷനിലെ പ്രധാന തീം ‘വികസിത ഭാരത്തിന് പ്രവാസികളുടെ പങ്ക്’ എന്നതാണ്. ഒന്നാം ദിവസം പ്രവാസി യുവജനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. പ്ലീനറി സെഷനില്‍ ‘ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്തില്‍ പ്രവാസി യുവജന നേതൃത്വം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.

അതിരുകള്‍ ഭേദിച്ചുള്ള ബന്ധങ്ങള്‍: പ്രവാസികളുടെ വൈദഗ്ധ്യത്തിന്റെ കഥകള്‍, ‘സുസ്ഥിര വികസനത്തിന് പ്രവാസികളുടെ പങ്ക്’, നാരീ ശക്തി: വനിതാ നേതൃത്വവും, സ്വാധീനവും’, ‘സംസ്‌കാരത്തിന്റേയും ബന്ധങ്ങളുടേയും സ്വന്തതാ ബോധത്തിന്റേയും പ്രവാസികള്‍ക്ക് പറയാനുള്ള കഥകള്‍’ തുടങ്ങി അഞ്ചു പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പാനല്‍ ചര്‍ച്ചകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനിലെ പ്ലീനറി സമ്മേളനങ്ങളില്‍ നടക്കുന്നത്.

പ്രമുഖരായ പ്രവാസികാര്യ വിദഗ്ധരാണ് ചര്‍ച്ചകള്‍ നയിക്കുന്നത്.

പ്രവാസി സമ്മാന്‍ അവാര്‍ഡുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പ്രവാസ ഭൂമിയിലെ വിശിഷ്ട സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും പ്രവാസികള്‍ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണ് പ്രവാസി സമ്മാന്‍ അവാര്‍ഡുകള്‍. വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യവും ,പ്രാഗത്ഭ്യവും തെളിയിച്ച പ്രവാസി ഭാരതീയരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന ഈ അവാര്‍ഡുകള്‍ ഇത്തവണ ആകെ 27 പേര്‍ക്കാണ് സമ്മാനിക്കുന്നത്.

ഗള്‍ഫ് മേഖലയുള്‍പ്പെടെ മധ്യപൂര്‍വ്വ ദേശത്ത് നിന്ന് രണ്ടു അവര്‍ഡ് ജേതാക്കളുടെ പേരുകളാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദ് (സൗദി അറേബ്യ- മെഡിസിന്‍), ശ്രീ രാമകൃഷ്ണ ശിവസ്വാമി അയ്യര്‍ (യു എ ഇ- ബിസിനസ്).

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പണിയെടുത്ത് ജീവിക്കുന്ന ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള പ്രാതിനിധ്യമായിരിക്കും ഇത്തവണയും എണ്ണത്തില്‍ കൂടുതലെന്ന് അനുമാനിക്കുന്നു. പൗരന്റെ ഭരണഘടനാവകാശമായ വോട്ടവകാശം വിദേശ ഇന്ത്യക്കാര്‍ക്ക് നിഷേധിക്കുന്ന നിലപാടിനെതിരെ ഇത്തവണയും ശബ്ദമുണ്ടാകില്ല എന്നാണ് പരക്കെയുള്ള വിശ്വാസം.

ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് അമിതമായി ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിനെതിരെയുള്ള പരാതിക്ക് പ്രവാസത്തോളം തന്നെ പഴക്കമുണ്ട്. അപരിഹാര്യമായി തുടരുന്ന ഈ പ്രതിഭാസത്തിന് അറുതിയുണ്ടാവുമോ?

പ്രവാസികള്‍ക്ക് വേണ്ടി കാബിനറ്റ് പദവിയോടെ യു പി എ സര്‍ക്കാര്‍ രൂപം കൊടുത്ത കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രാലയം പുന:സ്ഥാപിക്കാനുള്ള നടപടി പ്രവാസികള്‍ക്കുള്ള പുതുവത്സര സമ്മാനമായി പ്രഖ്യാപിക്കുമൊ കേന്ദ്ര സര്‍ക്കാര്‍.

പ്രവാസികള്‍ കാലങ്ങളായി നേരിടുന്ന നിരവധിയായ പ്രധാന പ്രശ്‌നങ്ങള്‍ കണ്‍വെന്‍ഷനില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പങ്കെടുക്കുന്ന പ്രതിനിധികള്‍ അവതരിപ്പിച്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി പരിഹാരങ്ങള്‍ക്ക് വഴിതുറക്കുമെന്ന് പ്രവാസ സമൂഹം പ്രതീക്ഷിക്കുന്നു.

Advertisement

പ്രവാസികളായ ഭാരതീയര്‍ പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലുള്ള വളരെ വലിയ പ്രവാസ സമൂഹം പ്രതീക്ഷകളോടെ നോക്കികാണുന്ന ഈ പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷനില്‍ മേല്‍ വിവരിച്ച പ്രധാന ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രവാസ സമൂഹം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

error: Content is protected !!