
ആലുവ: കേരള പൊതുരേഖാബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് 1914-ല്‍ സ്ഥാപിതമായ ആലുവയിലെ എസ് എന്‍ ഡി പി സ്‌കൂളില്‍ മഹാകവികുമാരനാശാന്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന പടിപ്പുര മാളിക എന്നൊരു കെട്ടിടം ഉണ്ടെന്നും ഈ കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണെന്നും ആയതിനാല്‍ ഈ കെട്ടിടം സാംസ്‌കാരിക വകുപ്പോ പുരാവസ്തുവകുപ്പോ ആവശ്യമായ സാമ്പത്തികം അനുവദിച്ച് വേണ്ട പരിഗണന നല്കി സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കണം എന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടു.

മഹാകവികുമാരനാശാനെപ്പോലുള്ള മഹത്വ്യക്തികളെ ഓര്‍ക്കുവാനും വരും തലമുറക്ക് ഇവരെകുറിച്ച് മനസ്സിലാക്കുവാനും ഇവര്‍ താമസിച്ചിരുന്ന പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നും എം എല്‍ എ ചോദിച്ചു.

ഇതില്‍ സന്ദേഹമില്ല എന്നും എം എല്‍ എ പറഞ്ഞ കുമാരനാശാന്‍ താമസിച്ചിരുന്ന എസ് എന്‍ ഡി പി സ്‌കൂളിലെ പടിപ്പുര മാളിക സംരക്ഷിക്കുന്ന വിഷയം പ്രത്യേകം പരിഗണിക്കുന്നതാണെന്നും ഇതുപോലുള്ള നിരവധി വിഷയങ്ങള്‍ നാട്ടില്‍ പുറങ്ങളില്‍ വളരെയധികം ഉണ്ടെന്നും എന്നാല്‍ അതിന്റെ പ്രാധാന്യത്തോടും പ്രസക്തിയോടും കൂടി ഉണ്ടെന്നു പറഞ്ഞ് സമീപിക്കുന്ന പ്രവണതകുറഞ്ഞു വരികയാണെന്നും സഭയില്‍ പറഞ്ഞത് നല്ലതാണെന്നും അത് ശ്രദ്ധിച്ചുവെന്നും അതിനു പരിഹാരം കാണാമെന്നും എം എല്‍ എയുടെ ചോദ്യത്തിന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മറുപടി നല്‍കി.
