നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണം: പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈന്‍

Web Desk
2 Min Read

മനാമ: പ്രവാസികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ‘നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ്’ പദ്ധതിയില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ വരുത്തിയ വന്‍ പ്രീമിയം വര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈന്‍ ആക്ടിങ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വെന്നിയൂരും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കോട്ടയവും പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുറഞ്ഞ പ്രീമിയത്തില്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതി ഇപ്പോഴത്തെ നിരക്ക് വര്‍ധനയോടെ സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.

city exchange

പ്രായഭേദമന്യേ ഫ്‌ളാറ്റ് പ്രീമിയ നിരക്ക് എന്നതായിരുന്നു നോര്‍ക്ക കെയറിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ പ്രായത്തിനനുസരിച്ച് വിവിധ സ്ലാബുകള്‍ തിരിച്ച് ഉയര്‍ന്ന പ്രീമിയം ഈടാക്കുന്നത് സര്‍ക്കാറിന്റെ തന്നെ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ ഇന്‍ഷൂറന്‍സിന് പ്രായപരിധിയില്ലാതെ 13,411 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ ഇരട്ടിയിലധികം നല്‍കേണ്ട അവസ്ഥയാണുള്ളത്.

ഒക്ടോബര്‍ 31ന് കാലാവധി അവസാനിക്കുന്ന നിലവിലുള്ള പോളിസി ഉടമകള്‍ക്ക് പഴയ പ്രീമിയത്തില്‍ തന്നെ പോളിസി പുതുക്കാന്‍ അവസരമൊരുക്കണം. സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഴുവന്‍ പോളിസി ഉടമകള്‍ക്കും പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുക സാധ്യമല്ല. അതിനാല്‍, നിലവിലെ പോളിസികളുടെ തുടര്‍ച്ചയ്ക്കും ആനുകൂല്യങ്ങള്‍ക്കും തടസ്സമില്ലാത്ത രീതിയില്‍ ന്യായമായ കാലാവധി അനുവദിക്കണം. ഈ ഗ്രേസ് പീരിയഡ് കാലയളവില്‍ ചികിത്സാ പരിരക്ഷ ലഭ്യമാകുമോ എന്ന കാര്യത്തില്‍ നോര്‍ക്ക റൂട്ട്‌സും ഇന്‍ഷൂറന്‍സ് കമ്പനിയും വ്യക്തമായ രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്നും പ്രവാസി വെല്‍ഫെയര്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പിന്തുണയുള്ള ക്ഷേമപദ്ധതിയില്‍ വിശ്വസിച്ച് മുന്‍പുണ്ടായിരുന്ന സ്വകാര്യ ഇന്‍ഷുറന്‍സുകള്‍ ഉപേക്ഷിച്ച് നോര്‍ക്ക പദ്ധതിയില്‍ ചേര്‍ന്ന പ്രവാസികളുടെ ചികിത്സാസുരക്ഷ ഉറപ്പാക്കാന്‍ കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭക്കൊതിക്ക് മുന്നില്‍ അട്ടിമറിക്കരുത്. ഉയര്‍ന്ന പ്രീമിയം താങ്ങാനാവാതെയും പഴയ സ്വകാര്യ പോളിസികളിലേക്ക് മുന്‍ വ്യവസ്ഥകളോടെ തിരിച്ചുപോകാന്‍ സാധിക്കാതെയും ഇവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. അന്യായമായ ഈ നിരക്ക് വര്‍ധനയ്‌ക്കെതിരെ മുഴുവന്‍ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!