ബഹ്റൈനില്‍ ‘പിങ്ക് ഡ്രൈവ്’ ക്യാമ്പയിന് തുടക്കം; സ്തനാര്‍ബുദ പരിശോധന സൗജന്യം

Web Desk
2 Min Read

മനാമ: സ്തനാര്‍ബുദ ബോധവത്ക്കരണ മാസത്തോടനുബന്ധിച്ച് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പും മോട്ടോര്‍ സിറ്റി ബഹ്റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പിങ്ക് ഡ്രൈവ്’ ക്യാമ്പയിന് തുടക്കമായി.

city exchange

സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക, സ്ത്രീകള്‍ക്ക് പ്രതിരോധ ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മുഹറഖിലെ അല്‍ ഹിലാല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങിലാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്.

അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശരത് ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ബിസിനസ് ആന്‍ഡ് സ്ട്രാറ്റജി ആസിഫ് മുഹമ്മദ്, ഫിനാന്‍സ് മാനേജര്‍ സി എ സഹല്‍ ജമാലുദ്ദീന്‍, ഗ്രൂപ്പ് ക്വാളിറ്റി മാനേജരും മുഹറഖ് ബ്രാഞ്ച് മേധാവിയുമായ ഫ്രാങ്കോ ഫ്രാന്‍സിസ്, മുഹറഖ് ബ്രാഞ്ച് മാര്‍ക്കറ്റിങ് മേധാവി മുനാവിര്‍ ഫൈറൂസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മോട്ടോര്‍ സിറ്റി ബഹ്റൈനെ പ്രതിനിധീകരിച്ച് അരുണ്‍ ഗണേഷ് കുമാര്‍, മനോജ് പിള്ള, അമ്‌ജേഷ് അശോകന്‍, ഷെലിന്‍ ചാക്കോ, മെഷാല്‍ റജബ് എന്നിവരും സംബന്ധിച്ചു.

- Advertisement -
Ad image

സ്തനാര്‍ബുദ ചികിത്സയില്‍ രോഗനിര്‍ണയം നേരത്തെയാകുന്നതിന്റെ പ്രാധാന്യം ഡോ. ശരത് ചന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കുടുംബത്തിന് മുന്‍ഗണന നല്‍കുന്നതിനിടെ പല സ്ത്രീകളും പരിശോധനകള്‍ വൈകിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും സാമ്പത്തിക ചെലവ് പരിശോധനയ്ക്ക് തടസ്സമാകാതിരിക്കുകയാണ് പിങ്ക് ഡ്രൈവിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്ക്കരണത്തോടൊപ്പം സൗജന്യ പരിശോധനയും ലഭ്യമാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് ആവശ്യമായ ആരോഗ്യപരിശോധനകള്‍ക്ക് ഉടന്‍ മുന്നോട്ടുവരാന്‍ സാധിക്കുമെന്ന് ആസിഫ് മുഹമ്മദ് വ്യക്തമാക്കി.

സൗജന്യ പരിശോധനകള്‍ കുടുംബങ്ങള്‍ക്ക് വൈകിയുള്ള രോഗനിര്‍ണയത്തെ തുടര്‍ന്നുണ്ടാകാവുന്ന വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുള്ള നിക്ഷേപമാണെന്ന് സി എ സഹല്‍ ജമാലുദ്ദീന്‍ അഭിപ്രായപ്പെട്ടു.

അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിലെ സ്‌പെഷ്യലിസ്റ്റ് ജനറല്‍ സര്‍ജന്‍ ഡോ. നുസ്രത്ത് ജബീന്‍ സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. നേരത്തെയുള്ള രോഗനിര്‍ണയം, കൃത്യമായ ഇടവേളകളിലുള്ള പരിശോധനകള്‍, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമയബന്ധിതമായി ഡോക്ടറുടെ സേവനം തേടല്‍ എന്നിവയുടെ പ്രാധാന്യം അവര്‍ വിശദീകരിച്ചു.

മോട്ടോര്‍ സിറ്റി ബഹ്റൈന്‍ ജനറല്‍ മാനേജര്‍ അരുണ്‍ ഗണേഷ് കുമാര്‍, സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ബോധവത്ക്കരണത്തിനും പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. അല്‍ ഹിലാലുമായുള്ള സഹകരണം ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പയിന്റെ ഭാഗമായി പങ്കെടുക്കുന്നവര്‍ക്ക് സ്തനാര്‍ബുദ പരിശോധന സൗജന്യമായി ലഭിക്കും. വൈദ്യപരിശോധനയുടെ അടിസ്ഥാനത്തില്‍ ആവശ്യമുള്ളവര്‍ക്ക് മാമോഗ്രാം, ബ്രെസ്റ്റ് അള്‍ട്രാസൗണ്ട് പരിശോധനകളും സൗജന്യമായി നല്‍കും. പരിശോധനകളുടെ ചെലവ് കുറച്ച് സ്ത്രീകളെ ആരോഗ്യപരിശോധനകള്‍ക്ക് പ്രോത്സാഹിപ്പിക്കുകയും രോഗനിര്‍ണയം വൈകുന്നത് ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അല്‍ ഹിലാല്‍ ആശുപത്രിയിലെ ബോള്‍റൂമില്‍ നടന്ന ചടങ്ങില്‍ സ്വാഗതപ്രസംഗവും ക്യാമ്പയിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന അവതരണവും നടന്നു. തുടര്‍ന്ന് പ്രമുഖരുടെ പ്രസംഗങ്ങള്‍, ആദരിക്കല്‍ ചടങ്ങ്, പങ്കാളിത്തത്തിന്റെ സ്മരണയ്ക്കായി ഫലകങ്ങള്‍ കൈമാറല്‍ എന്നിവയും സംഘടിപ്പിച്ചു. അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെയും മോട്ടോര്‍ സിറ്റി ബഹ്റൈന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് പിങ്ക് ഡ്രൈവ് ക്യാമ്പയിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.

ബഹ്റൈനിലുടനീളം 11 ശാഖകളുള്ള അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് പൊതുജനാരോഗ്യ ബോധവത്ക്കരണവും ആരോഗ്യസേവനങ്ങളുടെ ലഭ്യതയും വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!